| Sunday, 31st August 2025, 12:10 pm

ഏഷ്യാ കപ്പിന് മുമ്പ് കച്ചമുറുക്കി പാകിസ്ഥാന്‍; തുടർച്ചയായ രണ്ടാം വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

ത്രിരാഷ്ട്ര ടി – 20 പരമ്പരയില്‍ വീണ്ടും തകര്‍പ്പന്‍ വിജയവുമായി പാകിസ്ഥാന്‍. ഏഷ്യ കപ്പിന് മുന്നോടിയായി അഫ്ഗാനിസ്ഥാനും യു.എ.ഇക്കുമെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് മെന്‍ ഇന്‍ ഗ്രീന്‍ ജയം സ്വന്തമാക്കിയത്. യു.എ.ഇക്കെതിരായ മത്സരത്തില്‍ 31 റണ്‍സിനാണ് പാകിസ്ഥാന്റെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 207 റണ്‍സിന് പുറത്തായി. സെയിം അയൂബിന്റെയും ഹസ്സന്‍ നവാസിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് സന്ദര്‍ശകര്‍ മികച്ച സ്‌കോറിലെത്തിയത്.

അയൂബ് 38 പന്തില്‍ 69 റണ്‍സ് എടുത്തു. നാല് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. നവാസ് 26 പന്തുകള്‍ നേരിട്ട് ആറ് സിക്സും രണ്ട് ഫോറും ഉള്‍പ്പടെ 56 റണ്‍സും എടുത്തു.

പാകിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന യു.എ.ഇയ്ക്ക് നിശ്ചിത ഓവറില്‍ 176 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. ആസിഫ് ഖാന്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാനായില്ല. താരം 35 പന്തില്‍ ആറ് വീതം സിക്സും ഫോറും അടക്കം 77 റണ്‍സ് നേടി. ക്യാപ്റ്റന്‍ വസീം 33 റണ്‍സ് എടുത്തത് മാത്രമാണ് യു.എ.ഇയുടെ മറ്റൊരു മികച്ച പ്രകടനം.

പാകിസ്ഥാനായി ബൗളിങ്ങില്‍ ഹസന്‍ അലി മികച്ച പ്രകടനം നടത്തി. താരം നാല് ഓവര്‍ എറിഞ്ഞ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് നവാസ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സെയിം അയൂബ്, സല്‍മാന്‍ മിര്‍സ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

അതേസമയം, ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിലും പാകിസ്ഥാന്‍ വിജയിച്ചിരുന്നു. ഒന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയാണ് മെന്‍ ഇന്‍ ഗ്രീന്‍ തോല്‍പ്പിച്ചത്. തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ താരങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഈ ആത്മവിശ്വാസവുമായാവും ഏഷ്യാ കപ്പില്‍ ഇന്ത്യയടക്കമുള്ള ടീമുകള്‍ക്കെതിരെ പാകിസ്ഥാന്‍ സംഘം ഇറങ്ങുക.

Content Highlight: Pakistan Cricket Team registers consecutive wins in Tri nation T20 series by defeating UAE

We use cookies to give you the best possible experience. Learn more