| Monday, 29th September 2025, 1:41 pm

സൂര്യ ചെയ്തത് പോലെ പാക് നായകനും; മാച്ച് ഫീ ഓപ്പറേഷന്‍ സിന്ദൂര്‍ ബാധിതര്‍ക്കെന്ന് ആഘ

സ്പോര്‍ട്സ് ഡെസ്‌ക്

ഓപ്പറേഷന്‍ സിന്ദൂരില്‍ ദുരിതമനുഭവിച്ച കുട്ടികള്‍ക്കും സാധാരണക്കാര്‍ക്കും ഏഷ്യാ കപ്പില്‍ ലഭിച്ച മാച്ച് ഫീ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നല്‍കുമെന്ന് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ. ഫൈനലിന് ശേഷമുള്ള വാര്‍ത്തസമ്മേളനത്തിലാണ് പാക് നായകന്‍ ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയുടെ ആക്രമണത്തില്‍ ബാധിക്കപ്പെട്ട കുട്ടികള്‍ക്കും സാധാരണക്കാര്‍ക്കും മാച്ച് ഫീ സംഭാവന നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു,’ ആഘ പറഞ്ഞു.

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമിലെയും താരങ്ങള്‍ പരസ്പരം കൈകൊടുത്തിരുന്നില്ല. കൂടാതെ, ഫൈനലിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടില്‍ നിന്നും ഇന്ത്യന്‍ നായകന്‍ വിട്ടുനിന്നിരുന്നു. പിന്നാലെ, കിരീടം നേടിയതിന് ശേഷം ഏഷ്യന്‍ കൗണ്‍സില്‍ ചെയര്‍മാനും പാക് മന്ത്രിയുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി വാങ്ങാനും ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചിരുന്നു.

ഇതിനെ കുറിച്ചും സല്‍മാന്‍ അലി ആഘ പറഞ്ഞു. തങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതിരിക്കുന്നതിലൂടെ അവര്‍ ക്രിക്കറ്റിനോട് തന്നെ അനാദരവ് കാണിക്കുകയെന്നാണ് ആഘ പ്രതികരിച്ചത്. മികച്ച ടീമുകള്‍ അങ്ങനെ ചെയ്യില്ലെന്നും പാക് നായകന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും ഏഷ്യാ കപ്പില്‍ തനിക്ക് ലഭിച്ച മാച്ച് ഫീ മുഴുവനും പഹല്‍ഗാം ആക്രമണത്തിലെ ഇരകള്‍ക്കും ഇന്ത്യന്‍ സൈനികര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഘയും പാക് ടീമും തങ്ങളുടെ മാച്ച് ഫീയും സംഭാവന നല്‍കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യ പാക് ടീമിനെ തോല്‍പ്പിച്ച് ഏഷ്യാ കപ്പില്‍ കിരീടം ഉയര്‍ത്തിയിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. തിലക് വര്‍മ, ശിവം ദുബെ, സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങ്ങും കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ ബൗളിങ്ങുമാണ് ഇന്ത്യയുടെ ഒമ്പതാം കിരീടത്തിലേക്ക് നയിച്ചത്.

Content Highlight: Pakistan Captain Salman Ali Agha donates match fee of Asia Cup to ‘Operation Sindoor Victims’ after Suryakumar Yadav

We use cookies to give you the best possible experience. Learn more