| Tuesday, 26th August 2025, 9:20 am

പാകിസ്ഥാനെതിരെ വട്ടപ്പൂജ്യം; ഇന്ത്യൻ നായകനെതിരെ ആഞ്ഞടിച്ച് മുൻ പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടി – 20 നായകന്‍ സൂര്യകുമാര്‍ യാദവ് പാകിസ്ഥാനെതിരെ ഫലപ്രദമല്ലെന്ന് മുന്‍ പാകിസ്താനി താരം ബാസിത് ഖാന്‍. പാകിസ്ഥാനെതിരെ താരത്തിന് ഇതുവരെ വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പി.ടി.വി സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ബാസിത് ഖാന്‍.

‘മിക്ക ടീമിനെതിരെയും സൂര്യകുമാര്‍ യാദവ് റണ്‍സ് നേടുന്നുണ്ട്. പക്ഷേ, അവന്‍ പാകിസ്ഥാനെതിരെ ഫലപ്രദമല്ല. അതിന് കാരണം ഫാസ്റ്റ് ബൗളിങ്ങാണോ മറ്റു കാരണങ്ങളാണോ എന്നത് വ്യക്തമല്ല. പക്ഷേ അത് വെല്ലുവിളിയായി തുടരുകയാണ്,’ ബാസിത് ഖാന്‍ പറഞ്ഞു.

പാകിസ്ഥാനെതിരെ അഞ്ച് തവണയാണ് സൂര്യകുമാര്‍ യാദവ് കളിച്ചിട്ടുള്ളത്. ഈ മത്സരങ്ങളില്‍ താരത്തിന് 64 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ. 18 റണ്‍സാണ് താരത്തിന്റെ പാകിസ്ഥാനെതിരെയുള്ള ഉയര്‍ന്ന സ്‌കോര്‍. 12.80 ശരാശരിയും 118.50 സ്‌ട്രൈക്ക് റേറ്റുമാണ് സൂര്യക്ക് മെന്‍ ഇന്‍ ഗ്രീനിനെതിരെയുള്ളത്.

ഈ മോശം ഫോം ചൂണ്ടിക്കാട്ടിയാണ് ബാസിത് ഖാന്‍ സൂര്യകുമാര്‍ യാദവിനെ വിമര്‍ശിച്ചത്. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ വിലയിരുത്തുമ്പോളായിരുന്നു മുന്‍ താരത്തിന്റെ ഈ പ്രസ്താവന.

അതേസമയം, സൂര്യകുമാര്‍ മികച്ച ഫോമിലാണ് ഏഷ്യാ കപ്പില്‍ മാറ്റുരക്കാന്‍ എത്തുന്നത്. ഐ.പി.എല്‍ കഴിഞ്ഞ സീസണില്‍ 717 റണ്‍സാണ് താരം നേടിയത്.

ഇന്ത്യന്‍ ടീമിന് ഏഷ്യാ കപ്പില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നല്‍കുന്ന തീവ്രത നഷ്ടമാവുമെന്നും ബാസിത് ഖാന്‍ പറഞ്ഞു. കൂടാതെ, രവീന്ദ്ര ജഡേജയുടെ ഫീല്‍ഡിങ് മിസ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യന്‍ ടീമില്‍ എല്ലാവരും മികച്ച താരങ്ങളാണ്. ആര്‍ക്കും കഴിവില്ലെന്ന് നമുക്ക് പറയാനാവില്ല. പക്ഷേ, വിരാട് കോഹ്ലിയും രോഹിത് ശര്‍മയും കൊണ്ടുവന്ന തീവ്രതയും പോരാട്ടവീര്യവും ഇന്ത്യക്ക് നഷ്ടമാവും. കൂടാതെ, ഇന്ത്യ ജഡേജയുടെ ഫീല്‍ഡിങ്ങും മിസ് ചെയ്യും.

അവന്‍ ഇന്ത്യയെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ സഹായിച്ച ഒരു താരമാണ്. അക്സര്‍ പട്ടേലുണ്ട്, പക്ഷേ, അവന്‍ ബാറ്റര്‍, ബൗളര്‍, ഫീല്‍ഡര്‍ എന്ന നിലയില്‍ ടീമിന് ബാലന്‍സ് നല്‍കി. ജഡേജ ലോകക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ്,’ ബാസിത് ഖാന്‍ പറഞ്ഞു.

അതേസമയം, ഏഷ്യാ കപ്പ് സെപ്റ്റംബര്‍ ഒമ്പത് മുതലാണ് ആരംഭിക്കുന്നത്. യു.എ.ഇയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് എയിലാണ്. ഫൈനലില്‍ എത്തിയാല്‍ ഇരു ടീമുകളും മൂന്ന് തവണ നേര്‍ക്കുനേര്‍ വരും.

Content Highlight: Pakistan Cricketer Bazid Khan says that Suryakumar Yadav is ineffective against Pakistan Cricket team

We use cookies to give you the best possible experience. Learn more