ഇസ്‌ലാമാബാദ്: രഹസ്യമായി ആണവായുധ പരീക്ഷണം നടത്തുന്നുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിന്റെ അവകാശ വാദം തള്ളി പാകിസ്ഥാന്‍. ആണവ പരീക്ഷണം നടത്തിയ ആദ്യ രാജ്യമല്ല പാകിസ്ഥാനെന്നും ഇനി അത് പുനരാരംഭിക്കില്ലെന്നും പാകിസ്ഥാന്‍ പറഞ്ഞു.
സമഗ്ര പരീക്ഷണ നിരോധന ഉടമ്പടിയില്‍ (സി.ടി.ബി.ടി) ഒപ്പുവെച്ചിട്ടുണ്ടെങ്കിലും പരീക്ഷണത്തിന് യൂണിലേറ്ററര്‍ മൊറട്ടോറിയം പാലിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പാകിസ്ഥാന്‍ സുരാക്ഷാ ഉദ്യോഗസ്ഥന്‍ സി.ബി.എസ് ന്യൂസിനോാട് പറഞ്ഞു.
റഷ്യ, ചൈന, ഉത്തരകൊറിയ, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ രഹസ്യ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നത് തുടരുകയാണെന്നും അതേസമയം മൂന്ന് പതിറ്റാണ്ടിലേറെയായി യു.എസ് അതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും ട്രംപ് വാദിച്ചിരുന്നു. ഇതാദ്യമായാണ് ട്രംപ് പാകിസ്ഥാന്‍ ആണവ പരീക്ഷണം തുടരുന്നുണ്ടെന്ന് നേരിട്ട് ആരോപിക്കുന്നത്.
‘ഉത്തര കൊറിയ പരീക്ഷണം നടത്തുന്നുണ്ട്. റഷ്യയും ചൈനയും അവരുടെ ആണവ ശേഖരം അതിവേഗത്തിലാണ് വളര്‍ത്തിയെടുക്കുന്നത്. ആണവായുധങ്ങള്‍ വളരെ സജീവമായി പരീക്ഷിക്കുന്ന രാജ്യങ്ങളില്‍ പാകിസ്ഥാനും ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കും പരീക്ഷിക്കേണ്ടി വരും,’ ട്രംപ് സി.ബി.എസിനോട് പറഞ്ഞു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ റഷ്യയുടെയും ചൈനയുടെയും ആണവായുധ ശേഖരം യു.എസിന് തുല്യമാകുമെന്നെന്നും അതിനാല്‍ യു.എസിന്റെ ആണവായുധ പരീക്ഷണം ഉടന്‍ ആരംഭിക്കാന്‍ യുദ്ധവകുപ്പിന് നിര്‍ദേശം നല്‍കിയതായും ട്രംപ് പറഞ്ഞിരുന്നു. സി.ബി.എസ് വാര്‍ത്താ ചാനലിന്റെ 60 മിനിറ്റ്സ് എന്ന ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ-പാക് ബന്ധം വഷളായി തുടരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്‍ ആണവ പരീക്ഷണം നടത്തുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ നല്‍കാന്‍ ട്രംപ് തയ്യാറായിട്ടില്ല.
റഷ്യയുടെ കൈവശം ധാരാളം ആണവായുധങ്ങളുണ്ട്. ചൈനയുടെ പക്കലുമുണ്ടാകാം. എന്നാല്‍ ലോകത്തെ 150 തവണ തകര്‍ക്കാന്‍ ആവശ്യമായ ആണവ ശേഖരമാണ് യു.എസിനുള്ളതെന്നും ട്രംപ് അവകാശപ്പെട്ടു.