| Monday, 25th December 2017, 7:12 am

വയോജനപ്പെരുപ്പത്തിന് വൃദ്ധസദനങ്ങളല്ല പരിഹാരം: മാതൃകാ പദ്ധതിയുമായി കേരളം

എഡിറ്റര്‍

1998 ല്‍ തുടങ്ങിയ വെള്ളിമാടുകുന്നിലുള്ള വൃദ്ധസദനത്തില്‍ ഇപ്പോള്‍ 75 അന്തേവാസികളുണ്ട്. 36 സ്ത്രീകളും 39 പുരുഷന്മാരും. ഈയിടക്ക് മൂന്ന് പേര്‍ മരണപ്പെട്ടു. സംസ്ഥാനത്ത് സര്‍ക്കാരിന്റെ കീഴില്‍ സ്ഥിതി ചെയ്യുന്ന 12 വൃദ്ധസദനങ്ങളില്‍ കോഴിക്കോട് ജില്ലയിലേതാണ് വെള്ളിമാട് കുന്നിലെ വൃദ്ധസദനം. 60 വയസ്സിനു മുകളിലുള്ള അവശരായവരെയാണ് സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ എടുക്കാറുള്ളൂ. ആരുമില്ലാത്തവരും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരുമാണ് ഇവര്‍. പൊലീസോ മറ്റ് സന്നദ്ധ സംഘടനകളോ ഒക്കെയാണ് ആളുകളെ ഇവിടെ എത്തിക്കുന്നത്. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലാണ് ഇതുസ്ഥിതി പെയ്യുന്നത്.

ആഴ്ചയില്‍ ഒരു തവണ അലോപ്പതിയിലും ഹോമിയോപ്പതിയിലും ഇവര്‍ക്ക് സര്‍ക്കാര്‍ ചികിത്സ നല്‍കുന്നു. കൂടാതെ എല്ലാ ദിവസവും ആയുര്‍വേദ ഡോക്ടറുടെ സേവനവും നല്‍കുന്നു. അന്തേവാസികളുടെ കാര്യങ്ങള്‍ നോക്കുന്നതിനു വേണ്ടി ഏഴു ജീവനക്കാരാണുള്ളത്. വെള്ളിമാട് കുന്ന് വൃദ്ധസദനത്തിലെ സൂപ്രണ്ട് സിദ്ധീഖ് പറയുന്നു. ഇത് സര്‍ക്കാര്‍ സ്ഥാപനത്തിലെ മാത്രം കണക്കുകളാണ്. കോഴിക്കോട് ജില്ലയില്‍ തന്നെ ഏഴിലധികം വൃദ്ധസദനങ്ങള്‍ സ്വകാര്യ ഉടമസ്ഥയിലുണ്ടെന്നും അദ്ദേഹം പറയുന്നു.

മാനുഷിക വികസന സൂചിക പ്രകാരം ഇന്ന് മലയാളിയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 78.7 വയസാണ്. 2050 ഓടെ ഇത് 83 വയസ്സിനു മുകളിലെത്തും എന്നാണ് കരുതപ്പെടുന്നത്. 50 വയസ്സിനു മുമ്പ് ആളുകള്‍ മരിച്ചു പോവുന്ന കാലത്തുനിന്നും 60 വയസ്സിന് മുകളില്‍ ജീവിക്കുന്ന അവസ്ഥയിലേക്ക് മലയാളി എത്തിപ്പെട്ടിട്ട് അധികം കാലമായിട്ടില്ല. നമ്മുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 1930-ല്‍ വെറും 30 വയസ്സും 1940-ല്‍ 36 വയസ്സുമായിരുന്നു. സ്വാതന്ത്ര്യം കിട്ടുന്നകാലത്ത് മലയാളിയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കഷ്ടിച്ച് 40 വയസ്സായിരുന്നു.

കേരളത്തില്‍ ഇപ്പോള്‍ ജനസംഖ്യയുടെ 13 ശതമാനം വൃദ്ധ ജനങ്ങളാണ് ഉള്ളത്. 2035 ഓടുകൂടി ഇത് ക്രമാതീതമായി ഉയരും എന്നാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയ ഡോക്ടര്‍ മുഹമ്മദ് അഷീല്‍ പറയുന്നത്. 20 മുതല്‍ 45 വയസ്സുവരെയുള്ള ഉല്പാദനക്ഷമതയുള്ള ജനങ്ങളെക്കാള്‍ കൂടുതലായി വൃദ്ധര്‍ വരും. അതിനെ തരണം ചെയ്യുന്നതിന് കേരളം തയ്യാറായേ മതിയാകൂ എന്നും അദ്ദേഹം പറയുന്നു.

