ശ്രീലങ്കയുടെ പാകിസ്ഥാന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് മുമ്പില്‍ 300 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി മെന്‍ ഇന്‍ ഗ്രീന്‍. റാവല്‍പിണ്ടിയിയില്‍ നടക്കുന്ന മത്സരത്തില്‍ സല്‍മാന്‍ അലി ആഘയുടെ സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് അത്രകണ്ട് മികച്ച തുടക്കമല്ല ലഭിച്ചത്. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ സയീം അയ്യൂബ് പുറത്തായി. 14 പന്തില്‍ ആറ് റണ്‍സാണ് താരം നേടിയത്. അസിത ഫെര്‍ണാണ്ടോയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു അയ്യൂബ് മടങ്ങിയത്.
ഫഖര്‍ സമാന്‍ 32 റണ്‍സിനും ബാബര്‍ അസം 29 റണ്‍സിനും മുഹമ്മദ് റിസ്വാന്‍ അഞ്ച് റണ്‍സിനും വീണതോടെ പാകിസ്ഥാന്‍ ഒരുവേള 30 ഓവറില്‍ 120 റണ്‍സ് കടക്കാന്‍ പാടുപെട്ടു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ക്രീസിലെത്തിയ സല്‍മാന്‍ അലി ആഘ പാകിസ്ഥാന്‍ ഇന്നിങ്‌സിന് കരുത്തായി.
ഹുസൈന്‍ താലത്തിനെ ഒപ്പം കൂട്ടി അഞ്ചാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ചേര്‍ന്ന് 138 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്.
താലത്തിനെ പുറത്താക്കി മഹീഷ് തീക്ഷണയാണ് കൂട്ടുകെട്ട് പൊളിച്ചത്. 63 പന്ത് നേരിട്ട താരം 62 റണ്‍സ് സ്വന്തമാക്കി. പിന്നാലെയെത്തിയ മുഹമ്മദ് നവാസും ആഘാ സല്‍മാനാവശ്യമായ പിന്തുണ നല്‍കിയതോടെ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299ലെത്തി.
87 പന്തില്‍ പുറത്താകാതെ 105 റണ്‍സാണ് ആഘാ സല്‍മാന്‍ സ്വന്തമാക്കിയത്. ഒമ്പത് ഫോറിന്റെ അകമ്പടിയോടെ 120.69 എന്ന സ്‌ട്രൈക് റേറ്റിലാണ് താരം റണ്ണടിച്ചത്. 23 പന്തില്‍ 36 റണ്‍സുമായി മുഹമ്മദ് നവാസും പുറത്താകാതെ നിന്നു.
എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ച 24 റണ്‍സും ടോട്ടലില്‍ നിര്‍ണായകമായി.
ശ്രീലങ്കയ്ക്കായി വാനിന്ദു ഹസരങ്ക മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അസിത ഫെര്‍ണാണ്ടോ മഹീഷ് തീക്ഷണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ശ്രീലങ്ക – പാകിസ്ഥാന്‍ ഹെഡ് ടു ഹെഡില്‍ പാകിസ്ഥാനാണ് മേല്‍ക്കൈ. ഇതുവരെ കളിച്ച 157 മത്സരത്തില്‍ 93ഉം വിജയിച്ചത് പാകിസ്ഥാനാണ്. 59 വിജയമാണ് ലങ്കന്‍ ലയണ്‍സിന്റെ പേരിലുള്ളത്. നാല് മത്സരങ്ങള്‍ ഫലമില്ലാതെ അവസാനിച്ചപ്പോള്‍ ഒരെണ്ണം ടൈയിലും പിരിഞ്ഞു.
Content Highlight: PAK vs SL 1st ODI: Salman Ali Agha scored century