| Tuesday, 26th July 2016, 4:12 pm

ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് പാക്കിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുയോര്‍ക്ക്: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് പാകിസ്ഥാന്‍. കാശ്മീരി ജനതയ്ക്ക് ജനഹിത പരിശോധന നിഷേധിക്കുന്നതാണ് അവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയില്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞയാഴ്ചയാണ് ഐക്യരാഷ്ട്ര സഭയിലെ പാകിസ്ഥാന്റെ സ്ഥിരാംഗമായ മലീഹ ലോധി ന്യുയോര്‍ക്കിലെ കാശ്മീരി ഡെലിഗേഷന്‍ പ്രതിനിധിയെ കണ്ട് സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടത്. വാനിയുടെ കൊലപാതകത്തിലും തുടര്‍ന്ന് നടന്ന പ്രക്ഷോഭങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിലും അന്വേഷണം വേണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം.

കാശ്മീരിലെ വിഷയങ്ങള്‍ക്ക് ധാര്‍മ്മികവും നയതന്ത്രപരവുമായ പിന്തുണ നല്‍കുമെന്ന നയത്തില്‍ പാകിസ്ഥാന്‍ ഉറച്ച് നില്‍ക്കുമെന്നും ലോധി പറഞ്ഞു. കശ്മീരിലെ വിഷയങ്ങള്‍ ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നില്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്നും ലോധി വ്യക്തമാക്കി.

അതേസമയം കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ സഹായം ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടിരുന്നു. കാശ്മീരുമായി ഇന്ത്യയ്ക്ക് വൈകാരികമായ ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കാശ്മീര്‍ സ്വന്തമാക്കാമെന്ന പാകിസ്ഥാന്റെ സ്വപ്‌നം നടക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജും വ്യക്തമാക്കിയിരുന്നു.

ഈ മാസം എട്ടിനാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയത്. ഇതിനെതിരെ കഴിഞ്ഞ പതിനാറ് ദിവസങ്ങളായി കാശ്മീരില്‍ ഹിസ്ബുള്‍ അനുകൂലികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. പ്രക്ഷോഭങ്ങളില്‍ ഇതുവരെ 46 പേരാണ് കൊല്ലപ്പെട്ടത്. അയ്യായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രക്ഷോഭകാരികള്‍ക്ക് നേരെ സൈന്യം പെല്ലെറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

We use cookies to give you the best possible experience. Learn more