2011 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 60 കഴിഞ്ഞവരുടെ എണ്ണം 58 ലക്ഷത്തിന് മുകളിലാണ്. ആകെ ജനസംഖ്യയുടെ 12.6 ശതമാനമാണിത്. 1961ല്‍ 5.83 ശതമാനമായിരുന്നു 60 വയസ്സിനുമേല്‍ പ്രായമുള്ളവരുടെ സംഖ്യ. അന്നിത് ദേശീയ ശരാശരിയുമായി ഏകദേശം തുല്യമായിരുന്നു. 1991-ലെ കണക്കനുസരിച്ച് ദേശീയ ശരാശരിയെ പിന്തള്ളിക്കൊണ്ട് കേരളത്തിലെ വയോധികരുടെ എണ്ണം 8.82% ആയി ഉയര്‍ന്നു.

2001 ആയപ്പോഴേക്കും ഇതുമൊത്തം ജനസംഖ്യയുടെ 9.79ശതമാനം ആയി മാറി. ഈ കണക്കുകള്‍ അനുസരിച്ച് 2021 ആകുമ്പോഴേക്കും വയോജനങ്ങളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 16 ശതമാനമാകും. ഈ ക്രമാതീതമായ വളര്‍ച്ച 2026-ല്‍ 20 ശതമാനത്തിലേക്ക് എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2006 ലെ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പറയുന്നത് ലോകത്തെ മൊത്തം ജനസംഖ്യയുടെ 11 ശതമാനം വയോജനങ്ങള്‍ ആണെന്നാണ്. 2050 ആകുന്നതോടെ ഇത് 22% ആകുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലും വയോജനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. 1961 ല്‍ ഇന്ത്യയില്‍ വയോജനങ്ങളുടെ എണ്ണം ആകെ ജനസംഖ്യയുടെ 5.8 ശതമാനവും 1991 ല്‍ 6.8 ശതമാനവും ആയിരുന്നു. എന്നാല്‍ 2011 ആയതോടെ ഇത് 8.6 ശതമാനം ആയെന്ന് ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷന്‍ ഫണ്ട് 2017 ല്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

Related image

104 മില്ല്യണ്‍ വയോജനങ്ങളാണ് ഇന്ത്യയില്‍ ഉള്ളതെന്നും അതില്‍ 53 മില്ല്യണ്‍ സ്ത്രീകളും 51 മില്ല്യണ്‍ പുരുഷന്‍മാരുമാണെന്നും ഈ പഠനം പറയുന്നു.

1991-ലെ കണക്കനുസരിച്ച് ജനസംഖ്യാ വര്‍ദ്ധനയെ അപേക്ഷിച്ച് വയോജനങ്ങളുടെ വര്‍ദ്ധന 60ശതമാനത്തില്‍ കൂടും. 70 വയസ്സ് കഴിഞ്ഞ അതിവൃദ്ധര്‍ വിഭാഗത്തിലുള്ളവരുടെ വര്‍ദ്ധന നിരക്ക് 60 വയസ്സ് കഴിഞ്ഞ നവവൃദ്ധരെ അപേക്ഷിച്ച് കൂടുതലാണ്. ജനസംഖ്യാ നിയന്ത്രണം ഇതിന് കാരണമായി.

ജനസംഖ്യയിലെ ഈ സ്ഥിതി വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായി. ഇത് മാത്രമല്ല വൃദ്ധസദനങ്ങളുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് ഡോക്ടര്‍ അഷീല്‍ പറയുന്നത്. “ജീവിത പങ്കാളി ആയിരുന്നവരുടെ മരണം ഇവരെ കൂടുതല്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ എത്തിക്കുന്നു. മക്കളുടെയോ ബന്ധുക്കളുടെയോ ക്രൂരകൃത്യങ്ങള്‍ കൊണ്ടും വയോജനങ്ങള്‍ വൃദ്ധസദനങ്ങളില്‍ എത്തുന്നു. എന്നാല്‍ മുഴുവന്‍ ഇത്തരം കാരണങ്ങള്‍ കൊണ്ടല്ല” എന്നും അദ്ദേഹം പറയുന്നു.

