| Friday, 29th August 2025, 7:17 pm

വെള്ളപ്പൊക്കത്തിന് ഉത്തരവാദി ഇന്ത്യ, മൃതദേഹങ്ങള്‍ ഒഴുകിയെത്തി; വിചിത്രവാദവുമായി പാക് പ്രതിരോധ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ വിചിത്ര വാദവുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിന് ഉത്തരവാദി ഇന്ത്യയാണെന്നാണ് വാദം. സിയാല്‍കോട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു പാക് പ്രതിരോധ മന്ത്രി ഇന്ത്യക്ക് എതിരെ പ്രതികരിച്ചത്.

വെള്ളപ്പൊക്കത്തില്‍ ഇന്ത്യയില്‍ നിന്നും മൃതദേഹങ്ങളും കന്നുകാലികളും മറ്റ് അവശിഷ്ടങ്ങളും ഒഴുകിയെത്തിയതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാക് മാധ്യമമായ ഡയലോഗ് പാകിസ്ഥാനാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതിര്‍ത്തി കടന്ന് വന്ന മൃതദേഹങ്ങള്‍ ഒഴുകി പോകുന്നത് കണ്ടതായി നാട്ടുകാര്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. മേഖലയില്‍ നിന്ന് വെള്ളം വറ്റിക്കാനുള്ള ശ്രമത്തെ ഇത് തടസപ്പെടുത്തിയെന്നും ഖ്വാജ മുഹമ്മദ് ആസിഫ് അവകാശപ്പെട്ടു.

പാകിസ്ഥാന്റെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുകയും അത് ജനങ്ങളെ വലിയ ദുരിതത്തിലാഴ്ത്തുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രിയുടെ ഈ വിചിത്ര വാദം. അതേസമയം അദ്ദേഹത്തിന്റെ പരാമര്‍ശം പാക് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിനും പരിഹാസത്തിനും കാരണമായി.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വെള്ളപ്പൊക്കത്തിന് മുമ്പുള്ള തയ്യാറെടുപ്പ് നടത്തുന്നതിലും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വന്ന പരാജയം മറച്ച് വെക്കാനും ശ്രദ്ധ തിരിക്കാനുമാണ് പ്രതിരോധ മന്ത്രിയുടെ ശ്രമമെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീജല ഉടമ്പടി പ്രകാരമുള്ള വെള്ളത്തിന്റെ ഡാറ്റ കൈമാറുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ മാനുഷിക പരിഗണനയുടെ പേരില്‍ പാകിസ്ഥാന് ഇന്ത്യ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യ ഈ ആഴ്ച ആദ്യം, മോശം കാലാവസ്ഥയെയും കനത്ത വെള്ളപ്പൊക്ക സാധ്യതയെയും കുറിച്ചുള്ള വിവരങ്ങളായിരുന്നു പാകിസ്ഥാനുമായി പങ്കുവെച്ചത്. പിന്നാലെ പാകിസ്ഥാനില്‍ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും 150,000ത്തില്‍ അധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

മുന്നറിയിപ്പ് കിട്ടിയതോടെ 35,000ത്തില്‍ അധികം ആളുകള്‍ സ്വമേധയാ വീടുവിട്ട് പോയി. നദികളുടെ തീരത്തുള്ള നൂറുകണക്കിന് ഗ്രാമങ്ങളെ സൈനികരുടെ സഹായത്തോടെ ഒഴിപ്പിക്കാനുള്ള നടപടികള്‍ എടുത്തിരുന്നു.

Content Highlight: Pakistan Defense Minister Khawaja Muhammad Asif makes a strange claim against India amid flood crisis

We use cookies to give you the best possible experience. Learn more