| Sunday, 4th May 2025, 7:41 am

ഇന്ത്യന്‍ കപ്പലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി പാകിസ്ഥാന്‍; നടപടി പാക് കപ്പലുകളെ കേന്ദ്രം നിരോധിച്ചതിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി പാകിസ്ഥാന്‍. ഇന്ത്യന്‍ കപ്പലുകളെ തങ്ങളുടെ തുറമുഖങ്ങളില്‍ പ്രവേശിക്കാനും നങ്കൂരമിടാനും അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചു.

സമുദ്രത്തിലെ പരമാധികാരം, സാമ്പത്തിക താത്പര്യം, ദേശീയ സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനായാണ് തീരുമാനമെന്ന് പാകിസ്ഥാന്‍ സമുദ്രകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശനം നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെയാണ് പാകിസ്ഥാന്റെ പ്രഖ്യാപനം. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം.

1958ലെ മര്‍ച്ചന്റ് ഷിപ്പിങ് ആക്ടിന്റെ സെക്ഷന്‍ 411 പ്രകാരമാണ് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനുപുറമെ പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്നാണ് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.

നേരത്തെ പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 200 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതോടെ പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി താരതമ്യേന കുറഞ്ഞിരുന്നു. പ്രധാനമായും ഓയില്‍ സീഡുകള്‍, പഴങ്ങള്‍ എന്നിവയാണ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

പഹല്‍ഗാം ആക്രമണത്തിന് ശേഷം സിന്ധു നദീജല കരാര്‍ റദ്ദാക്കിക്കൊണ്ടാണ് പാകിസ്ഥാനെതിരെ ഇന്ത്യ ആദ്യഘട്ട നടപടിയെടുത്തത്. നിലവില്‍ ഝലം അടക്കമുള്ള നദികളില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്.

ഇതിനിടെ പഹല്‍ഗാം ആക്രമണത്തില്‍ തന്റെ സര്‍ക്കാരിന് പങ്കുണ്ടെന്ന വാദത്തെ സാധൂകരിക്കാന്‍ ഇന്ത്യക്ക് ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആവര്‍ത്തിച്ചു. ഇന്ത്യ പ്രകോപനപരമായ നടപടികള്‍ സ്വീകരിക്കുമ്പോഴും ഉത്തരവാദിത്തത്തോടുകൂടിയാണ് പാക് ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ വസ്തുതകള്‍ കണ്ടെത്തുന്നതിനായി വിശ്വസനീയവും സുതാര്യവും നിഷ്പക്ഷവുമായ ഒരു അന്താരാഷ്ട്ര അന്വേഷണം പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

അന്താരാഷ്ട്ര അന്വേഷണവുമായി പാക് സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്നും അന്വേഷണത്തില്‍ തുര്‍ക്കി കക്ഷിചേരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഷെഹ്ബാസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Pakistan imposes ban on Indian ships; action follows Centre’s ban on Pakistani ships

We use cookies to give you the best possible experience. Learn more