ന്യൂദൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലെ പാകിസ്ഥാൻ പൗരന്മാർ തിരികെ പാകിസ്ഥാനിലേക്ക് മടങ്ങണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിർദേശത്തിനെതിരെ ആറംഗ കുടുംബത്തിന്റെ ഹരജിക്ക് പിന്നാലെ രേഖകൾ പരിശോധിക്കാൻ നിർദേശിച്ച് സുപ്രീം കോടതി.
ഹര്‍ജിക്കാരുടെ രേഖകള്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാം. അതുവരെ കുടുംബത്തിനെതിരെ കടുത്ത നടപടികള്‍ പാടില്ലെന്നും സുപ്രീംകോടതി നിർദേശിച്ചു.
തങ്ങളുടെ കൈവശം ഇന്ത്യൻ പാസ്‌പോർട്ടുകളും ആധാർ കാർഡുകളും ഉണ്ടെന്ന് ഹരജിക്കാരൻ സുപ്രീം കോടതിയോട് പറഞ്ഞു. തുടർന്ന് ഹരജിക്കാരന്റെ കൈവശമുള്ള രേഖകൾ പരിശോധിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരുടേതായിരുന്നു ഉത്തരവ്.
ഹരജിക്കാരന് ഹാജരായ അഭിഭാഷകൻ നന്ദ കിഷോർ, അവർ ഇന്ത്യൻ പൗരന്മാരാണെന്നും പാസ്‌പോർട്ടുകളും ആധാർ കാർഡുകളും ഉണ്ടെന്നും വാദിച്ചു. കുടുംബത്തിലെ രണ്ട് പേർ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നുണ്ടെന്നും മാതാപിതാക്കളും സഹോദരിമാരും, ശ്രീനഗറിലാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറിലെ കുടുംബാംഗങ്ങളെ ഒരു ജീപ്പിൽ വാഗാ അതിർത്തിയിലേക്ക് കൊണ്ടുപോയി എന്നും അവർ രാജ്യത്ത് നിന്ന് പുറത്താക്കപ്പെടുന്നതിന്റെ വക്കിലാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
കുടുംബത്തിലെ മുതിർന്ന വ്യക്തി 1987 ൽ ഇന്ത്യയിലേക്ക് വന്നതാണെന്ന് അഭിഭാഷകൻ പറഞ്ഞു. തുടർന്ന് കോടതി ഹരജിക്കാർ ആദ്യം ബന്ധപ്പെട്ട അധികാരികളെ സമീപിക്കണമെന്നും അതുവഴി അവരുടെ അവകാശവാദങ്ങൾ പരിശോധിക്കാൻ കഴിയുമെന്നും പറഞ്ഞു.
തുടർന്ന് അധികാരികളുടെ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഹരജിക്കാർക്കെതിരെ നിർബന്ധിത നടപടി ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചു.
ഏപ്രില്‍ 22നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. ഇതിനുമറുപടിയെന്നോണം പാകിസ്ഥാൻ വ്യോമപാതകള്‍ അടച്ചിരുന്നു. പാകിസ്ഥാൻ വ്യോമാതിര്‍ത്തി അടച്ച് ആറുദിവസത്തിന് ശേഷമാണ് ഇന്ത്യ വ്യോമാതിര്‍ത്തി അടയ്ക്കുന്നത്.
26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിലുള്‍പ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പിന്നാല കടുത്ത നടപടികളാണ് പാകിസ്ഥാനെതിരെ ഇന്ത്യ കൈക്കൊണ്ടത്. പാകിസ്ഥാൻ പൗരന്മാരെ തിരിച്ചയക്കുന്നത് ഉൾപ്പടെ എട്ട് സുപ്രധാന തീരുമാനങ്ങളായിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ചത്.
Content Highlight: Pahalgam Terror Attack : Supreme Court Asks Centre To Verify Citizenship Claims Of A Family Facing Deportation To Pakistan