ഓസ്ട്രേലിയക്കെതിരെയുള്ള ടി – 20 പരമ്പര തൂത്തുവാരി പാകിസ്ഥാന്‍. ഇന്ന് ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ ആതിഥേയര്‍ 111 റണ്‍സിന് വിജയിക്കുകയായിരുന്നു. ഇതോടെ മെന്‍ ഇന്‍ ഗ്രീന്‍ പരമ്പര 3 – 0ന് സ്വന്തമാക്കി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 208 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന കങ്കാരുക്കള്‍ 96 റണ്‍സിന് പുറത്താവുകയായിരുന്നു. മുഹമ്മദ് നവാസിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ഓസീസിനെ തകര്‍ത്തത്.
Photo: Sportify/x.com
പാകിസ്ഥാനായി സയീം അയൂബും ബാബര്‍ അസമും അര്‍ധ സെഞ്ച്വറി നേടി. ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ഒത്തുചേര്‍ന്ന ഇരുവരും 69 റണ്‍സിന്റെ കൂട്ടുകെട്ടും ഉയര്‍ത്തി ടീമിന് അടിത്തറ നല്‍കി. സയീം 37 പന്തില്‍ 56 റണ്‍സെടുത്തപ്പോള്‍ ബാബര്‍ 36 പന്തില്‍ 50 റണ്‍സുമായി പുറത്താവാതെ നിന്നു.
ഇവര്‍ക്കൊപ്പം ശദാബ് ഖാന്‍ (19 പന്തില്‍ 46), ഖവാജ നഫായ് (12 പന്തില്‍ 21) റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. ഇതോടെ ടീം ആറ് വിക്കറ്റിന് 207 റണ്‍സെടുത്തു.
ഓസീസിനായി ബെന്‍ ദ്വാര്‍ഷുയിസ് രണ്ട് വിക്കറ്റ് വീഴ്ത്തി. മാത്യു കുന്‍മാന്‍, മാറ്റ് ഷോട്ട്, കോപ്പര്‍ കനോലി, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ഓസീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 16 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തപ്പോഴേക്കും മൂന്ന് പേര് കൂടാരം കയറിയിരുന്നു. പിന്നാലെ ഒരുമിച്ച് ഗ്രീന്‍ – മാര്‍ക്കസ് സ്റ്റോയ്നിസ് സഖ്യം ടീമിനെ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചു.
ഇരുവരും ചേര്‍ന്ന് 44 റണ്‍സ് ചേര്‍ത്ത് ഇരുവരും ഒരേ ഓവറില്‍ തന്നെ മടങ്ങി. സ്റ്റോയ്നിസ് 22 പന്തില്‍ 23 റണ്‍സും ഗ്രീന്‍ 24 പന്തില്‍ 22 റണ്‍സുമാണ് എടുത്തത്.
ഇവര്‍ക്ക് പുറമെ ജോഷ് ഫിലിപ്പ് മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്. 15 പന്തില്‍ 14 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ എത്തിയവര്‍ക്ക് ആര്‍ക്കും മികച്ച ബാറ്റിങ് കാഴ്ച വെക്കാന്‍ സാധിച്ചില്ല. അതോടെ ഓസീസ് 96 റണ്‍സിന് ഓള്‍ ഔട്ടായി.
ഫൈഫര്‍ സ്വന്തമാക്കിയ നവാസാണ് കങ്കാരുപ്പടയെ തകര്‍ത്തെറിഞ്ഞത്. രണ്ട് വിക്കറ്റുമായി ഷഹീന്‍ അഫ്രീദിയും ഓരോ വിക്കറ്റുമായി നസീം ഷായും അബ്രാര്‍ അഹമ്മദും വിക്കറ്റ് വേട്ടയുടെ ഭാഗമായി.
Content Highlight: Pakistan Cricket team white wash T20I series against Australia