| Tuesday, 3rd February 2026, 7:52 am

15 വര്‍ഷങ്ങള്‍ക്ക് ശേഷം! മെന്‍ഡിസിന് കൂട്ടായി ഇനി നവാസും

ഫസീഹ പി.സി.

ഓസ്ട്രേലിയക്ക് എതിരെയുള്ള ടി – 20 പരമ്പര പാകിസ്ഥാന്‍ തുത്തുവാരിയിരുന്നു. ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തിലും ജയിച്ചായിരുന്നു ടീമിന്റെ നേട്ടം. മത്സരത്തില്‍ 111 റണ്‍സിനാണ് മെന്‍ ഇന്‍ ഗ്രീനിന്റെ വിജയം.

മത്സരത്തില്‍ തങ്ങള്‍ ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനെ പാകിസ്ഥാന്‍ 96 റണ്‍സിന് ഓള്‍ ഔട്ടാക്കിയിരുന്നു. കങ്കാരുക്കളെ തകര്‍ത്തെറിയുന്നതില്‍ ചുക്കാന്‍ പിടിച്ചത് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് നവാസാണ്.

മുഹമ്മദ് നവാസ്. Photo: Vinod Bro/x.com

നവാസ് മത്സരത്തില്‍ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. 4.50 എക്കോണമിയില്‍ പന്തെറിഞ്ഞാണ് താരം പേരുകേട്ട ഓസീസ് നിരയെ വിറപ്പിച്ചത്. നാല് ഓവര്‍ എറിഞ്ഞ താരം വിട്ടുനല്‍കിയത് 18 റണ്‍സ് മാത്രമാണ്.

ഇതോടെ ഒരു സൂപ്പര്‍നേട്ടമാണ് നവാസ് സ്വന്തമാക്കിയത്. ടി – 20യില്‍ ഓസ്ട്രേലിയക്ക് എതിരെ രണ്ടാമത്തെ മികച്ച ബൗളിങ് പ്രകടനമാണ് താരം തന്റെ പേരില്‍ എഴുതി ചേര്‍ത്തത്. ഒപ്പം കങ്കാരുക്കള്‍ക്കെതിരെ ഫൈഫര്‍ എടുക്കുന്ന രണ്ടാമത്തെ താരമാകാനും പാക് ബൗളര്‍ക്ക് സാധിച്ചു.

ഈ രണ്ട് നേട്ടത്തിലും നവാസിന്റെ മുന്നില്‍ ശ്രീലങ്കയുടെ അജന്ത മെന്‍ഡിസ് മാത്രമാണുള്ളത്. താരം നാല് ഓവര്‍ എറിഞ്ഞ് വീഴ്ത്തിയത് ആറ് വിക്കറ്റുകളാണ്. വിട്ടുനല്‍കിയതാവട്ടെ 16 റണ്‍സും. 2011ലാണ് ലങ്കന്‍ സ്പിന്നര്‍ ഈ പ്രകടനം നടത്തിയത്. ഇപ്പോള്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു താരം ഓസീസിന് എതിരെ ഫൈഫര്‍ സ്വന്തമാക്കുന്നത്.

അജന്ത മെൻഡിസ്.Photo: ICC/x.com

അതേസമയം, നവാസിന് പുറമെ പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റുകളെടുത്തു. ഒപ്പം നസീം ഷായും അബ്രാര്‍ അഹമ്മദും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

സയീം അയൂബും ബാബർ അസമും. Photo: Spotify/x.com

ബാറ്റിങ്ങില്‍ ടീമിന് സയീം അയൂബ് 37 പന്തില്‍ 56 റണ്‍സെടുത്തപ്പോള്‍ ബാബര്‍ അസം 36 പന്തില്‍ 50 റണ്‍സുമായി പുറത്താവാതെ നിന്നു. ഇവര്‍ക്കൊപ്പം ശദാബ് ഖാന്‍ 19 പന്തില്‍ 46 റണ്‍സും ചേര്‍ത്തു.

ഓസീസിനായി ബാറ്റിങ്ങില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസ് (22 പന്തില്‍ 23), കാമറൂണ്‍ ഗ്രീന്‍ (4 പന്തില്‍ 22) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ബൗളിങ്ങില്‍ ബെന്‍ ദ്വാര്‍ഷുയിസ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മാത്യു കുന്‍മാന്‍, മാറ്റ് ഷോട്ട്, കോപ്പര്‍ കനോലി, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Content Highlight: Pakistan bowler Mohammad Nawaz became second bowler to take fifer against Australia in T20Is after Ajantha Mendis

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more