അണുകുടുംബ വ്യവസ്ഥയും കുടുംബത്തില്‍ വിദ്യാസമ്പന്നരുടെ എണ്ണം കൂടിയതുമെല്ലാം വൃദ്ധസദനങ്ങള്‍ പെരുകുന്നതിന് കാരണമായെന്നാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ സംസ്ഥാന കോഡിനേറ്റര്‍ പറയുന്നു.

കൂട്ടുകുടുംബങ്ങളുണ്ടായിരുന്നിടത്ത് ഇന്ന് അണുകുടുംബങ്ങള്‍ വന്നു. വിദ്യാഭ്യാസ സമ്പന്നരുടെ എണ്ണം കുടുംബങ്ങളില്‍ കൂടി. സ്വയംപര്യാപ്തത കൈവരിച്ച സാഹചര്യത്തില്‍ സ്ത്രീയും പുരുഷനും ജോലിക്കു പോകുമ്പോള്‍ വീട്ടില്‍ പ്രായം ചെന്നവരെ നോക്കാന്‍ ആരുമില്ലാത്ത അവസ്ഥ വന്നു. ഓരോ ദിക്കുകളിലും വൃദ്ധസദനങ്ങല്‍ ആവിര്‍ഭവിക്കാന്‍ ഇതൊക്കെ കാരണമായിത്തീര്‍ന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് അവയുടെ എണ്ണം കൂടിയിരിക്കുന്നത്.

കേരളം 28 സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത് പഴയ തലമുറയുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം മൂലമാണ്. ഇന്നത്തെ തലമുറ അനുഭവിക്കുന്ന എല്ലാ സുഖവും സൗകര്യവും ജോലിയും അഞ്ചക്ക ശമ്പളവും എല്ലാം അവര്‍ ഉണ്ടാക്കി കൊടുത്തതാണ്. അവരെ പരിരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ബാധ്യതയും പുതിയ തലമുറയുടേതാണ്. അത്തരത്തില്‍ പുതിയ തലമുറക്ക് ഉത്തരവാദിത്വം നല്‍കുന്ന നിയമം കൊണ്ടുവരണം. അല്ലാത്തവരെ ജയിലിലടക്കണമെന്നും അദ്ദേഹം പറയുന്നു.

നിലവില്‍ കേരളത്തിലുള്ള 12 വൃദ്ധസദനങ്ങളും മാതൃകാപരമായല്ല സ്ഥിതി ചെയ്യുന്നതെന്നാണ് ഡോക്ടര്‍ അഷീല്‍ പറയുന്നത്. “മിനിമം സൗകര്യങ്ങള്‍ പോലും വൃദ്ധസദനങ്ങള്‍ക്കില്ല. അടിസ്ഥാനപരമായ ചിട്ടവട്ടങ്ങളുമില്ല.” അദ്ദേഹം പറയുന്നു.

കേരളത്തില്‍ നിലവില്‍ സര്‍ക്കാര്‍ വൃദ്ധസദനങ്ങള്‍ക്ക് പുറമെ മത സംഘടനകളും ആതുര സേവന സംഘടനകളുമെല്ലാം നിരവധി വൃദ്ധസദനങ്ങള്‍ നടത്തുന്നുണ്ട് . എന്നാല്‍ ഇവക്കെല്ലാം കൃത്യമായ രജിസ്ട്രേഷന്‍ സംവിധാനങ്ങളോ പാലിക്കേണ്ട നിയമങ്ങളോ ഒന്നും നിലവിലില്ല. കേരളത്തില്‍ നിലവില്‍ ആര്‍ക്ക് വേണമെങ്കിലും വൃദ്ധസദനങ്ങള്‍ തുടങ്ങാം എന്നുള്ള സ്ഥിതിയാണ്. അടുത്ത വര്‍ഷത്തോടെ വൃദ്ധസദനങ്ങള്‍ തുടങ്ങുന്നതിനു ഒരു മിനിമം സ്റ്റാന്‍ഡേര്‍ഡ് ഗൈഡ്‌ലൈന്‍സ് ഉണ്ടാകാന്‍ പോവുകയാണെന്നും അദ്ദേഹം പറയുന്നു.

