കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി പ്രവിശ്യയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ചുരുങ്ങിയത് പത്ത് സിവിലിയന്‍മാര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 12ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രണ്ട് ദിവസം മുമ്പ് കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടായിരുന്നു പാകിസ്ഥാന്റെ ആക്രമണം.
പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് താലിബാന്‍ വക്താവ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.
‘പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ആക്രമണം നടത്തി. പാക്ടിക്കയിലെ മൂന്നിടങ്ങളില്‍ ബോംബാക്രണം നടത്തി. അഫ്ഗാന്‍ തീര്‍ച്ചയായും തിരിച്ചടിക്കും,’ പേര് വെളിപ്പെടുത്താത്ത ഉന്നത താലിബാന്‍ ഉദ്യോഗസ്ഥന്‍ എ.എഫ്.പിയോട് പറഞ്ഞു.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുണ്ടായിരുന്ന രണ്ട് ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ വെടിനിര്‍ത്തലിന്റെ സമയപരിധി അവസാനിക്കും മുമ്പാണ് പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തിയത്.
ഖത്തര്‍, സൗദി രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് രണ്ട് ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഒക്ടോബര്‍ ഒമ്പതിന് തെഹ്‌രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടി.ടി.പി) കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ കാബൂള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം നടത്തിയിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് കടന്നത്. ഈ സാഹചര്യത്തിലാണ് മധ്യസ്ഥ ചര്‍ച്ചകളിലൂടെ രണ്ട് ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ കൊണ്ടുവന്നത്.
കാബൂള്‍ ഇന്ത്യയുടെ പ്രതിനിധിയെന്നോണമാണ് പ്രവര്‍ത്തിക്കുന്നതെന്നും പാകിസ്ഥാനെതിരെ ഗൂഢാലോചന നടത്തുന്നതായും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ആരോപിച്ചിരുന്നു.
‘ഇനി സമാധാനത്തിനുള്ള അഭ്യര്‍ത്ഥനകളോ മറ്റുമായി രാഷ്ട്രീയ-നയതന്ത്ര ഇടപെടലുകളെ കാണാന്‍ സാധിക്കില്ല. കാബൂളിലേക്ക് ഞങ്ങള്‍ പ്രതിനിധികളെ അയക്കുകയുമില്ല. ഭീകരതയുടെ ഉറവിടം എവിടെ തന്നെയായാലും അതിന് വലിയ വില കൊടുക്കേണ്ടി വരും,’ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പാക് പ്രതിരോധമന്ത്രി എഴുതി.
നേരത്തെ, പാകിസ്ഥാന്‍ ആദ്യം ആക്രമിക്കാത്തിടത്തോളം ആക്രമണം നടത്തരുതെന്ന് തങ്ങളുടെ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞിരുന്നു.
‘അവര്‍ അങ്ങനെ ചെയ്താല്‍, ഞങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാനുള്ള എല്ലാ അവകാശങ്ങശും ഞങ്ങള്‍ക്കുണ്ട്,’ അഫ്ഗാന്‍ ടെലിവിഷന്‍ ചാനലിന് അയച്ച സന്ദേശത്തില്‍ സബിഹുള്ള പറഞ്ഞു.
താലിബാന്‍ മന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ആക്രമണം വര്‍ധിച്ചതെന്നതും ശ്രദ്ധേയമാണ്.
Content Highlight: Pakistan lashed airstrike on Afghanistan, 10 civilians killed, Kabul says will ‘retaliate’