| Monday, 6th October 2025, 11:28 am

ചൈനക്ക് വെല്ലുവിളിയുമായി യു.എസ് തുറമുഖം; അറബിക്കടലില്‍ പുതിയ പദ്ധതിക്കായി പാകിസ്ഥാന്റെ വാഗ്ദാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അറബിക്കടലിനോട് ചേര്‍ന്നുള്ള പട്ടണമായ പസ്നിയില്‍ യു.എസ് നിയന്ത്രണത്തിലുള്ള തുറമുഖം സ്ഥാപിക്കാന്‍ പാകിസ്ഥാന്‍ താത്പര്യമറിയിച്ചെന്ന് റിപ്പോര്‍ട്ട്. പദ്ധതി സംബന്ധിച്ച ആശയവുമായി പാക്ക് സൈനിക മേധാവി അസിം മുനീര്‍ യു.എസ് അധികൃതരെ സമീപിച്ചതായും ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്ന് വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും യു.എസ് അധികൃതര്‍ ഇതു നിഷേധിച്ചു. പദ്ധതി നടന്നാല്‍ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ മുന്നേറ്റമാകും ഇത്. പാകിസ്ഥാനില്‍ ചൈനീസ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്വദര്‍ തുറമുഖത്ത് നിന്നും 112 കിലോമീറ്റര്‍ അകലെയാണ് പസ്നി.

ചൈനയും യു.എസും തമ്മിലുള്ള കിടമത്സരം വര്‍ധിക്കുമ്പോള്‍ പസ്‌നിയില്‍ തുറമുഖം സ്ഥാപിച്ചാല്‍ യു.എസിന് ഇത് ഏറെ ഗുണംചെയ്യുന്നതാണ്. സിവിലിയന്‍ ആവശ്യങ്ങള്‍ക്കും പെട്ടന്നുള്ള പ്രതികരണങ്ങള്‍ക്കും യു.എസിന് തുറമുഖം അനുയോജ്യമാണ്.

ചെറിയ തീരദേശ മത്സ്യബന്ധന പട്ടണമായ പസ്നിയിലെ തുറമുഖത്തിന് ഇറാനില്‍ നിന്ന് 112 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ചെമ്പ്, ആന്റിമണി എന്നീ ധാതുക്കള്‍ പാകിസ്ഥാനില്‍ നിന്ന് റെയില്‍വേ വഴിയെത്തിച്ച് ഈ തുറമുഖത്ത് നിന്ന് കൊണ്ടുപോകാനും പദ്ധതി ലക്ഷ്യമിടുന്നു.

120 കോടി യു.എസ് ഡോളറിന്റെ പദ്ധതിയാണ് പസ്‌നിയിലേത്. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം യു.എസുമായി അടുക്കാനും ട്രംപിനെ സന്തോഷിപ്പിക്കാനും പാകിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങളില്‍ ഒടുവിലത്തേതാണ് ഇത്. ഇന്ത്യയുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപ് സഹായിച്ചെന്ന് പാക്ക് അധികൃതര്‍ പരസ്യമായി പറയുകയും അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ട്രംപിനെ പാകിസ്ഥാന്‍ നാമനിര്‍ദേശം ചെയ്യുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ മധ്യസ്ഥത ഇക്കാര്യത്തിലുണ്ടായിട്ടില്ലെന്നാണ് ഇന്ത്യയുടെ ഉറച്ച നിലപാട്.

Content Highlight: Pakistan has expressed interest in establishing a US-controlled port in Pasni, a town on the Arabian Sea

We use cookies to give you the best possible experience. Learn more