| Wednesday, 23rd April 2025, 8:32 pm

പഹല്‍ഗാം ഭീകരാക്രമണം; മലയാളിയായ എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തില്‍ സുഹൃത്തുക്കളും പൊതുപ്രവര്‍ത്തകരുമെല്ലാം അന്ത്യോമപചാരം അര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.

മന്ത്രി പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ഹൈബി ഈഡന്‍ എം.പി, എറണാകുളം കലക്ടടര്‍ എന്‍.എസ്.കെ. ഉമേഷ് കുമാര്‍ എന്നിവരും പൊതുദര്‍ശനം നടക്കുന്ന സ്ഥലത്ത് ഉണ്ട്.

പൊതുദര്‍ശനത്തിന് ശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരം മോര്‍ച്ചറിയിലേക്ക് മാറ്റും. വെള്ളിയാഴ്ച്ചയാണ് സംസ്‌കാരം നടക്കുക. ഇടപ്പള്ളിയിലെ പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിക്കുക.

ഇന്നലെയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദയാത്രക്കാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രാമചന്ദ്രന്‍ കൊല്ലപ്പെട്ടത്.

കൊച്ചി ഇടപ്പള്ളി സ്വദേശിയായ എന്‍.രാമചന്ദ്രന്‍ (65) മകള്‍ക്കും ഭാര്യക്കും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് ഇന്നലെ കശ്മീരിലെത്തിയത്.  ഹൈദരാബാദ് വഴിയാണ് ഇവര്‍ കശ്മീരിലേക്ക് പോയത്.

മകള്‍ ദുബായിലാണ് ജോലി ചെയ്തിരുന്നത്. അവധിക്കാലമായതിനാല്‍ നാട്ടിലെത്തിയതായിരുന്നു മകളും കുടുംബവും. മകളുടെ മുമ്പില്‍ വെച്ച് പേര് ചോദിച്ചതിന് ശേഷമാണ് രാമചന്ദ്രനെ ആക്രമിച്ചതെന്നാണ് രാമചന്ദ്രന്റെ ബന്ധുക്കള്‍ പറയുന്നത്.

ദീര്‍ഘകാലമായി ദുബായില്‍ ജോലി ചെയ്യുകയായിരുന്നു രാമചന്ദ്രന്‍. നാട്ടിലെ പൊതുപ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു.

Content Highlight: Pahalgam terror attack; N. Ramachandran’s body brings back to Kerala

We use cookies to give you the best possible experience. Learn more