| Wednesday, 15th October 2025, 4:37 pm

ഇവനൊറ്റയ്ക്ക് വീഴ്ത്തിയത് പത്ത് വിക്കറ്റ്; ആദ്യ വിജയം, ഇന്ത്യയെ നാലാം സ്ഥാനത്താക്കി പാകിസ്ഥാന്‍ രണ്ടാമത്

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ആദ്യ വിജയം സ്വന്തമാക്കി പാകിസ്ഥാന്‍. സൗത്ത് ആഫ്രിക്കയുടെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 93 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.

സ്‌കോര്‍

പാകിസ്ഥാന്‍: 378 & 167

സൗത്ത് ആഫ്രിക്ക: 269 & 183 (T: 277)

സൂപ്പര്‍ താരം നോമന്‍ അലിയുടെ ബൗളിങ് കരുത്തിലായിരുന്നു പാകിസ്ഥാന്റെ വിജയം. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി പത്ത് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് ആദ്യ ഓവറില്‍ തന്നെ അബ്ദുള്ള ഷഫീഖിനെ നഷ്ടമായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഇമാം ഉള്‍ ഹഖും ക്യാപ്റ്റന്‍ ഷാന്‍ മസൂദും കെട്ടിപ്പൊക്കിയ പാര്‍ട്ണര്‍ഷിപ്പ് പാകിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

മിഡില്‍ ഓര്‍ഡറില്‍ മുഹമ്മദ് റിസ്വാനും സല്‍മാന്‍ അലി ആഘയും ചേര്‍ന്ന് മറ്റൊരു മികച്ച കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ഒടുവില്‍ പാകിസ്ഥാന്‍ 378ന് പുറത്തായി.

പാകിസ്ഥാനായി ഇമാം ഉള്‍ ഹഖും സല്‍മാന്‍ അലി ആഘയും 93 റണ്‍സ് വീതം സ്വന്തമാക്കി. ഷാന്‍ മസൂദ് 76 റണ്‍സടിച്ചപ്പോള്‍ 75 റണ്‍സാണ് മുഹമ്മദ് റിസ്വാന്‍ സ്വന്തമാക്കിയത്.

പ്രോട്ടിയാസിനായി ആദ്യ ഇന്നിങ്‌സില്‍ എസ്. മുത്തുസ്വാമി ആറ് വിക്കറ്റെടുത്തു. പ്രനേലന്‍ സുബ്രായന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സൈമണ്‍ ഹാര്‍മറും കഗീസോ റബാദയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് ടോണി ഡി സോര്‍സിയുടെ സെഞ്ച്വറി കരുത്തില്‍ തിരിച്ചടിച്ചെങ്കിലും ലീഡ് നേടാന്‍ സാധിച്ചില്ല. റിയാന്‍ റിക്കല്‍ടണൊഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിക്കാതെ പോയതോടെയാണ് പ്രോട്ടിയാസ് ലീഡ് വഴങ്ങിയത്. സോര്‍സി 171 പന്തില്‍ 104 റണ്‍സും റിക്കല്‍ടണ്‍ 137 പന്തില്‍ 71 റണ്‍സും നേടി.

ആദ്യ ഇന്നിങ്‌സില്‍ 269 റണ്‍സിന് സൗത്ത് ആഫ്രിക്ക പുറത്തായി.

പാകിസ്ഥാനായി നോമന്‍ അലി ആറ് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, ടോണി ഡി സോര്‍സി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കൈല്‍ വെരായ്‌നെ, എസ്. സുബ്രായന്‍ എന്നിവരുടെ വിക്കറ്റുകളാണ് നോമന്‍ അലി വീഴ്ത്തിയത്. സാജിദ് ഖാന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ സല്‍മാന്‍ അലി ആഘയാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

ആദ്യ ഇന്നിങ്‌സ് ലീഡുമായി കളത്തിലിറങ്ങിയ പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ 167ന് പുറത്തായി. 42 റണ്‍സടിച്ച ബാബര്‍ അസമാണ് രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന്റെ മികച്ച റണ്‍ ഗെറ്റര്‍.

മുത്തുസ്വാമി രണ്ടാം ഇന്നിങ്‌സിലും ഫൈഫര്‍ പൂര്‍ത്തിയാക്കി. ആഘാ സല്‍മാനും അബ്ദുള്ള ഷഫീഖും അടക്കം അഞ്ച് പാക് താരങ്ങളെയാണ് മുത്തുസ്വാമി മടക്കിയത്. സൈമണ്‍ ഹാര്‍മര്‍ നാല് വിക്കറ്റെടുത്തപ്പോള്‍ കഗീസോ റബാദയാണ് അവസാന വിക്കറ്റ് വീഴ്ത്തിയത്.

277 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ പ്രോട്ടിയാസ് 183ന് പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീതം സ്വന്തമാക്കിയ നോമന്‍ അലിയും ഷഹീന്‍ അഫ്രിദിയും ചേര്‍ന്നാണ് ആദ്യ ടെസ്റ്റില്‍ പ്രോട്ടിയാസിന് ചരമഗീതം പാടിയത്.

ഈ വിജയത്തോടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും പാകിസ്ഥാന് സാധിച്ചു. നിലവില്‍ ഒരു മത്സരത്തില്‍ നിന്നും ഒരു വിജയവുമായി 100.00 പി.സി.ടിയുമായാണ് പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്.

ഒക്ടോബര്‍ 20നാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Pakistan defeated South Africa

We use cookies to give you the best possible experience. Learn more