| Wednesday, 23rd April 2025, 5:04 pm

പഹല്‍ഗാം ഭീകരാക്രമണം; പത്രത്തിന്റെ ആദ്യ പേജ് കറുപ്പാക്കിയും തെരുവിലിറങ്ങിയും കശ്മീരി ജനത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ തെരുവിലിറങ്ങി കശ്മീരി ജനത. ഭീകരാക്രമണം കശ്മീരി ജനതയെ ലജ്ജ കൊണ്ട് തല കുനിപ്പിച്ചുവെന്നും ആക്രമണം നടത്തിയവര്‍ മനുഷ്യര്‍ അല്ല മൃഗങ്ങള്‍ ആണെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു.

ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ബന്ദിനെത്തുടര്‍ന്ന് 35 വര്‍ഷത്തിന് ശേഷം ആദ്യമായി കശ്മീര്‍ ഇന്ന് പൂര്‍ണമായും സ്തംഭിച്ചു. പഹല്‍ഗാമിലെ മാര്‍ക്കറ്റുകള്‍ പൂര്‍ണമായും അടച്ചിട്ടാണ് പ്രദേശവാസികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഇന്നലെത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ വിനോദസഞ്ചാരികള്‍ക്ക് കുതിരസവാരി നല്‍കിയിരുന്ന സയ്യിദ് ആദില്‍ ഹുസൈന്‍ ഷായും ഉള്‍പ്പെട്ടിട്ടുണ്ട്. കൊലയാളികളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹുസൈന്‍ ഷാ വെടിയേറ്റ് മരിച്ചത്.

ഹോട്ടലുടമകളും ഇന്ന് പഹല്‍ഗാമില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ‘ഹിന്ദുസ്ഥാന്‍ സിന്ദാബാദ്’, ‘ഞാന്‍ ഇന്ത്യക്കാരനാണ്’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കടയുടമകളും ഹോട്ടലുടമകളും ഇന്ന് പഹല്‍ഗാമില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതിന് പുറമെ പഹല്‍ഗാമില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികള്‍ക്ക് 15 ദിവസത്തേക്ക് സൗജന്യ താമസം ഉള്‍പ്പെടെയുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും ഹോട്ടലുടമകള്‍ അറിയിച്ചിട്ടുണ്ട്.

ഹോട്ടലുടമയായ ആസിഫ് ബര്‍സ ഭീകരാക്രമണത്തെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം എന്നാണ് വിശേഷിപ്പിച്ചത്. അപമാനത്താല്‍ തങ്ങളുടെ തല കുനിഞ്ഞ് പോകുന്നു എന്നും ആസിഫ് ബര്‍സ പ്രതികരിച്ചു. ‘അവര്‍ ചെയ്ത തെറ്റ് എന്താണ്? അവര്‍ ഇവിടെ യാത്ര ചെയ്യാന്‍ വന്നു. ഞങ്ങള്‍ അവരുടെ കുടുംബങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

കശ്മീരി ജനതയ്ക്ക് പുറമെ മാധ്യമപ്രവര്‍ത്തകരും തങ്ങളുടേതായ രീതിയില്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. കശ്മീരിലെ പല പ്രമുഖ പത്രങ്ങളും ഇന്ന് ആദ്യ പേജ് പ്രസിദ്ധീകരിച്ചത് കറുപ്പ് നിറത്തോടെയാണ്. തലക്കെട്ടുകളാകട്ടെ മിക്കതും രക്തത്തിന്റെ നിറമായ ചുവപ്പ് നിറത്തിലായിരുന്നു.

ഭീകരാക്രമണത്തിനെതിരെ സൈന്യം തിരിച്ചടിക്കുമ്പോള്‍ തങ്ങളും അവരോട് പൂര്‍ണമായി ഒപ്പമുണ്ടെന്നും കശ്മീരി ജനത മാധ്യങ്ങളോട് പ്രതികരിച്ചു. സൈന്യത്തിന് ആവശ്യമുണ്ടെങ്കില്‍ തങ്ങള്‍ പൂര്‍ണമായും സൈന്യത്തോടൊപ്പമുണ്ടെന്നും കശ്മീരി ജനത പറഞ്ഞു. ‘ ഞങ്ങളുടെ ഉള്ളില്‍ മുറിവേറ്റിട്ടുണ്ട്. ഞങ്ങളും മനുഷ്യരാണ്. ഇത് പണത്തെക്കുറിച്ചോ ബിസിനസ്സിനെക്കുറിച്ചോ അല്ല. മറിച്ച് മനുഷ്യത്വത്തെക്കുറിച്ചാണ്,’ ഒരു പ്രതിഷേധക്കാരന്‍ പറഞ്ഞു.

Content Highlight: Pahalgam terror attack; Kashmiri people blacken newspaper front page and take to streets

We use cookies to give you the best possible experience. Learn more