ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ജിയോ ന്യൂസ് ചാനലിന് മാധ്യമ നിയന്ത്രണ അതോറിറ്റിയായ പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആര്‍.എ) 15 ദിവസത്തെ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തി. ‘പ്രേക്ഷകരുടെ മത വികാരത്തെ വേദനിപ്പിക്കുന്ന ഉള്ളടക്കം പ്രദര്‍ശിപ്പിച്ചു,’ എന്ന കാരണം പറഞ്ഞാണ് ഈ ശനിയാഴ്ച ജിയോ ന്യൂസിനെതിരെ റെഗുലേറ്ററി അതോറിറ്റി നടപടി സ്വീകരിച്ചത്.
ജൂണ്‍ 26-ന് സംപ്രേഷണം ചെയ്ത ‘സഫര്‍-എ-ഇഷ്‌ക്’ എന്ന മുഹറം പ്രത്യേക പരിപാടിയിലാണ് ‘മത വികാരത്തെ വ്രണപ്പെടുത്തുന്ന’ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാണ് പി.ഇ.എം.ആര്‍.എ പറയുന്നത്. ഈ സംഭവത്തില്‍ ജിയോ ന്യൂസ് മാപ്പു പറയുകയും വിശദീകരണം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു എഡിറ്റോറിയല്‍ പിഴവ് കാരണമാണ് ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്ന് ജിയോ ന്യൂസ് വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.
ഇറാഖിലെയും മറ്റ് ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെയും ഒരു ചെറിയ ജനവിഭാഗത്തിന്റെ പ്രാദേശിക ആചാരങ്ങളെക്കുറിച്ചുള്ള വീഡിയോ ആയിരുന്നു തങ്ങള്‍ സംപ്രേക്ഷണം ചെയ്‌തെന്ന് ജിയോ ടിവിയുടെ വിശദീകരണത്തില്‍ പറയുന്നു.
ഒരു മതപരമായ കാഴ്ചപ്പാടില്‍ ഈ കാര്യങ്ങളെ അവതരിപ്പിക്കാനായിരുന്നില്ല തങ്ങള്‍ ഉദ്ദേശിച്ചത്. ജിയോ ന്യൂസ് നിര്‍മിച്ചതോ പ്രത്യേക ഉദ്ദേശത്തോടെ പ്രദര്‍ശിപ്പിച്ചതോ അല്ല ആ വീഡിയോ. പെട്ടെന്ന് തന്നെ ആ വീഡിയോ ജിയോ ന്യൂസ് നീക്കം ചെയ്തിരുന്നു. ഇത്തരം ഉള്ളടക്കങ്ങള്‍ ചാനലില്‍ പ്രദര്‍ശിപ്പിച്ചത് തങ്ങളുടെ എഡിറ്റോറിയന്‍ നയത്തിന് അനുസരിച്ചല്ലെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.
ഗായിക ആശ ഭോസ്‌ലെയെക്കുറിച്ചുള്ള ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് ഈ വര്‍ഷം മേയിലും പി.ഇ.എം.ആര്‍.എ ജിയോ ന്യൂസിന് നോട്ടീസ് അയച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 12ന് അന്തരിച്ച ആശ ഭോസ്‌ലെയെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു പരിപാടിയില്‍ അവരുടെ ഗാനങ്ങളും ചലച്ചിത്രങ്ങളില്‍ നിന്നുള്ള രംഗങ്ങളും ചാനല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് 2018 മുതല്‍ രാജ്യത്ത് ഇന്ത്യന്‍ ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞായിരുന്നു പി.ഇ.എം.ആര്‍.എയുടെ നോട്ടീസ്.
പി.ഇ.എം.ആര്‍.എയുടെ നടപടിക്കെതിരെ അന്ന് വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഒരു ഇതിഹാസ കലാകാരിയെ അനുസ്മരിക്കുന്ന റിപ്പോര്‍ട്ടില്‍ അവരുടെ സൃഷ്ടികള്‍ അവതരിപ്പിക്കുന്നത് മാധ്യമധര്‍മ്മമാണെന്ന് ജിയോ ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ അസ്ഹര്‍ അബ്ബാസ് അന്ന് പറഞ്ഞിരുന്നു. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഷെറി റഹ്‌മാന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും പി.ഇ.എം.ആര്‍.എയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.
Content highlight: Pakistan bans Geo News over airing alleged ‘blasphemous’ content on Muharram Program