ശ്രീലങ്ക, ഇംഗ്ലണ്ട്, പാകിസ്ഥാൻ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിൽ ജേതാക്കളായി ആതിഥേയരായ പാകിസ്ഥാൻ. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ശ്രീലങ്കയെ മൂന്ന് വിക്കറ്റുകൾക്ക് തകർത്താണ് പാകിസ്ഥാൻ ചാമ്പ്യന്മാരായത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന പാക് ടീം മൂന്ന് വിക്കറ്റുകളും ഒമ്പത് പന്തുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു.
ഈ വിജയത്തോടെ ഒരു ഏകദിന ടൂർണമെന്റിന്റെ ഫൈനലിലെ ഏറ്റവും ഉയർന്ന ചെയ്‌സിങ്ങെന്ന ഇന്ത്യയുടെ റെക്കോഡിനൊപ്പം പാകിസ്ഥാനെത്തി. 2002ൽ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ 326 റൺസ് ചെയ്‌സ് ചെയ്ത് വിജയിച്ച ഇന്ത്യക്കൊപ്പമാണ് പാകിസ്ഥാൻ തങ്ങളുടെ പേരും എഴുതിച്ചേർത്തത്.
ഇന്ത്യയെ തന്നെ മറികടന്നാണ് പാകിസ്ഥാൻ ഈ നേട്ടത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 1998ൽ ധാക്കയിൽ നടന്ന മത്സരത്തിൽ 315 റൺസായിരുന്നു പാകിസ്ഥാനെതിരെ ഇന്ത്യ ചെയ്‌സ് ചെയ്ത് വിജയിച്ചത്.
മത്സരത്തിൽ ഫഖർ സമാന്റെ സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാൻ വിജയിച്ചത്. 99 പന്തിൽ 11 ഫോറുകളും ആറ് സിക്സുകളും അടക്കം 126 റൺസ് നേടിയാണ് താരം പാകിസ്ഥാന് റെക്കോഡ് വിജയം സമ്മാനിച്ചത്. സാഡ് ബെയ്ഗ് 74 റൺസും അറഫാത്ത് മിൻഹാസ് 61 റൺസ് നേടി ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചു.
പാക്കിസ്ഥാൻ ബൗളിങ്ങിൽ ക്യാപ്റ്റൻ ഷഹീൻ അഫ്രീദി, നസീം ഷാ സൽമാൻ അലി ആഘ, ഹാരിസ് റൗഫ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കാമിന്ദു മെൻഡീസിന്റെ സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാനെതിരെ കൂറ്റൻ ടോട്ടൽ അടിച്ചെടുത്തത്. 128 പന്തിൽ 131 റൺസാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 11 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് ഇന്നിങ്‌സ്. പവൻ രത്നനായകെ അർധ സെഞ്ച്വറിയും നേടി തിളങ്ങി. 65 പന്തിൽ 77 റൺസാണ് താരം നേടിയത്.
ശ്രീലങ്കൻ ബൗളിങ്ങിൽ ദിൽസൺ മധുശങ്ക മൂന്ന് വിക്കറ്റുകളും അസിതൊ ഫെർണാണ്ടൊ രണ്ട് വിക്കറ്റുകളും മഹേഷ് തീക്ഷണ, ദുനിത് വെല്ലെലെജ് എന്നിവർ ഓരോ വീതം വിക്കറ്റുകളും വീഴ്ത്തി.
Content Highlight: Pakistan create huge record in ODI tournament finals