| Saturday, 28th February 2026, 3:45 pm

അഞ്ചില്‍ 60 മാത്രം! ലോകകപ്പില്‍ തിളങ്ങാനാവാതെ പാക് നായകന്‍

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തിയ പാകിസ്ഥാന്‍ നിര്‍ണായക മത്സരത്തിന് ഇറങ്ങുകയാണ്. ഇതിനകം തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ശ്രീലങ്കയാണ് ജീവന്‍ മരണ പോരാട്ടത്തിലെ ടീമിന്റെ എതിരാളികള്‍. ഇന്നാണ് (ഫെബ്രുവരി 28) ശ്രീലങ്കയിലെ പല്ലെക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.

മെന്‍ ഇന്‍ ഗ്രീനിന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് കിവീസിനെ തോല്‍പ്പിച്ചതോടെയാണ് ടീമിന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍ വെച്ചത്. എന്നാല്‍, ലങ്കന്‍ ടീമിനെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ മാത്രമേ പാക് ടീമിന് മുന്നോട്ട് പോകാന്‍ സാധിക്കൂ.

സല്‍മാന്‍ അലി ആഘ. Photo: Sheri./x.com

ഈ നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോള്‍ പാകിസ്ഥാന് വെല്ലുവിളികള്‍ ഏറെയാണ്.ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയുടെ ഫോമാണ് അതിലൊന്ന്. ലോകകപ്പില്‍ ഇതുവരെ താരത്തിന് തിളങ്ങാന്‍ സാധിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ പാക് നായകന്‍ 60 റണ്‍സ് മാത്രമാണ് എടുത്തിട്ടുള്ളത്. 136. 4 സ്‌ട്രൈക്ക് റേറ്റും 12 ശരാശരിയുമാണ് താരത്തിനുള്ളത്.

ലോകകപ്പില്‍ അലി ആഘ ഭേദപ്പെട്ട പ്രകടനം നടത്തിയത് നമീബിയയ്ക്ക് എതിരെ മാത്രമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ നമീബിയയെ നേരിട്ടപ്പോള്‍ താരം 23 പന്തില്‍ 38 റണ്‍സെടുത്തിരുന്നു. ഇതാണ് താരത്തിന്റെ ഈ ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍.

ബാക്കിഎല്ലാ മത്സരങ്ങളിലും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന അലി ആഘയെയാണ് ആരാധകര്‍ക്ക് കാണാന്‍ സാധിച്ചത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ താരം എട്ട് പന്തില്‍ വെറും 12 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. അടുത്ത മത്സരത്തില്‍ യു.എസ്.എയോടും താരം പരാജയപ്പെട്ടു.

സല്‍മാന്‍ അലി ആഘ. Photo: Crictracker/x.com

രണ്ടാം മത്സരത്തില്‍ അലി ആഘയുടെ മൂന്ന് പന്തില്‍ ഒരു റണ്‍സായിരുന്നു സമ്പാദ്യം. പിന്നീട് ഇന്ത്യയെ നേരിട്ടപ്പോളും പാക് നായകന്‍ ക്രീസിലെത്തി വളരെ വേഗം തന്നെ മടങ്ങി. നാല് പന്തില്‍ നാല് റണ്‍സ് മാത്രമാണ് ടീമിനോട് നേടാന്‍ സാധിച്ചത്.

അതിന് ശേഷമാണ് അലി ആഘ നമീബിയയ്ക്ക് എതിരെ ഭേദപ്പെട്ട പ്രകടനം നടത്തിയത്. എന്നാല്‍, ഇംഗ്ലണ്ടിന് മുന്നിലെത്തിയപ്പോള്‍ വീണ്ടും ഓള്‍ റൗണ്ടര്‍ പരാജയപ്പെട്ടു. സൂപ്പര്‍ ഏട്ടിലെ രണ്ടാം മത്സരത്തില്‍ ആറ് പന്തുകള്‍ നേരിട്ട് അഞ്ച് റണ്‍സുമായായിരുന്നു താരത്തിന്റെ മടക്കം.

ഇപ്പോള്‍ ടൂര്‍ണമെന്റിലെ തങ്ങളുടെ ഗതി നിര്‍ണയിക്കുന്ന മത്സരത്തിന് ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്റെ ഈ മോശം ഫോം ചെറുതല്ലാത്ത ക്ഷീണം പാക് ടീമിനുണ്ടാക്കുന്നുണ്ട്.

Content Highlight: Pakistan captain Salman Ali Agha cannot deliver great knock so far in T20 World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more