ട്രൈ സീരീസിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 39 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യു.എ.ഇ എന്നിവര്‍ അടങ്ങുന്ന സീരീസിലെ ആദ്യ മത്സരം ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലായിരുന്നു നടന്നത്.
മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ ഫീല്‍ഡിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് പാകിസ്ഥാന്‍ അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ 143 റണ്‍സ് മാത്രമാണ് അഫ്ഗാനിസ്ഥാന് നേടാന്‍ സാധിച്ചത്.
ഹാരിസ് റൗഫിന്റെ മികച്ച ബൗളിങ്ങിലാണ് അഫ്ഗാനിസ്ഥാന്‍ തകര്‍ന്നത്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഷഹീന്‍ അഫ്രിദി, മുഹമ്മദ് നവാസ്, സുഫിയാന്‍ മുഖീം എന്നിവര്‍ രണ്ടു വിക്കറ്റുകളും നേടി.
16 പന്തില്‍ അഞ്ച് സിക്‌സര്‍ ഉള്‍പ്പെടെ 39 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റാഷിദ് ഖാനാണ് അഫ്ഗാനിസ്ഥാന്‍ ടോപ് സ്‌കോറര്‍. റഹ്മാനുള്ള ഗുര്‍ബാസ് 38 റണ്‍സ് നേടിയിരുന്നു. മറ്റാര്‍ക്കും തന്നെ ഭേദപ്പെട്ട സ്‌കോറിലെത്താന്‍ സാധിച്ചിരുന്നില്ല.
അതേസമയം പാകിസ്ഥാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയാണ്. പുറത്താക്കാതെ 36 പന്തില്‍ നിന്ന് മൂന്നു വീതം സിക്‌സും ഫോറും നേടി 53 റണ്‍സാണ് താരം അടിച്ചെടുത്തത്. താരത്തിന് പുറമേ സഹിബ്‌സാദ് ഫര്‍ഹാന്‍, മുഹമ്മദ് നവാസ് എന്നിവര്‍ 21 റണ്‍സ് വീതം നേടി.
അഫ്ഗാനിസ്ഥാന് വേണ്ടി ഫരീദ് അഹമ്മദ് രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ മുജീബ് ഉര്‍ റഹ്മാന്‍, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.അതേസമയം പരമ്പരയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ യു.എ.ഇയെ നേരിടും. രാത്രി 8:30നാണ് മത്സരം.