| Monday, 6th October 2025, 3:26 pm

റൈവല്‍റിയോ, എന്ത് റൈവല്‍റി! ആണ്‍-പെണ്‍ ടീമുകള്‍ ചേര്‍ന്ന് 13 മത്സരം, വിജയം വട്ടപ്പൂജ്യം

സ്പോര്‍ട്സ് ഡെസ്‌ക്

രണ്ട് ടീമുകള്‍ തമ്മില്‍ 15 മത്സരങ്ങളോളം കളിച്ച് ഒരു ടീം എട്ട് വിജയവും മറ്റൊരാള്‍ ഏഴ് വിജയവുമെല്ലാം നേടുകയാണെങ്കില്‍ അതിനെ റൈവല്‍റിയെന്ന് വിളിക്കാം. എന്നാല്‍ 11 മത്സരം കളിച്ചിട്ടും ഒന്നുപോലും വിജയിക്കാത്ത ടീമിനെതിരെയുള്ള മത്സരത്തെ ഒരിക്കലും റൈവല്‍റിയെന്ന് വിളിക്കാന്‍ സാധിക്കില്ല. ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തെ കുറിച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞ വാക്കുകളാണിത്.

ലോക ക്രിക്കറ്റിലെ പണംവാരി മത്സരങ്ങളില്‍ ഒന്നാമതെന്നും ഏറ്റവും മികച്ച റൈവല്‍റിയെന്നും വാഴ്ത്തുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ ഇപ്പോള്‍ വണ്‍ സൈഡ് മാച്ചുകളാണ്. പ്രൈം പാകിസ്ഥാന് പലപ്പോഴായി ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ആ പാകിസ്ഥാന്റെ നിഴല്‍ പോലും എവിടെയും കാണാനാകില്ല.

എന്നാല്‍ ആ പ്രൈം പാകിസ്ഥാനും ഇന്ത്യയെ ഏകദിന ലോകകപ്പുകളില്‍ മുട്ടുകുത്തിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. കളിച്ച എട്ട് മത്സരത്തില്‍ എട്ടിലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. 1992, 2003, 2015, 2023 ലോകകപ്പുകളില്‍ പാകിസ്ഥാനെ ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെടുത്തിയ ഇന്ത്യ, 1996ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും 1999ല്‍ സൂപ്പര്‍ സിക്‌സിലും 2011ല്‍ സെമി ഫൈനലിലും പരാജയപ്പെടുത്തി.

ഇന്ത്യ ആതിഥേരായ 2023 ലോകകപ്പിലാണ് ഈ ഹെഡ് ടു ഹെഡിലെ അവസാന മത്സരം അരങ്ങേറിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സിന്റെ വിജയലക്ഷ്യം 117 പന്തും ഏഴ് വിക്കറ്റും ശേഷിക്കവെ ഇന്ത്യ മറികടക്കുകയായിരുന്നു.

സമാനമാണ് വനിതാ ടീമിന്റെ അവസ്ഥയും. ഏകദിന ലോകകപ്പ് വേദിയില്‍ അഞ്ച് തവണ ഇരുവരും ഏറ്റുമുട്ടി. ഫലമോ അഞ്ചിലും വിജയം ഇന്ത്യയ്‌ക്കൊപ്പം.

2009ല്‍ പത്ത് വിക്കറ്റിന് വിജയിച്ചുതുടങ്ങിയ യാത്ര, 2013ഉം 2017ഉം 2022ഉം കടന്ന് ഇപ്പോള്‍ 2025ലെത്തി നില്‍ക്കുകയാണ്.

കഴിഞ്ഞ ദിവസം കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 88 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് 159 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

വണ്‍ ഡൗണ്‍ ആയി ഇറങ്ങിയ സിദ്ര അമിന്റെ കരുത്തില്‍ പാകിസ്ഥാന്‍ ചെറുത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. യുവതാരം ക്രാന്തി ഗൗഡിന്റെയും പരിചയസമ്പന്നയായ ദീപ്തി ശര്‍മയുടെയും കരുത്തില്‍ ഇന്ത്യ വിജയം പിടിച്ചടക്കുകയായിരുന്നു.

Content highlight: Pakistan never defeated India in a ICC World Cup match

Latest Stories

We use cookies to give you the best possible experience. Learn more