ലഖ്‌നൗ: കര്‍ഷക നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ വക്താവുമായ രാകേഷ് ടിക്കായത്തിനെതിരെ ആക്രമണം. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തി മടങ്ങവെയാണ് അദ്ദേഹത്തിനെതിരെ ഹിന്ദുത്വ വാദികളുടെ ആക്രമണം ഉണ്ടായത്.
മുസാഫര്‍നഗറിലെ ടൗണ്‍ ഹാളില്‍ പാകിസ്ഥാനെതിരെ പൊതുജന റാലി സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ടിക്കായത്ത്.
ആക്രമികള്‍ കൊണ്ടുവന്ന കൊടി കെട്ടിയ വടി ഉപയോഗിച്ചാണ് അദ്ദേഹത്തെ മര്‍ദിക്കാന്‍ ശ്രമിച്ചത്. സംഘര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ തലപ്പാവ് ഊരിപ്പോവുകയും ചെയ്തു. സ്ഥിതി കൂടുതല്‍ വഷളായപ്പോള്‍ പൊലീസിന്റെ സഹായത്തോടെയാണ് അദ്ദേഹത്തെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
പഹല്‍ഗാം ആക്രമണത്തെ സംബന്ധിച്ച് ടിക്കായത്തിന്റെ പ്രസ്താവനയാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ ആഭ്യന്തര ഗൂഢാലോചനയുണ്ടാകാമെന്ന് ടിക്കായത്ത് സൂചിപ്പിച്ചിരുന്നു. ഇതാണ് ഹിന്ദുത്വ വാദികളെ പ്രകോപിപ്പിച്ചത്. ‘പഹല്‍ഗാം ആക്രമണത്തില്‍ നിന്ന് ആര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്? കള്ളന്‍ പാകിസ്ഥാനിലല്ല, നിങ്ങളില്‍ തന്നെയുണ്ട്. ആരാണോ ഹിന്ദു-മുസ്‌ലിം സംഘര്‍ഷം ഉണ്ടാക്കുന്നത് അവര്‍ക്കതിന്റെ ഉത്തരം അറിയാം,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ടിക്കായത്തിന്റെ പ്രസ്താവന പാകിസ്ഥാനെ സഹായിക്കുന്നതാണെന്നാണ് ഹിന്ദുത്വ വാദികളുടെ വാദം. അതേസമയം പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച കര്‍ഷക സമരനേതാവായ നരേഷ് ടിക്കായത്തിനെതിരെയും ബി.ജെ.പി വിദ്വേഷ പ്രചരണം നടത്തിയിരുന്നു. ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) പ്രസിഡന്റാണ് നരേഷ് ടിക്കായത്ത്. കര്‍ഷക നേതാവ് ഇന്ത്യയ്ക്കെതിരെയാണ് നിലകൊള്ളുന്നതെന്ന് കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരോപിച്ചിരുന്നു.
പഹല്‍ഗാം ആക്രമണത്തെ അപലപിച്ച ടിക്കായത്ത് മോദി സര്‍ക്കാര്‍ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കരുതായിരുന്നുവെന്നും അത് അയല്‍രാജ്യമായ പാകിസ്ഥാനിലെ സാധാരണക്കാരെ, പ്രത്യേകിച്ച് കര്‍ഷകരെ ബാധിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഭീകരാക്രമണത്തെ അപലപിക്കുകയും അതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ബി.ജെ.പി വിദ്വേഷ പ്രചാരണവുമായെത്തിയത്.
Content Highlight: Pahalgam terror attack: Hindutva activists attack farmer leader Rakesh Tikait, alleging internal conspiracy