അതൊരു പ്രധാന ഘടകമാണ്. നിലവില്‍ കേരളത്തില്‍ നിരവധി വൃദ്ധസദനങ്ങള്‍ ഉണ്ടെങ്കിലും അവക്ക് കാര്യക്ഷമായി നടപ്പാക്കുന്ന കൃത്യമായ ചട്ടങ്ങളില്ല.

1999 അവസാനത്തില്‍ കേരളത്തില്‍ 134 വൃദ്ധസദനങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് സി.ഡി.എസിലെ കണക്കുകള്‍ പറയുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണിത്. 1950 ല്‍ വെറും 19 എണ്ണം ഉണ്ടായിരുന്നിടത്താണ് ഇത്രയും വലിയ വളര്‍ച്ച വൃദ്ധസദനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്.

എന്തൊക്കെയാണ് വൃദ്ധസദനങ്ങള്‍ക്ക് അടിസ്ഥാനപരമായി വേണ്ടത് എന്നും ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വൃദ്ധസദനങ്ങളില്‍ അന്തേവാസികളെ എടുക്കുന്നത് എന്നതിനെല്ലാം കൃത്യമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ടാക്കി രജിസ്ട്രേഷന്‍ സംവിധാനം ഉറപ്പു വരുത്തണമെന്ന് ഡോക്ടര്‍ അഷീല്‍ പറയുന്നു.

നിലവില്‍ ഓര്‍ഫനേജ് കണ്ട്രോള്‍ ബോര്‍ഡിന്റെ കീഴിലാണ് വൃദ്ധസദനങ്ങളുടെ രജിസ്ട്രേഷന്‍ നടക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ കേന്ദ്രങ്ങളെ കുറിച്ചും അവിടെ വ്യക്തമായ കണക്കുകളില്ല. വൃദ്ധസദനങ്ങള്‍ക്ക് പ്രത്യേകമായി തന്നെ ഒരു ഡിപ്പാര്‍ട്ടുമെന്റ് ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാകുന്നു.

കേരളത്തില്‍ വരാനിരിക്കുന്ന വൃദ്ധരുടെ അതിവളര്‍ച്ച സമൂഹത്തെ ഗുരുതരമായി ബാധിക്കാതിരിക്കാന്‍ കൃത്യമായ കാഴ്ചപ്പാടോടെ മുന്നോട്ടു പോകേണ്ടതുണ്ട് എന്നാണ് അഷീല്‍ ഡോക്ടര്‍ പറയുന്നത്.

കേരളത്തില്‍ 56 വയസ്സുവരെയാണ് നിലവില്‍ ഒരു മനുഷ്യനെ പ്രൊഡക്ടീവ് ആയി നിലനിര്‍ത്തുന്നുള്ളൂ. പിന്നീട് റിട്ടയര്‍ ആവുകയും ശേഷം വിശ്രമ ജീവിതത്തിലേക്ക് തള്ളുകയും ചെയ്യുന്നു. ഈ പ്രശ്നത്തെ മറികടക്കാന്‍ 75 വയസ്സുവരെയെങ്കിലും ആളുകളെ പ്രൊഡക്ടീവ് മേഖലയില്‍ നില നിര്‍ത്താനാവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു.

Image result for പകല്‍വീട്

ജപ്പാനിലും സമാനമായ പ്രശ്നം ഉണ്ടായിരുന്നു. അവര്‍ ഈ പ്രശ്നത്തെ മറികടന്നു. വൃദ്ധരാകുന്ന ആളുകള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അനുസരിച്ച് ചെയ്യാന്‍ കഴിയുന്ന തൊഴിലുകള്‍ കണ്ടെത്തി. അതിലൂടെ അവരെ പരമാവധി കാലം ഉത്പാദന രംഗത്ത് നില നിര്‍ത്തി.

