| Wednesday, 23rd April 2025, 12:39 pm

പഹല്‍ഗാമിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ ഓഫീസ് അറിയിച്ചു.

പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. നിസാരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവരവരുടെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച വൈദ്യസഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ തങ്ങള്‍ പങ്കുചേരുന്നുവെന്നും ഈ ഇരുണ്ട മണിക്കൂറില്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പറഞ്ഞു.

‘ഭീകരത ഒരിക്കലും ഞങ്ങളുടെ ദൃഢനിശ്ചയത്തെ തകര്‍ക്കില്ല. ഈ ക്രൂരതയ്ക്ക് പിന്നിലുള്ളവരെ നീതിയുടെ മുന്നില്‍ കൊണ്ടുവരുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല. പഹല്‍ഗാമിലെ താഴ്വരയില്‍ നിന്ന് ഞങ്ങളുടെ അതിഥികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത് കാണുന്നത് ഹൃദയഭേദകമാണ്.

എന്നാല്‍ പലായനത്തിന് പിന്നിലെ കാരണം ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. ശ്രീനഗറിനും ജമ്മുവിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂര്‍ണമായും സ്വതന്ത്രമായ സഞ്ചാരം അനുവദിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. എല്ലാവരും ഞങ്ങളുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഒമര്‍ അബ്ദുല്ല സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

ഇതിനിടെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു. ഭീകരതയെ തങ്ങള്‍ എതിര്‍ക്കുന്നുവെന്ന് പാകിസ്ഥാന്‍ പ്രതിരോധ വകുപ്പ് മന്ത്രി ഖവാജ ആസിഫ് പറഞ്ഞു.

ഇന്ത്യ തന്നെ തങ്ങളുടെ രാജ്യത്തിനുള്ളില്‍ അസ്വസ്ഥ വളര്‍ത്തുകയാണെന്നും പാക് പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി. ഇതിനുപുറമെ പ്രത്യാക്രമണം മുന്നില്‍ക്കണ്ട് നിയന്ത്രണ രേഖകളിലെ ഗ്രാമങ്ങളില്‍ നിന്ന് ഒഴിയാന്‍ പാകിസ്ഥാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

നിലവില്‍ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ബാരാമുള്ളയില്‍ നുഴഞ്ഞുകയറിയ നാല് ഭീകരരെ വധിച്ചതായും പ്രദേശത്ത് നിന്ന് വന്‍ ആയുധ ശേഖരം കണ്ടെത്തിയതായും സൈന്യം അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണെന്ന സൂചനാ റിപ്പോര്‍ട്ടുകളുമുണ്ട്. ആക്രമണത്തില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ (ചൊവ്വ) ഉച്ചയോടെയുണ്ടായ ആക്രമണത്തില്‍ 29 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു.

Content Highlight: Pahalgam terror attack: State government announces financial assistance to families of those killed

We use cookies to give you the best possible experience. Learn more