| Saturday, 28th February 2026, 10:53 pm

ജയിച്ചിട്ടും തോറ്റ് പാകിസ്ഥാന്‍; ശ്രീലങ്കന്‍ കരുത്തില്‍ ന്യൂസിലാന്‍ഡ് സെമിയില്‍

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ വിജയവുമായി പാകിസ്ഥാന്‍. പല്ലേക്കലെയില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ നേടിയത്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 213 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ വിജയിച്ചെങ്കിലും ന്യൂസിലാന്‍ഡിന്റെ നെറ്റ് റണ്‍ റേറ്റ് മറികടക്കാന്‍ സാധിക്കാതെ പോയതാണ് പാകിസ്ഥാന് തിരിച്ചടിയായത്. ഇതോടെ ഗ്രൂപ്പ് 2ല്‍ നിന്നും ഇംഗ്ലണ്ടിനൊപ്പം ന്യൂസിലാന്‍ഡ് സെമി ഫൈനലിന് യോഗ്യത നേടി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 176 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സാഹ്ബിസാദ ഫര്‍ഹാനും ഫഖര്‍ സമാനും സ്‌കോറിങ്ങിന് അടിത്തറയിട്ടത്.

42 പന്തില്‍ 84 റണ്‍സ് നേടിയ ഫഖര്‍ സമാനെ പുറത്താക്കി ദുഷ്മന്ത ചമീരയാണ് കൂട്ടുകെട്ട് പൊളിച്ചത്. നാല് സിക്സറും ഒമ്പത് ഫോറും അടക്കം 200.00 എന്ന തകര്‍പ്പന്‍ സ്ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

പിന്നാലെയെത്തിയ ക്യാപ്റ്റനടക്കമുള്ളവരെല്ലാം നിരാശപ്പെടുത്തിയെങ്കിലും ഫര്‍ഹാന്‍ മറുവശത്ത് ഉറച്ചുനിന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം കളം വിട്ടത്. 60 പന്തില്‍ അഞ്ച് സിക്സറിന്റെയും ഒമ്പത് ഫോറിന്റെയും അകമ്പടിയോടെ നൂറ് റണ്‍സാണ് താരം നേടിയത്.

ഇവര്‍ക്ക് പുറമെ മറ്റൊരു പാക് താരവും ഇരട്ടയക്കം കണ്ടില്ല. ഒടുവില്‍ 212 എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.

ശ്രീലങ്കയ്ക്കായി ദല്‍ഷന്‍ മധുശങ്ക മൂന്ന് വിക്കറ്റും ക്യാപ്റ്റന്‍ ദാസുന്‍ ഷണക രണ്ട് വിക്കറ്റും വീഴ്ത്തി. ദുഷ്മന്തര ചമീര ഒരു വിക്കറ്റെടുത്തപ്പോള്‍ രണ്ട് പാക് താരങ്ങള്‍ റണ്‍ ഔട്ടായും മടങ്ങി.

ന്യൂസിലാന്‍ഡിന്റെ നെറ്റ് റണ്‍ റേറ്റ് മറികടന്ന് സെമിയില്‍ പ്രവേശിക്കണമെങ്കില്‍ പാകിസ്ഥാന് 65 റണ്‍സിന്റെ വിജയമായിരുന്നു വേണ്ടിയിരുന്നത്. ലങ്കയെ 147ലൊതുക്കിയാല്‍ ടീമിന് ഗ്രൂപ്പ് 2ല്‍ നിന്നും സെമിയില്‍ പ്രവേശിക്കുന്ന രണ്ടാം ടീമാകനും സാധിക്കുമായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് രണ്ടാം ഓവറില്‍ തന്നെ പാതും നിസങ്കയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. മൂന്ന് റണ്‍സ് മാത്രം നേടി നില്‍ക്കവെ നസീം ഷായുടെ പന്തില്‍ മുഹമ്മദ് നവാസിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

പിന്നാലെയെത്തിയ കാമില്‍ മിശ്രയും (15 പന്തില്‍ 26), ചരിത് അസലങ്കയും (18 പന്തില്‍ 25) മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച് മടങ്ങി.

കാമിന്ദു മെന്‍ഡിസും ജനിത് ലിയനാഗെയും ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷണകയെ ഒപ്പം കൂട്ടി പവന്‍ രത്‌നനായകെ 147 റണ്‍സ് എന്ന മാര്‍ക് പിന്നിട്ടു.

18ാം ഓവറിലെ മൂന്നാം പന്തില്‍ രത്‌നനായകെ മടങ്ങി. 37 പന്ത് നേരിട്ട് 58 റണ്‍സുമായാണ് താരം പുറത്തായത്. ഷഹീന്‍ അഫ്രിദിക്കാണ് വിക്കറ്റ്.

ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ദാസുന്‍ ഷണക വെടിക്കെട്ട് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 31 പന്തില്‍ എട്ട് സിക്‌സറും രണ്ട് ഫോറും അടക്കം പുറത്താകാതെ 76 റണ്‍സാണ് ലങ്കന്‍ ക്യാപ്റ്റന്‍ നേടിയത്.

അവസാന ഓവറില്‍ തുടര്‍ച്ചയായ സിക്‌സറടിച്ച് ഷണക വിജയത്തിന് പ്രതീതി സൃഷ്ടിച്ചെങ്കിലും അവസാന പന്തില്‍ പാകിസ്ഥാന്‍ ജയം പിടിച്ചടക്കുകയായിരുന്നു.

Content Highlight: Pakistan eliminated from 2026 T20 World Cup

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more