| Sunday, 28th September 2025, 10:58 am

ഇതിന് മുമ്പ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ തോറ്റത് 180 റണ്‍സിന്...

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പ് ഫൈനലിന് ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീട പോരാട്ടത്തിന് ടിക്കറ്റെടുത്തത്. അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് തോല്‍ക്കുകയും മറ്റ് ടീമുകളോട് വിജയിച്ചുമാണ് സല്‍മാന്‍ അലി ആഘയും സംഘവും ഏഷ്യയുടെ ക്രിക്കറ്റ് കിരീടത്തിനായുള്ള കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

2017 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇതിന് മുമ്പ് ഇന്ത്യയും പാകിസ്ഥാനും ഫൈനലിലാണ് നേര്‍ക്കുനേര്‍ വന്നത്. അന്ന് വിജയം പാകിസ്ഥാനൊപ്പമായിരുന്നു.

ടൂര്‍ണമെന്റിന്റെ കഴിഞ്ഞ എഡിഷനില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന പേരും പെരുമയുമായാണ് ഇന്ത്യ 2017 ചാമ്പ്യന്‍സ് ട്രോഫിക്ക് കളത്തിലിറങ്ങിയത്.

ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറിയ 2017 ചാമ്പ്യന്‍സ് ട്രോഫിയിലും എല്ലാ തവണയുമെന്ന പോലെ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ തന്നെയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ട് വീതം വിജയം സ്വന്തമാക്കി ഒന്നാം സ്ഥാനക്കാരായി ഇന്ത്യയും രണ്ടാം സ്ഥാനക്കാരായി പാകിസ്ഥാനും നോക്ക്ഔട്ടിലേക്ക് കടന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടാണ് പാകിസ്ഥാന്‍ തോറ്റത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 124 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയോടായിരുന്നു ഇന്ത്യയുടെ തോല്‍വി.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്ഥാനും ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയും ഫൈനലിന് ടിക്കറ്റെടുത്തു.

കിരീടപ്പോരാട്ടത്തില്‍ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ലണ്ടനിലെ ദി ഓവലില്‍ നടന്ന മത്സരത്തില്‍ 180 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ സൂപ്പര്‍ താരം ഫഖര്‍ സമാന്റെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് നേടി. 106 പന്തില്‍ 114 റണ്‍സാണ് സമാന്‍ അടിച്ചെടുത്തത്.

ഫഖര്‍ സമാന്‍

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. വിരാടും രോഹിത്തും ധവാനും ധോണിയുമടക്കമുള്ള എല്ലാവരും നിരാശപ്പെടുത്തി. 43 പന്തില്‍ 76 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്തുനിന്നത്. ഒടുവില്‍ ഇന്ത്യ 158 റണ്‍സിന് പുറത്താവുകയായിരുന്നു.

ഈ തോല്‍വിക്ക് എട്ട് വര്‍ഷത്തിനിപ്പുറം മറ്റൊരു മള്‍ട്ടിനാഷണല്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുകയാണ്. കടലാസിലും കണക്കിലും ഒരുപോലെ ശക്തരായ ഇന്ത്യയ്ക്ക് തന്നെയാണ് ഇത്തവണ കിരീട സാധ്യത കല്‍പിക്കുന്നത്. അങ്ങനെയെങ്കില്‍ ഒരു ടൂര്‍ണമെന്റില്‍ ഒരേ ടീമിനെ മൂന്ന് തവണ പരാജയപ്പെടുത്തിയന്റെ ക്രെഡിറ്റും ഇന്ത്യയ്ക്ക് ലഭിക്കും.

ടൂര്‍ണമെന്റില്‍ ഇതിനോടകം ഏറ്റുമുട്ടിയ രണ്ട് മത്സരത്തിലും ഇന്ത്യ പാകിസ്ഥാനെതിരെ ആധികാരികമായ ജയം സ്വന്തമാക്കിയിരുന്നു. ഇതേ പ്രകടനം ആവര്‍ത്തിച്ചാല്‍ ഒമ്പതാം ഏഷ്യാ കപ്പ് കിരീടം ഇന്ത്യ തങ്ങളുടെ ശിരസിലണിയും.

Content Highlight: Pakistan defeated India when two met in the final of a tournament before

Latest Stories

We use cookies to give you the best possible experience. Learn more