| Tuesday, 21st January 2025, 12:58 pm

ചാമ്പ്യന്‍സ് ട്രോഫി: ഞങ്ങളുടെ പേര് ഇന്ത്യ ജേഴ്‌സിയില്‍ പ്രിന്റ് ചെയ്യുന്നില്ല; പരാതിയുമായി പാകിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫില്‍ വീണ്ടും ഇന്ത്യ – പാകിസ്ഥാന്‍ വിവാദം. നേരത്തെ ടൂര്‍ണമെന്റിനായി പാകിസ്ഥാനിലേക്ക് സഞ്ചരിക്കില്ല എന്ന നിലപാടിന് പുറമെ ടൂര്‍ണമെന്റ് നേരത്തെ നടന്ന ഏഷ്യ കപ്പ് പോലെ ഹൈബ്രിഡ് മാതൃകയില്‍ നടത്താന്‍ ഐ.സി.സി നിര്‍ബന്ധിതരാവുകയായിരുന്നു.

ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരായ തങ്ങളുടെ പേര് ഇന്ത്യ തങ്ങളുടെ ജേഴ്‌സില്‍ പ്രിന്റ് ചെയ്യുന്നില്ല എന്ന പാകിസ്ഥാന്റെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്.

ഹൈബ്രിഡ് മോഡലില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും ന്യൂട്രല്‍ വേദിയായ ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് വേദിയാകുന്നത്. ഇന്ത്യ തങ്ങളുടെ മത്സരങ്ങള്‍ ദുബായിലാണ് കളിക്കുന്നതെങ്കിലും ഔദ്യോഗിക വേദിയായ പാകിസ്ഥാന്റെ പേര് എല്ലാ രാജ്യങ്ങളും ടൂര്‍ണമെന്റിന്റെ പേരിനൊപ്പം പ്രിന്റ് ചെയ്യേണ്ടതാണ്.

ഇന്ത്യ കിരീടമണിഞ്ഞ 2013 ചാമ്പ്യന്‍സ് ട്രോഫിയടക്കം മുമ്പ് നടന്ന ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യ ഇത്തരത്തില്‍ ആതിഥേയ രാജ്യത്തിന്റെ പേര് ജേഴ്‌സിയില്‍ പ്രിന്റ് ചെയ്തിരുന്നു.

ടൂര്‍ണമെന്റിന്റെ ആതിഥേയ രാജ്യത്തിന്റെ പേര് ജഴ്‌സിയില്‍ പ്രിന്റ് ചെയ്യാത്ത ഇന്ത്യയുടെ നടപടി ഐ.സി.സി ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്.

‘ബി.സി.സി.ഐ ക്രിക്കറ്റില്‍ രാഷ്ട്രീയം കൂട്ടികലര്‍ത്തുകയാണ്. അത് ക്രിക്കറ്റിന് നല്ലതല്ല. ആദ്യം പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറായില്ല. പിന്നാലെ ഉദ്ഘാടന ചടങ്ങുകളിലേക്ക് ഇന്ത്യന്‍ ടീം ക്യാപ്റ്റനെയും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അയയ്ക്കുന്നില്ല.

ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് വേദിയാകുന്ന രാജ്യത്തിന്റെ പേരും ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയില്‍ നിന്ന് ബി.സി.സി.ഐ ഒഴിവാക്കുന്നു. ഈ നടപടി ഐ.സി.സി അനുവദിക്കില്ലെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,’ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി അരങ്ങേറുന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടും. കറാച്ചിയാണ് വേദി.

ഫെബ്രുവരി 20നാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ഫെബ്രുവരി 20 vs ബംഗ്ലാദേശ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

ഫെബ്രുവരി 23 vs പാകിസ്ഥാന്‍ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

മാര്‍ച്ച് 2 vs ന്യൂസിലാന്‍ഡ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

Content Highlight:  Pakistan against BCCI’s stance of not printing their name on the jersey

We use cookies to give you the best possible experience. Learn more