| Thursday, 9th April 2026, 11:12 pm

അമേരിക്ക - ഇറാൻ ചർച്ചകൾക്ക് പിന്തുണ ഉറപ്പാക്കി പാകിസ്ഥാൻ

മുഹമ്മദ് നബീല്‍

ഇസ്‌ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്കായി എത്തുന്ന പ്രതിനിധി സംഘങ്ങൾക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.

ഇസ്‌ലാമാബാദിൽ വെച്ച് സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറുമായി നടത്തിയ കൂടിക്കാഴ്ചയിൽ സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളുടെ പ്രതിബദ്ധതയെ ഷെരീഫ് പ്രശംസിക്കുകയും സമാധാന ശ്രമങ്ങൾ വിജയിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

മേഖലയിൽ സമാധാനം കൈവരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിൽ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെ പുരോഗതി വിലയിരുത്താനാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ച് ഷെഹ്ബാസ് ഷെരീഫും അസീം മുനീറും കൂടിക്കാഴ്ച നടത്തിയത്.

വാരാന്ത്യത്തിൽ പാകിസ്ഥാനിൽ വച്ച് അമേരിക്കയും ഇറാനും ചർച്ചകൾക്ക് ഒരുങ്ങവേയാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്.

പാകിസ്താന്റെ മധ്യസ്ഥതയിൽ അമേരിക്ക 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.

വെടിനിർത്തലിന് ശേഷം ഷെഹ്ബാസ് ഷെരീഫ് ഇരുരാജ്യങ്ങളെയും സന്ധി സംഭാഷണത്തിന് ക്ഷണിക്കുകയായിരുന്നു.

അമേരിക്കൻ പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫ് , ജാരെഡ് കുഷ്നർ എന്നിവരും ഈ സംഘത്തിലുണ്ടാകും.

അതേസമയം ഇറാന്റെ പ്രതിനിധി സംഘത്തിൽ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും പാർലമെന്റ് സ്പീക്കർ ബാഖർ ഖാലിബാഫും ഉൾപ്പെടുമെന്ന് പാകിസ്ഥാൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ ടെഹ്‌റാനിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഇസ്‌ലാമാബാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള ഒരു സൈനിക കേന്ദ്രത്തിലായിരിക്കും ഈ നിർണായക ചർച്ചകൾ നടക്കുക.

മേഖലയിൽ ഇതുവരെയുണ്ടായ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ഷെഹ്ബാസ് ഷെരീഫും അസീം മുനീറും തൃപ്തി രേഖപ്പെടുത്തിയതായും, എല്ലാ കക്ഷികളും സമാധാനവും വെടിനിർത്തലും നിലനിർത്തേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞതായും പ്രസ്താവനയിൽ പറയുന്നു.

Content Highlight: Pakistan confirms support for US-Iran talks

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more