| Wednesday, 20th May 2026, 1:50 pm

ലോകത്തിലെ ആദ്യ ടീം; ചരിത്രത്തിലെ വമ്പന്‍ നാണക്കേടില്‍ മുങ്ങി പാകിസ്ഥാന്‍

Sudev A

പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര സമ്പൂര്‍ണ ആധിപത്യത്തോടെ സ്വന്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ്. അവസാന ടെസ്റ്റില്‍ 78 റണ്‍സിനാണ് പാകിസ്ഥാനെ ബംഗ്ലാദേശ് വീഴ്ത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 437 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 358 റണ്‍സിന് പുറത്തായി.

ഈ പരമ്പര കൈവിട്ടതോടെ ലോകത്തിലെ ഒരു ടീമും ആഗ്രഹിക്കാത്ത ഒരു മോശം റെക്കോഡും പാകിസ്ഥാന്റെ പേരിലായി മാറി. ഹോമിലും എവേയിലും ഒരു ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശിനോട് വൈറ്റ് വാഷ് ചെയ്യപ്പെടുന്ന ആദ്യ ടീമായാണ് പാകിസ്ഥാന്‍ മാറിയത്.

2024ലാണ് ബംഗ്ലാദേശ് പാകിസ്ഥാനെ അവരുടെ തട്ടകത്തില്‍ വൈറ്റ് വാഷ്(2-0) ചെയ്തിരുന്നത്. ഇപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം മണ്ണിലും ബംഗ്ലാദേശ് ഇത്തരത്തിലൊരു വിജയം ആവര്‍ത്തിച്ചിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് സ്വന്തം തട്ടകത്തില്‍ പാകിസ്ഥാനെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ വൈറ്റ് വാഷ് വിജയം സ്വന്തമാക്കുന്നത്.

രണ്ടാം ഇന്നിങ്‌സില്‍ പാക് ടീമിനെ എറിഞ്ഞു വീഴ്ത്തിയത് തൈജുല്‍ ഇസ്ലാമാണ്. ആറ് വിക്കറ്റുകള്‍ നേടിയാണ് താരം തിളങ്ങിയത്. നഹിദ് റാണ രണ്ട് വിക്കറ്റുകളും ഷോരിഫുല്‍ ഇസ്ലാം, മെഹിദി ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

പാക് നിരയില്‍ മുഹമ്മദ് റിസ്വാന്‍, സല്‍മാന്‍ അലി ആഘ, ക്യാപ്റ്റന്‍ ഷാന്‍ മസൂദ് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. റിസ്വാന്‍ 94 റണ്‍സ് നേടിയാണ് തിളങ്ങിയത്. 10 ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. സല്‍മാന്‍, ഷാന്‍ മസൂദ് എന്നിവര്‍ 71 റണ്‍സും നേടി.

രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 390 റണ്‍സിനാണ് പുറത്തായത്. മുഷ്ഫിഖുര്‍ റഹീമിന്റെ സെഞ്ച്വറി കരുത്തിലാണ് ബംഗ്ലാദേശ് മികച്ച സ്‌കോര്‍ നേടിയത്. 12 ഫോറുകളും ഒരു സിക്സും അടക്കം 137 റണ്‍സാണ് മുഷ്ഫിഖുര്‍ നേടിയത്. ലിറ്റണ്‍ ദാസ്(69), മഹമ്മദുല്‍ ഹസന്‍ ജോയ്(52) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

രണ്ടാം ഇന്നിങ്‌സില്‍ പാക് ബൗളിങ്ങില്‍ ഖുറം ഷെഹ്സാദ് നാല് വിക്കറ്റുകളും സാജിദ് ഖാന്‍ മൂന്ന് വിക്കറ്റുകളും നേടി തിളങ്ങി. ഹസന്‍ അലി രണ്ട് വിക്കറ്റുകളും മുഹമ്മദ് അബ്ബാസ് ഒരു വിക്കറ്റും നേടി.

അതേസമയം ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 278 റണ്‍സാണ് നേടിയത്. ലിട്ടണ്‍ ദാസ് സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 159 പന്തില്‍ 126 റണ്‍സാണ് താരം നേടിയത്.

ഖുറം ഷെഹ്സാദ് പാകിസ്ഥാന്‍ വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തി. സാജിദ് ഖാന്‍ മൂന്ന് വിക്കറ്റുകളും ഹസന്‍ അലി രണ്ട് വിക്കറ്റുകളും അബ്ബാസ് ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത പാക് ടീം 232 റണ്‍സിനാണ് ഓള്‍ ഔട്ടായത്. 68 റണ്‍സ് നേടിയ ബാബര്‍ അസമാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍.

ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് ബൗളിങ്ങില്‍ നഹിദ് റാണ മൂന്ന് വിക്കറ്റുകളും തൈജുല്‍ ഇസ്ലാം മൂന്ന് വീതം വിക്കറ്റുകകളും നേടിയപ്പോള്‍ ടാസ്‌കിന്‍ അഹമ്മദ്, മെഹദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

Content Highlight: Pakistan cricket team create a unwanted record in test cricket

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more