| Monday, 8th September 2025, 8:29 am

നവാസിന്റെ ഹാട്രിക്കില്‍ കുരുങ്ങി അഫ്ഗാനിസ്ഥാന്‍; 'ഫൈനലില്‍' ജയിച്ച് പാകിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ ജയിച്ച് പാകിസ്ഥാന്‍. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 75 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് മെന്‍ ഇന്‍ ഗ്രീന്‍ സ്വന്തമാക്കിയത്. വെറ്ററന്‍ താരം മുഹമ്മദ് നവാസിന്റെ ഹാട്രിക്ക് അടങ്ങിയ ഫൈഫറിന്റെ കരുത്തിലാണ് ടീമിന്റെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് എടുത്തിരുന്നു. ഈ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 25 പന്തുകള്‍ ബാക്കി നില്‍ക്കെ 66 റണ്‍സിന് പുറത്തായി. അതിലേക്ക് വഴി തെളിച്ചതാകട്ടെ നവാസിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും.

142 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റഹ്‌മാനുള്ളാഹ് ഗുര്‍ബാസിനെ നഷ്ടമായിരുന്നു. അഞ്ചാം ഓവര്‍ ആയപ്പോഴേക്കും ടീമിന് രണ്ടാം വിക്കറ്റും നഷ്ടമായി. തകര്‍ച്ചയില്‍ നിന്ന് കര കയറാന്‍ ശ്രമിക്കുന്നതിനിടെ അടുത്ത ഓവര്‍ എറിയാനെത്തിയ നവാസ് ഇരട്ട പ്രഹരമേല്പിച്ചു.

നവാസ് തന്റെ ആദ്യ ഓവറിലെ അവസാന രണ്ട് പന്തില്‍ ഡാര്‍വിഷ് അബ്ദുല്‍ റസൂലിയുടെയും അസമതുല്ലാഹ് ഒമാര്‍സായ് യുടെയും വിക്കറ്റുകള്‍ പിഴുതു. തന്റെ രണ്ടാം ഓവര്‍ എറിയാന്‍ എത്തിയപ്പോഴും നവാസ് അഫ്ഗാന് സംഘത്തെ വെറുതെ വിട്ടില്ല. തന്റെ ആദ്യ പന്തില്‍ ഇബ്രാഹീം സദ്രാനെ മടക്കി.

ആ ഓവറില്‍ നാലാം പന്തിലും പാക് താരം ഒരാളെയും കൂടി ഡഗ്ഔട്ടിലേക്ക് തിരികെ അയച്ചു. നവാസ് അവസാന ഓവര്‍ എറിയാന്‍ എത്തിയപ്പോള്‍ ഒരു വിക്കറ്റ് കൂടി തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്തു. അങ്ങനെ മത്സരത്തില്‍ ഫൈഫര്‍ തികച്ച് അഫ്ഗാനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.

താരത്തിന് പുറമെ, സൂഫിയാന്‍ മുഖീമും അബ്രാര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം നേടി മികച്ച പ്രകടനം നടത്തി. ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റും സ്വന്തമാക്കി.

അഫ്ഗാന്‍ നിരയില്‍ റഷീദ് ഖാനും സെയ്ദിഖുല്ല അടലും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. റഷീദ് ഖാന്‍ 17 റണ്‍സും അടല്‍ 13 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. ഇവര്‍ മാത്രമാണ് ടീമിനായി ഇരട്ടക്കം സ്‌കോര്‍ ചെയ്തത്.

പാക് നിരയില്‍ ഫഖര്‍ സമാന്‍, മുഹമ്മദ് നവാസ്, ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍. സമാന്‍ 26 പന്തില്‍ 27 റണ്‍സും നവാസ് 21 പന്തില്‍ 25 റണ്‍സും നേടി. ക്യാപ്റ്റന്‍ ആഘ 27 പന്തില്‍ 24 റണ്‍സും സ്വന്തമാക്കി.

Content Highlight: Pakistan defeated Afghanistan in Trination T20 series with Mohammed Nawaz hat-trick

We use cookies to give you the best possible experience. Learn more