| Sunday, 1st February 2026, 11:58 am

ഇത് കണ്ട് ആരും പാകിസ്ഥാനെയും ഓസ്‌ട്രേലിയയെയും വിലയിരുത്താന്‍ നില്‍ക്കേണ്ട; 'ജെനറ്റിക്‌സിന്റെ' ഗുണം ലോകകപ്പില്‍ കാണാം...

ആദര്‍ശ് എം.കെ.

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഓസ്‌ട്രേലിയക്കെതിരെ പരമ്പര വിജയവുമായി പാകിസ്ഥാന്‍. ഓസ്‌ട്രേലിയയുടെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടി-20യിലും മികച്ച വിജയം നേടിയാണ് മൂന്നാം മത്സരത്തിന് മുമ്പ് ആതിഥേയര്‍ പരമ്പര നേടിയത്.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 90 റണ്‍സിനായിരുന്നു കങ്കാരുക്കളുടെ തോല്‍വി. പാകിസ്ഥാന്‍ ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് വെറും 108ന് പുറത്തായി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയുടെ ബാറ്റിങ് കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 40 പന്ത് നേരിട്ട താരം 76 റണ്‍സ് നേടിയാണ് പുറത്തായത്. നാല് സിക്‌സറും എട്ട് ഫോറും അടക്കം 190.00 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

വിക്കറ്റ് കീപ്പര്‍ ഉസ്മാന്‍ ഖാനും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. പേസര്‍ സേവ്യര്‍ ബാര്‍ട്‌ലെറ്റിന്റെ പന്തില്‍ പുറത്താകും മുമ്പ് 36 പന്തില്‍ 53 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്‌സ്‌റും നാല് ഫോറും അടങ്ങുന്നതായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഇന്നിങ്‌സ്. 20 പന്തില്‍ പുറത്താകാതെ 28 റണ്‍സ് നേടിയ ഷദാബ് ഖാനാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

സല്‍മാന്‍ അലി ആഘ. Photo: ESPN CricInfo

സൂപ്പര്‍ താരം ബാബര്‍ അസം പതിവുപോലെ ഇത്തവണയും നിരാശപ്പെടുത്തി. അഞ്ച് പന്ത് നേരിട്ട താരം രണ്ട് റണ്‍സിനാണ് മടങ്ങിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ 198 റണ്‍സ് നേടി.

കങ്കാരുക്കള്‍ക്കായി ആദം സാംപ, കൂപ്പര്‍ കനോലി, മാത്യു കുന്‍മാന്‍, ഷോണ്‍ അബോട്ട്, സേവ്യര്‍ ബാര്‍ട്‌ലെറ്റ് എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ട്രാവിസ് ഹെഡ് അടക്കം ആറ് താരങ്ങളാണ് ഇരട്ടയക്കം കാണാതെ തിരികെ കൂടാരം കയറിയത്. ഒടുവില്‍ 16 ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ടീം 108ന് പുറത്തായി.

20 പന്തില്‍ 35 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനാണ് ടോപ്പ് സ്‌കോറര്‍. മാറ്റ് ഷോര്‍ട്ട് 23 പന്തില്‍ 27 റണ്‍സും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 14 പന്തില്‍ 18 റണ്‍സും നേടി.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അബ്രാര്‍ അഹമ്മദും ഷദാബ് ഖാനുമാണ് ഓസീസിനെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം തോല്‍വികളിലൊന്നിലേക്ക് തള്ളിയിട്ടത്. രണ്ട് വിക്കറ്റുമായി ഉസ്മാന്‍ താരിഖും ഓരോ വിക്കറ്റുമായി മുഹമ്മദ് നവാസും സയീം അയ്യൂബും ഓസ്‌ട്രേലിയയുടെ പതനം പൂര്‍ത്തിയാക്കി.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പാക് താരങ്ങള്‍. Photo: ESPN CricInfo

പാകിസ്ഥാനെതിരെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ തോറ്റെങ്കിലും, പരമ്പര നഷ്ടപ്പെട്ടെങ്കിലും ഇതെല്ലാം മുന്നില്‍ക്കണ്ടുകൊണ്ട് ഓസ്‌ട്രേലിയയെ വിലയിരുത്താന്‍ സാധിക്കില്ല, അതും പ്രത്യേകിച്ച് ടി-20 ലോകകപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍.

ബിഗ് ടൂര്‍ണമെന്റുകളില്‍ ഓസ്‌ട്രേലിയ ഇങ്ങനെ പരാജയപ്പെടുമെന്ന് കരുതുക വയ്യ. ശക്തരും അനുഭവ സമ്പത്തുമുള്ള താരങ്ങളുമായാണ് ഓസീസ് ലോകകപ്പിലെത്തുന്നത്. ലോകകപ്പ് സ്‌ക്വാഡിലെ മിക്ക താരങ്ങളും നിലവിലെ പാകിസ്ഥാനെതിരായ പരമ്പരയുടെ ഭാഗമാണെങ്കിലും ലോകകപ്പിലേക്കെത്തുമ്പോള്‍ ഇപ്പോഴുള്ള കാഴ്ചകളെല്ലാം കീഴ്‌മേല്‍ മറിയും.

തന്റെ ദിവസത്തില്‍ എതിരാളികളെ നിഷ്പ്രഭനാക്കുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലും ജോഷ് ഹെയ്‌സല്‍വുഡും അടക്കമുള്ള താരങ്ങള്‍ നിലവിലെ പരമ്പരയുടെ ഭാഗമല്ല. ഇവരടക്കമുള്ളവര്‍ തിരിച്ചെത്തുന്നതോടെ ടീം ഡൈനാമിക്‌സ് പൂര്‍ണമായും മാറും.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഇന്ത്യന്‍ സാഹചര്യങ്ങള്‍ തിളങ്ങുന്ന ട്രാവിസ് ഹെഡും ഒപ്പം എന്തിനും പോന്ന ക്യാപ്റ്റനുമായി മിച്ച് മാര്‍ഷും അണിനിരക്കുമ്പോള്‍ കങ്കാരുപ്പട ലോകകപ്പില്‍ ഫോര്‍മിഡബിള്‍ ഫോഴ്‌സായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Content Highlight: Pakistan defeated Australia and sealed the series

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more