ജപ്പാനില്‍ പോയപ്പോള്‍ അവിടെ തനിക്കു കിട്ടിയ ഡ്രൈവര്‍ക്ക് 85 വയസ്സായിരുന്നു എന്ന് ഡോക്ടര്‍ അഷീല്‍ പറയുന്നു. നമ്മുടെ സംസ്ഥാനത്തും നിരവധി ആളുകള്‍ ഇപ്പോഴും ആരോഗ്യത്തോടെ നില്‍കുന്നവരുണ്ട്. എന്നാല്‍ അതില്‍ കൂടുതല്‍ ആളുകളും വീടുകളില്‍ ഇരിക്കേണ്ട അവസ്ഥയുണ്ടാകുന്നു. അധ്യാപകരെ പോലെയുള്ള ആളുകള്‍ക്ക് ഇനിയും സമൂഹത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ മിഷന്‍ ഇതിനായി ഒരു പുതിയ പദ്ധതിയുമായി രംഗത്തേക്ക് വരുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ “പകല്‍ വീടുകള്‍” നിര്‍മിച്ച് വൃദ്ധരായ ആളുകളെ പകല്‍ സമയങ്ങളില്‍ അവരുടെ കഴിവുകളില്‍ പ്രാക്ടീസ് ചെയ്യിക്കാനാണിത്. ആശ്രിതരായി ഒന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോള്‍ അത് വൃദ്ധ ജനങ്ങളെ മാനസികമായി തളര്‍ത്തുന്നു.

മാനസ്സികമായ ഉറപ്പു നഷ്ടപ്പെടുന്നതോടെ അവരുടെ ആരോഗ്യത്തേയും അത് ബാധിക്കും. എന്നാല്‍ പകല്‍ വീടുകളില്‍ ഇത്തരം ആളുകള്‍ക്ക് സ്വതന്ത്രമായി അവരാല്‍ ആകുന്നരീതിയില്‍ ഉത്പാദനരംഗത്ത് നിലനിര്‍ത്താനും കഴിയും. സാമൂഹ്യ സുരക്ഷാ മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ പറയുന്നു.

മൂന്നു വയസ്സായ കുട്ടികള്‍ക്ക് നഴ്‌സറി സ്‌കൂള്‍ ഒരുക്കുന്ന പോലെ ഇവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് പകല്‍ വീടുകള്‍ ഉണ്ടാകുക. അധ്യാപകരെപ്പോലുള്ളവര്‍ക്ക് അവരുടെ കാര്യങ്ങള്‍ പ്രാക്ടീസ് ചെയ്യാനും മറ്റുള്ളവര്‍ക്ക് ചെറിയ സംരംഭങ്ങളൊക്കെ തുടങ്ങാന്‍ സഹായകരമാകുന്ന തരത്തിലാണ് ഇത് പ്രവര്‍ത്തിക്കുക.

സമപ്രായക്കാര്‍ക്കൊപ്പം എത്തുന്നതോടെ പരസ്പരം കാര്യങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാനും, കായികപരമായൊക്കെ ഇടപെടാനും കഴിയുന്നു. അവര്‍ ഇവിടങ്ങളില്‍ ആനന്ദം കണ്ടെത്തുകയും മാനസിക സംഘര്‍ഷങ്ങളില്ലാതെ വാര്‍ധക്യ കാലത്തെ നിലനിര്‍ത്താനും ഉപേക്ഷിക്കലുകളുണ്ടാക്കുന്ന വിഷമങ്ങള്‍ കുറക്കാനും പകല്‍ വീട് പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുടുംബശ്രീയുമായി സഹകരിച്ച് സംസ്ഥാനത്തെ 70 നഗരസഭകളിലായാണ് പകല്‍ വീട് പദ്ധതി ആദ്യഘട്ടം നടപ്പാക്കുന്നത്. തുടര്‍ന്ന് ഗ്രാമങ്ങളിലേക്കും ഇത് വികസിപ്പിക്കും. ഓള്‍ഡേജ് ഡേ കെയര്‍ ആയാണ് ഇവ പ്രവര്‍ത്തിക്കുക എന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ കോര്‍ഡിനേറ്റര്‍ പറയുന്നു.

ഇന്ത്യയും കൂടുതലായും കേരളവും നേരിടാന്‍ പോകുന്ന ഈ പ്രതിസന്ധിയെ ഇത്തരത്തില്‍ നേരിടാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുമെന്നും കരുതുന്നുണ്ട്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more