| Saturday, 7th February 2026, 3:07 pm

നെതര്‍ലാന്‍ഡ്‌സിനോട് മുട്ട് വിറച്ച് മെന്‍ ഇന്‍ ഗ്രീന്‍; ഒടുക്കം ആദ്യ വിജയം

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ വിജയം സ്വന്തമാക്കി പാകിസ്ഥാന്‍. നെതര്‍ലാന്‍ഡ്‌സിന് എതിരെ മൂന്ന് വിക്കറ്റിനാണ് ടീമിന്റെ വിജയം. പാകിസ്ഥാനെ വിറപ്പിച്ചാണ് ഡച്ച് പട ആദ്യ മത്സരത്തില്‍ കീഴടങ്ങിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാന്‍ഡ്സ് 148 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തിയിരുന്നു. അനായാസ വിജയം സ്വപ്നം കണ്ട് ഇറങ്ങിയ ടീം വെള്ളം കുടിച്ചാണ് വിജയം സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാന്‍ഡ്സിന് സ്‌കോര്‍ ബോര്‍ഡിലേക്ക് 31 റണ്‍സ് ചേര്‍ത്തപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് ബാറ്റിങ്ങിനെത്തിയ ബാസ് ഡി ലീഡ്, കോളിന് അക്കര്‍മാന്‍, സ്‌കോട്ട് എഡ്വേഡ്‌സ് ഭേദപ്പെട്ട പ്രകടനം നടത്തിയതോടെ ടീമിന്റെ സ്‌കോര്‍ ഉയര്‍ന്നു.

എന്നാല്‍, എഡ്വേഡ്‌സ് (29 പന്തില്‍ 37), ലീഡ് (25 പന്തില്‍ 30), അക്കര്‍മാന്‍ (14 പന്തില്‍ 20) റണ്‍സെടുത്ത മടങ്ങി. പിന്നീട് മറ്റാര്‍ക്കും തിളങ്ങാനാവാതെ വന്നതോടെ ഒരു പന്ത് ബാക്കി നില്‍ക്കെ ടീമിന്റെ പോരാട്ടം അവസാനിച്ചു.

പാകിസ്ഥാനായി സല്‍മാന്‍ മിര്‍സ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അബ്രാര്‍ അഹമ്മദ്, സയീം അയ്യൂബ്, മുഹമ്മദ് നവാസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ഷഹീന്‍ ഷാ അഫ്രീദി ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന് 13 പന്തില്‍ 24 റണ്‍സെടുത്ത ഓപ്പണര്‍ സയീം അയൂബിനെ മൂന്നാം ഓവറില്‍ തന്നെ നഷ്ടമായി. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ 12 റണ്‍സെടുത്ത് മടങ്ങി.

അപ്പോഴെല്ലാം ക്രീസില്‍ ഉറച്ച് സാഹിബ്സാദ ഫര്‍ഹാന്‍ മികച്ച ബാറ്റിങ് നടത്തി. എന്നാല്‍ 31 പന്തില്‍ 47 റണ്‍സെടുത്ത് താരത്തിനും മടങ്ങേണ്ടി വന്നു. താരം മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 98 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. ഇതിലേക്ക് രണ്ട് ചേര്‍ത്തപ്പോഴേക്കും ടീമിന് ഉസ്മാന്‍ ഖാനെയും ബാബര്‍ അസമിനെയും നഷ്ടമായി.

പിന്നീട് ഈ സ്‌കോറിലേക്ക് 14 റണ്‍സ് ചേര്‍ത്തപ്പോഴേക്കും അടുത്ത രണ്ട് പേരും കൂടാരം കയറി. അതോടെ ഏഴിന് 114 റണ്‍സ് എന്ന നിലയിലേക്ക് പാകിസ്ഥാന്‍ കൂപ്പുകുത്തി. ഈയൊരു ഘട്ടത്തില്‍ നെതര്‍ലാന്‍ഡ്സ് അട്ടിമറി വിജയം നേടുമെന്ന പ്രതീതി ഉടലെടുത്തു.

എന്നാല്‍, എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഫഹീം അഷ്റഫ് – ഷഹീന്‍ അഫ്രീദി സഖ്യം തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഇരുവരും 34 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കേ വിജയിപ്പിച്ചു. ഫഹീം 11 പന്തില്‍ 29 റണ്‍സുമായും ഷഹീന്‍ ഒമ്പത് പന്തില്‍ അഞ്ച് റണ്‍സുമായും പുറത്താവാതെ നിന്നു.

നെതര്‍ലാന്‍ഡിന്‍സായി പോള്‍ വാന്‍ മീക്കറെനും ആര്യന്‍ ദത്തും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. റോളോഫ് വാന്‍ ഡെര്‍ മെര്‍വെ, കൈല്‍ ക്ലീന്‍, ലോഗന്‍ വാന്‍ ബീക്ക് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: Pakistan have narrow win in T2o World Cup against Netherlands

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more