| Friday, 2nd May 2025, 4:28 pm

പാകിസ്ഥാന് ഭീകര സംഘടനകളുമായി ബന്ധം ഉണ്ടായിരുന്നു; പ്രതിരോധ മന്ത്രിക്ക് പിന്നാലെ വെളിപ്പെടുത്തലുമായി ബിലാവല്‍ ഭൂട്ടോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാന് ഭീകര സംഘടനകളുമായി ബന്ധമുണ്ടായിരുന്നതായി തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. എന്നാല്‍ അത് മുന്‍കാലങ്ങളില്‍ ആയിരുന്നെന്നും ഇപ്പോള്‍ രാജ്യം തന്റെ തെറ്റുകളില്‍ നിന്ന് പാഠം പഠിച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിലാവല്‍ ഭൂട്ടോ.

‘പാകിസ്ഥാന് ഒരു ഭൂതകാലമുണ്ടെന്നതില്‍ സംശമില്ല. അതിന്റെ ഫലമെന്നോണം ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. എന്നാല്‍ അതില്‍ നിന്നെല്ലാം ഞങ്ങള്‍ ഒരുപാട് ദൂരം സഞ്ചരിച്ചു. ഞങ്ങള്‍ കഷ്ടപ്പെട്ടതിനൊപ്പം ഒരുപാട് പാഠങ്ങളും പഠിച്ചു. അതിനായി ഒരുപാട് ആഭ്യന്തര മാറ്റങ്ങള്‍ക്ക് വിധേയരാവുകയും പ്രശ്‌നത്തെ മനസിലാക്കുകയും ചെയ്തു,’ ബിലാവല്‍ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യ പാകിസ്ഥാന്‌ വെള്ളം നല്‍കിയില്ലെങ്കില്‍ സിന്ധു നദിയിലൂടെ ഇന്ത്യക്കാരുടെ രക്തം ഒഴുകുമെന്ന് വിവാദ പ്രസ്താവനയും ബിലാവല്‍ നടത്തിയിരുന്നു.

പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും ഭീകരവാദത്തെക്കുറിച്ച്‌ സമാനമായ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ബിലാവല്‍ ഭൂട്ടോയുടെ പരമാര്‍ശം വന്നത്.

മുമ്പ് സ്‌കൈ ന്യൂസിന് തന്നെ അനുവദിച്ച അഭിമുഖത്തില്‍ ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് പാകിസ്ഥാന്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയായ ഖ്വാജ ആസിഫ് സമ്മതിച്ചിരുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ധനസഹായവും പിന്തുണയും നല്‍കിയിട്ടുണ്ടെന്നും അമേരിക്കക്ക് വേണ്ടിയാണ് കഴിഞ്ഞ 30 വര്‍ഷമായി ഈ ജോലി ചെയ്തതെന്നുമായിരുന്നു ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തല്‍.

അമേരിക്കയ്ക്കും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ വൃത്തികെട്ട പ്രവൃത്തി ചെയ്തതെന്നായിരുന്നു ഖ്വാജ ആസിഫിന്റെ പ്രതികരണം. അത് പാകിസ്ഥാന് പറ്റിയ ഒരു തെറ്റായിരുന്നെന്നും പാക് പ്രതിരോധ മന്ത്രി സമ്മതിച്ചിരുന്നു. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 9/11 ന് ശേഷമുള്ള യുദ്ധത്തിലും തങ്ങള്‍ ചേര്‍ന്നില്ലായിരുന്നുവെങ്കില്‍, പാകിസ്ഥാന്റെ ട്രാക്ക് റെക്കോര്‍ഡ് കുറ്റമറ്റതാകുമായിരുന്നെന്നും ഖ്വാജ ആസിഫ് പറഞ്ഞിരുന്നു.

ഈ പരമാര്‍ശത്തിന് പിന്നാലെ പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ ഇരയാണെന്നും ‘ജിഹാദ്’ സൃഷ്ടിച്ചത് പാശ്ചാത്യരാജ്യങ്ങളാണെന്ന് മറ്റൊരു അഭിമുഖത്തില്‍ ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞിരുന്നു. പാശ്ചാത്യ സര്‍ക്കാരുകളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ, പതിറ്റാണ്ടുകള്‍ പഴക്കമുള്ള നയങ്ങളുടെ ഫലമായാണ് ‘ജിഹാദ്’ സൃഷ്ടിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയ്ക്കും യൂറോപ്പിനും വേണ്ടി തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പാകിസ്ഥാന്‍ നല്‍കിയ പിന്തുണയുടെ ചരിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

1980കളുടെ അവസാനത്തില്‍ സോവിയറ്റ്-അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ പങ്കുചേരാനും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വേണ്ടി ഭീകരവാദം പരിശീലിപ്പിക്കാനും പ്രബോധിപ്പിക്കാനുമുള്ള ഒരു വേദിയായി മാറാന്‍ രാജ്യത്തെ മുന്‍ ഭരണാധികാരികള്‍ എടുത്ത തീരുമാനങ്ങള്‍ ഒരു തെറ്റായിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു. സോവിയറ്റ്-അഫ്ഗാന്‍ യുദ്ധത്തിന് തന്റെ രാജ്യം ഒരു സ്പ്രിങ്ബോര്‍ഡ് ആയിരുന്നെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

പാശ്ചാത്യര്‍ കണ്ടുപിടിച്ച ജിഹാദിന്റെ വരവ് പാകിസ്ഥാന്റെ ധാര്‍മ്മികതയെ ഇല്ലാതാക്കിയെന്നും ഭീകരവാദത്തിന്റെ പിന്തുണയ്ക്കുന്നതിനായി സമൂഹത്തിന്റെ മുഴുവന്‍ ധാര്‍മികതയും മാറ്റിമറിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Pakistan had links with terrorist organizations; Bilawal Bhutto reveals after Defense Minister

We use cookies to give you the best possible experience. Learn more