കാബൂള്‍: അഫ്ഗാനിസ്ഥാന്‍ – പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ശക്തമായ ഏറ്റുമുട്ടല്‍. പാകിസ്ഥാന്റെ സൈനിക പോസ്റ്റുകളെ താലിബാന്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ 12 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം പാകിസ്ഥാന്റെ ആക്രമണത്തിനുള്ള തിരിച്ചടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച വൈകി പാകിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് ആരംഭിച്ചു. കുനാര്‍, ഹെല്‍മണ്ട് പ്രവിശ്യകള്‍ ഉള്‍പ്പെടെ ഡ്യൂറണ്ട് ലൈനിലെ നിരവധി പാക് ആര്‍മി ഔട്ട്പോസ്റ്റുകള്‍ താലിബാന്‍ നേതൃത്വത്തിലുള്ള അഫ്ഗാന്‍ സൈന്യം പിടിച്ചെടുത്തതായി അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കുനാര്‍, ഹെല്‍മണ്ട് പ്രവിശ്യകളിലെ ഡ്യൂറണ്ട് ലൈനിന് കുറുകെയുള്ള പാക് സൈന്യത്തിന്റെ നിരവധി ഔട്ട്പോസ്റ്റുകള്‍ താലിബാന്‍ സൈന്യം പിടിച്ചെടുത്തുവെന്ന് അഫ്ഗാന്‍ പ്രതിരോധ ഉദ്യോഗസ്ഥന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ആക്രമണത്തില്‍ പാകിസ്ഥാന് മേല്‍ നാശം വിതയ്ക്കാന്‍ സാധിച്ചെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുനാറിലും ഹെല്‍മണ്ടിലും ഉടനീളമുള്ള ഓരോ ഔട്ട്പോസ്റ്റുകള്‍ നശിപ്പിക്കപ്പെട്ടു. അഫ്ഗാനിസ്താനില്‍ നിന്ന് ശക്തമായ തിരിച്ചടി ലഭിച്ചതായി പാകിസ്ഥാനും സ്ഥീരികരിച്ചിട്ടുണ്ട്.
അതേസമയം, ഈ ആക്രമത്തില്‍ തങ്ങള്‍ പ്രത്യാക്രമണം നടത്തിയതായി പാകിസ്ഥാനും അറിയിച്ചു. അതിര്‍ത്തിയിലെ പലയിടങ്ങളിലും വലിയ തോതിലുള്ള ഏറ്റുമുട്ടലുകളുണ്ടായെന്നാണ് പാക് സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിക്കുന്നത്.
നിരവധി അതിര്‍ത്തി പോയിന്റുകളില്‍ താലിബാന്‍ സൈന്യത്തിന്റെ ആക്രമണമുണ്ടായി. താലിബാനെ തങ്ങളുടെ പ്രദേശം ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും പാക് സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച അഫ്ഗാന്‍ തലസ്ഥാനത്ത് രണ്ട് സ്‌ഫോടനങ്ങളും തെക്കുകിഴക്കന്‍ അഫ്ഗാനില്‍ ഒരു സ്‌ഫോടനവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്‍ പാക് ഔട്ട്‌പോസ്റ്റുകളിലടക്കം ആക്രമണം നടത്തിയത്.
ബഹ്റാംച ജില്ലയിലെ ഷാക്കിജ്, ബിബി ജാനി, സലേഹാന്‍ പ്രദേശങ്ങളിലും പക്തിയയിലെ ആര്യുബ് സാസി ജില്ലയിലും ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
യാതൊരു തരത്തിലുള്ള പ്രകോപനവുമില്ലാത്ത അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്നുമുണ്ടായ ആക്രമണത്തിന് തങ്ങളുടെ സൈന്യം പൂര്‍ണ ശക്തിയോടെ മറുപടി നല്‍കുന്നുണ്ടെന്ന് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാകിസ്ഥാന്‍ അഫ്ഗാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനുള്ള പ്രതികാര നടപടിയെന്നാണ് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് എനായത്തുള്ള ഖോവാരസ്മി ഈ ഓപ്പറേഷനെ വിശേഷിപ്പിച്ചത്. പ്രാദേശിക സമയം അര്‍ധരാത്രിയോടെ ഏറ്റുമുട്ടലുകള്‍ അവസാനിച്ചതായി അദ്ദേഹം പറഞ്ഞു.
എതിരാളികള്‍ അഫ്ഗാനിസ്താന്റെ വ്യോമാതിര്‍ത്തി ലംഘിച്ചാല്‍ സായുധസേന തങ്ങളുടെ വ്യോമാതിര്‍ത്തി സംരക്ഷിക്കാന്‍ തയ്യാറാണൈന്നും ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്യുമെന്ന് ഖോവാരസ്മി കൂട്ടിച്ചേര്‍ത്തു. കാബൂളിന് സമീപം പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അതിര്‍ത്തി കടന്നുള്ള പോരാട്ടം.
Content Highlight: Pakistan-Afghanistan border tensions intensify.