ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 213 റണ്‍സിന്റെ വിജയലക്ഷ്യവുമായി പാകിസ്ഥാന്‍. പല്ലേക്കലെയില്‍ നടക്കുന്ന മത്സരത്തില്‍ ഓപ്പണര്‍മാരായ സാഹിബ്‌സാദ ഫര്‍ഹാന്റെയും ഫഖര്‍ സമാന്റെയും കരുത്തിലാണ് പാകിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ഫര്‍ഹാന്‍ സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ഫഖര്‍ സമാന്‍ അര്‍ധ സെഞ്ച്വറിയുമായി മികച്ച പിന്തുണ നല്‍കി.
ലോകകപ്പിന്റെ സെമി ഫൈനല്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ കളത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡ് ഇംഗ്ലണ്ടിനോട് തോറ്റതോടെ കിവികളുടെ നെറ്റ് റണ്‍ റേറ്റ് മറികടക്കുന്ന വിജയം സ്വന്തമാക്കിയാല്‍ പാകിസ്ഥാന്‍ ഗ്രൂപ്പ് 2ല്‍ നിന്നും സെമിയില്‍ പ്രവേശിക്കുന്ന രണ്ടാമത് ടീമാകാം.
അതിനായി ശ്രീലങ്കയെ 65 റണ്‍സിന് തോല്‍പ്പിക്കുകയെന്ന കടമ്പയാണ് പാകിസ്ഥാന്റെ മുമ്പിലുള്ളത്. അതായത് ശ്രീലങ്ക 147 റണ്‍സിലധികം നേടിയാല്‍ പാകിസ്ഥാന്റെ സെമി മോഹം മത്സരഫലത്തിന് മുമ്പ് തന്നെ അവസാനിക്കും.
ബാറ്റര്‍മാര്‍ തങ്ങളുടെ റോള്‍ ഗംഭീരമാക്കിയെങ്കിലും ബൗളര്‍മാരുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും പാകിസ്ഥാന്റെ വിധി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍മാര്‍ ചേര്‍ന്ന് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 176 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് സമാന്‍ – ഫര്‍ഹാന്‍ ദ്വയം പല്ലേക്കലയില്‍ വെടിക്കെട്ട് തീര്‍ത്തത്.
42 പന്തില്‍ 84 റണ്‍സ് നേടിയ ഫഖര്‍ സമാനെ പുറത്താക്കി ദുഷ്മന്ത ചമീരയാണ് കൂട്ടുകെട്ട് പൊളിച്ചത്. നാല് സിക്‌സറും ഒമ്പത് ഫോറും അടക്കം 200.00 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
പിന്നാലെയെത്തിയവരെല്ലാം നിരാശപ്പെടുത്തിയെങ്കിലും ഫര്‍ഹാന്‍ മറുവശത്ത് ഉറച്ചുനിന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം കളം വിട്ടത്.
60 പന്തില്‍ അഞ്ച് സിക്‌സറിന്റെയും ഒമ്പത് ഫോറിന്റെയും അകമ്പടിയോടെ നൂറ് റണ്‍സാണ് താരം നേടിയത്.
ഇവര്‍ക്ക് പുറമെ മറ്റൊരു പാക് താരവും ഇരട്ടയക്കം കണ്ടില്ല. ഒടുവില്‍ 212 എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ശ്രീലങ്കയ്ക്കായി ദല്‍ഷന്‍ മധുശങ്ക മൂന്ന് വിക്കറ്റും ക്യാപ്റ്റന്‍ ദാസുന്‍ ഷണക രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ട് താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ ദുഷ്മന്ത ചമീരയാണ് ശേഷിച്ച വിക്കറ്റെടുത്തത്.
Content highlight: Pakistan need to restrict Sri Lanka in 147 to qualify for the semi final of 2026 T20 World Cup