[] ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാനപ്രതി ഹാഫിസ് സെയ്ദിനെ ഇന്ത്യയ്ക്ക് കൈമാറില്ലെന്ന് പാകിസ്ഥാന്‍. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പാകിസ്ഥാനില്‍ വെച്ച് തന്നെ ശിക്ഷാനടപടിയെടുക്കുമെന്നും നവാസ് ഷെറീഫുമായി അടുപ്പമുള്ള താരിഖ് അസീംഖാന്‍ വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സെയ്ദിനെ ഇന്ത്യയ്ക്ക് വിട്ട് നല്‍കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഹാഫിസ് സെയ്ദിനെ ഇന്ത്യക്ക് കൈമാറില്ലെന്നാണ് താരിഖ് അസീംഖാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹാഫിസ് സെയ്ദിനെ പാകിസ്ഥാനില്‍ വിചാരണ ചെയ്തിട്ടുള്ളതാണ്. അന്നൊന്നും ഹാഫിസ് സെയ്ദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഹാഫിസ് സെയ്ദിനെ ഇന്ത്യയ്ക്ക് വിട്ട് നല്‍കാനാകില്ല- അദ്ദേഹം വ്യക്തമാക്കി.
കേസിലെ മറ്റ് പ്രതികളുടെ വിചാരണ ആവശ്യമെങ്കില്‍ പാക്കിസ്ഥാനില്‍ നടത്താമെന്നും ദാവൂദ് ഇബ്രാഹിംപാക്കിസ്ഥാനില്‍ ഇല്ലെന്നും താരിഖ് അസീംഖാന്‍ വ്യക്തമാക്കി. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടത്തിയ നിര്‍ണായക നയതന്ത്ര നീക്കമെന്നാണ് ഇന്ത്യ-പാക് ഉഭയകക്ഷി ചര്‍ച്ചയെ വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ പിന്നോട്ടടിപ്പിക്കുന്നതാണ് ഇപ്പോഴുള്ള പാക് നിലപാട്.
ഇന്ത്യയ്‌ക്കെതിരായ ഭീകരവാദം അമര്‍ച്ചചെയ്യാമെന്ന ഉറപ്പ് പാക്കിസ്ഥാന്‍ പാലിക്കണമെന്നും 2008ലെ മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനിലുള്ള പ്രതികളെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന നടപടി വേഗത്തിലാക്കണമെന്നും നരേന്ദ്ര മോദി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടിരുന്നു. മോദിയുമായുള്ള കൂടികാഴ്ച ക്രിയാത്മകമായിരുന്നെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും നവാസ് ഷെരീഫ് പറഞ്ഞിരുന്നു.