| Wednesday, 12th February 2025, 9:26 am

മെന്‍ ഇന്‍ ഗ്രീനിനും രക്ഷയില്ല, സൂപ്പര്‍ താരവും പുറത്തായി; ഇങ്ങനെയാണേല്‍ ചാമ്പ്യന്‍സ് ട്രോഫി...

സ്പോര്‍ട്സ് ഡെസ്‌ക്

2025 ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ഫെബ്രുവരി 19 മുതല്‍ നടക്കാനിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെയാണ് നേരിടുന്നത്. ടൂര്‍ണമെന്റിന് മുന്നോടിയായി പാകിസ്ഥാന്‍ സ്റ്റാര്‍ ബൗളര്‍ ഹാരിസ് റൗഫ് സൗത്ത് ആഫ്രിക്കയ്ക്കും ന്യൂസിലാന്‍ഡിനുമെതിരായ ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പരിക്ക് മൂലം പുറത്തായിരിക്കുകയാണ്.

ഇതോടെ 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ താരത്തിന് പങ്കെടുക്കാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ വെറും 6.2 ഓവര്‍ മാത്രമാണ് പേസര്‍ എറിഞ്ഞത്. താരത്തിന് പകരം അകിഫ് ജാവേദാണ് ടീമില്‍ ഇടം നേടിയത്.

Haris Rauf

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ 16 മത്സരങ്ങളില്‍ നിന്ന് 24 കാരനായ ജാവേദ് 23.33 ശരാശരിയില്‍ 18 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ലിസ്റ്റ് എയില്‍ 30 മത്സരങ്ങളില്‍ നിന്ന് 33 വിക്കറ്റുകളും താരത്തിനുണ്ട്.

‘ത്രിരാഷ്ട്ര പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമില്‍ അകിഫ് ജാവേദിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാരിസ് റൗഫിന് പേശിവേദനയുണ്ട്, ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ പി.സി.ബി പത്രക്കുറിപ്പില്‍ പറഞ്ഞു.

നിലവില്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കൊരുങ്ങുന്ന ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കും വമ്പന്‍ തിരിച്ചടികളാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഓസീസ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മാര്‍കസ് സ്റ്റോയ്നിസിന്റെ വിരമിക്കലിന് പിന്നാലെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് ടൂര്‍ണമെന്റ് നഷ്ടമായിരിക്കുകയാണ്.

മാത്രമല്ല ഇന്ത്യന്‍ പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറയും പരിക്ക് മൂലം പുറത്തായി. സൗത്ത് ആഫ്രിക്കയ്ക്ക് ബൗളര്‍മാരായ അന്റിച്ച് നോര്‍ക്യയേയും ജെറാള്‍ഡ് കോര്‍ട്‌സിയേയും നഷ്ടമായി. 2025ല്‍ ചാമ്പ്യന്‍സ് ട്രോഫി വീണ്ടും അരങ്ങേറുമ്പോള്‍ വമ്പന്‍മാരില്ലാത്ത നിറം മങ്ങിയ ടൂര്‍ണമെന്റാണ് കാണാന്‍ സാധിക്കുക.

Content Highlight: Pakistan Have Big Setback Ahead Of Champions Trophy 2025

We use cookies to give you the best possible experience. Learn more