ഇസ്‌ലാമാബാദ്: അമേരിക്ക – ഇറാൻ സംഘർഷത്തെത്തുടർന്ന് ഇന്ധന വില വർധിച്ചതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്താനൊരുങ്ങി പാകിസ്ഥാൻ.
ഈ മാസം അവസാനം വരെ സ്കൂളുകളും സർവകലാശാലകളും അടച്ചിടണമെന്നും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വീട്ടിൽ നിന്നും പ്രവർത്തിക്കാനുള്ള സൗകര്യം നൽകുമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു.
‘ഇറാൻ – അമേരിക്ക ആക്രമണം മേഖലയിലാകെ വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്’ ഷെഹബാസ് ഷെരീഫ് പത്ര സമ്മേളനത്തിൽ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന ഇറക്കുമതിയെ പാകിസ്താൻ വളരെയധികം ആശ്രയിക്കുന്നതിനാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കായി സർക്കാരിന് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, കുവൈത് എന്നിവിടങ്ങളിൽനിന്നാണ് പാകിസ്ഥാൻ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഈ നാല് രാജ്യങ്ങളും ക്രൂഡ് ഓയിൽ ഉൽപാദനം നിർത്തിവെക്കുകയോ ഹോർമുസ് കടലിടുക്ക് അടച്ചതോടെ കയറ്റുമതി നിർത്തിവച്ചിരിക്കുകയോ ആണ്.
ആഗോള പെട്രോളിയം ഉപഭോഗത്തിന്റെ 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് പോകുന്നത്.
പാകിസ്ഥാനിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർ വീട്ടിൽ നിന്നും ജോലി ചെയ്യണമെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറണമെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.
അവശ്യ സേവനങ്ങളായ ബാങ്കിങ്, കൃഷി എന്നിവ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് പാകിസ്ഥാനിലേർപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ ചിലവുകൾ 20 ശതമാനം കുറയ്ക്കാനും, ഫർണിച്ചറുകളും എയർ കണ്ടിഷണറുകളും വാങ്ങിക്കുന്നത് നിരോധിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
മൂന്നുലക്ഷത്തിൽ കൂടുതൽ പാകിസ്ഥാൻ രൂപ ശമ്പളം വാങ്ങിക്കുന്നവരുടെ രണ്ടുദിവസത്തെ വേദനം പിടിച്ചുവെക്കാനും സർക്കാർ വാഹനങ്ങളുടെ ഉപയോഗം 60 ശതമാനമായി കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
അമേരിക്കയുടെ ഇറാൻ ആക്രമണം രണ്ടാം ആഴ്ചയിലേക്ക് കടക്കുകയാണ് ഇതുവരെയും ആക്രമണങ്ങളിൽ അയവുവന്നിട്ടില്ല.
Content Highlight: Pakistan closes school due to fuel crisis