| Friday, 5th June 2026, 4:00 pm

14 വര്‍ഷമായിട്ടും ഓസീസിന് തടുക്കാനാകാത്ത പച്ചപ്പട; സീരീസ് ഡിസൈഡറില്‍ തൂക്കിയത് വമ്പന്‍ റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തിലും വിജയിച്ച് ചാമ്പ്യന്‍മാരായി പാകിസ്ഥാന്‍. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് മെന്‍ ഇന്‍ ഗ്രീന്‍ വിജയിച്ചത്. 2-1 എന്ന നിലയിലാണ് പാകിസ്ഥാന്‍ പരമ്പര വിജയിച്ചത്. സീരീസ് ഡിസൈഡറില്‍ വിജയിച്ചതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും പാകിസ്ഥാന് സാധിച്ചിരിക്കുകയാണ്.

ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മില്‍ നടന്ന ഏകദിന സീരീസ് ഡിസൈഡറില്‍ ഏറ്റവും കൂടുതല്‍ വിജയിച്ച ടീം എന്ന നേട്ടത്തില്‍ കുതിക്കുകയാണ് പാകിസ്ഥാന്‍. 1988 മുതലുള്ള സീരീസ് ഡിസൈഡറില്‍ നിലവില്‍ അഞ്ചെണ്ണമാണ് പാകിസ്ഥാന്‍ വിജയിച്ചിരിക്കുന്നത്. എന്നാല്‍ 2012ല്‍ നടന്ന സീരീസ് ഡിസൈഡറില്‍ മാത്രമാണ് ഓസ്‌ട്രേലിയയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. 14 വര്‍ഷങ്ങള്‍ക്കിപ്പുറവും ഓസ്‌ട്രേലിയയ്ക്ക് പാകിസ്ഥാനെതിരെ സീരീസ് ഡിസൈഡറില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് എടുത്തുപറയേണ്ടതാണ്.

ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള സീരീസ് ഡിസൈഡറിലെ വിജയികള്‍

(വിജയി, വര്‍ഷം എന്ന ക്രമത്തില്‍)

പാകിസ്ഥാന്‍ – 1988

പാകിസ്ഥാന്‍ – 2002

ഓസ്‌ട്രേലിയ – 2012

പാകിസ്ഥാന്‍ – 2022

പാകിസ്ഥാന്‍ – 2024

പാകിസ്ഥാന്‍ – 2026

മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ 42 ഓവറില്‍ 157 റണ്‍സിന് ഓസീസിനെ പാകിസ്ഥാന്‍ ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയാണ് പാകിസ്ഥാന്‍ വിജയിച്ചത്. പാകിസ്ഥാന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ബാബര്‍ അസമാണ്. 40 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ 29 റണ്‍സ് നേടി ഷദബ് ഖാന്‍ പുറത്താകാതെ നിന്നിരുന്നു. ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി മാത്യു കുനേമാന്‍ മികവ് പുലര്‍ത്തി.

പാകിസ്ഥാന് – Photo: Outlook India

ഓസീസ് നിരയില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചത് ഓപ്പണര്‍ ജോഷ് ഇംഗ്ലിസിനാണ്. 71 പന്തില്‍ 65 റണ്‍സാണ് താരം നേടിയത്. മാര്‍നസ് ലബുഷാന്‍, അലക്സ് കാരി എന്നിവര്‍ 19 റണ്‍സ് വീതവും നേടിയിരുന്നു. അവസാന ഘട്ടത്തില്‍ ആദം സാംപ 10 റണ്‍സും കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഈ നാല് താരങ്ങള്‍ക്ക് മാത്രമേ ടീമിന് വേണ്ടി രണ്ടക്കം കാണാന്‍ സാധിച്ചിരുന്നുള്ളൂ.

മൂന്ന് വിക്കറ്റ് നേടി ഷഹീന്‍ അഫ്രീദി മിന്നും പ്രകടനമാണ് പാകിസ്ഥാന് വേണ്ടി കാഴ്ചവെച്ചത്. എന്നാല്‍ താരത്തിന് പുറമെ ഓസീസ് നിരയെ വിറപ്പിച്ചത് അബ്രാര്‍ അഹമ്മദിന്റെ കിടിലന്‍ ബൗളിങ്ങാണ്. 10 ഓവറില്‍ നിന്ന് രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് അബ്രാര്‍ നേടിയത്. 1.9 എന്ന കിടിലന്‍ എക്കോണമിയിലാണ് ഓസീസിനെതിരെ താരം പന്തെറിഞ്ഞത്. ഷദബ് ഖാന്‍ രണ്ട് വിക്കറ്റും ഹാരിസ് റൗഫ് ഒരു വിക്കറ്റും നേടി മികവ് പുലര്‍ത്തിയിരുന്നു.

Content Highlight: Pakistan In Great Record Achievement Against Australia In ODI Series Decider

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more