പഹല്‍ഗാമില്‍ ഇരുപത്തിനാല് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍, ഒരു നേപ്പാളി വിനോദസഞ്ചാരി, പ്രദേശവാസിയും കുതിരസ്സവാരി ഓപ്പറേറ്ററും ആയ കശ്മീര്‍ സ്വദേശി, എന്നിവരുള്‍പ്പെടെ ഇരുപത്തിയാറ് പേരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണത്തിന് ശേഷം സംഭവബഹുലമായ മൂന്ന് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു.
സിന്ധു നദീജലം പങ്കിടല്‍ സംബന്ധിച്ച് 1960 മുതല്‍ നിലവില്‍ വന്ന കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള വിവാദപരമായ തീരുമാനം ഉള്‍പ്പെടെ പാകിസ്ഥാനെതിരെ നിരവധി നടപടികള്‍ ഇന്ത്യ ആദ്യം പ്രഖ്യാപിച്ചു. ഇന്ത്യ-പാക് ഉഭയകക്ഷി കാര്യങ്ങളില്‍ മൂന്നാം കക്ഷി ഇടപെടല്‍ ഒഴിവാക്കിയ 1972 ലെ ചരിത്രപരമായ സിംല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതുള്‍പ്പെടെ നിരവധി പ്രതികാര നടപടികളുമായി പാകിസ്ഥാന്‍ പ്രതികരിച്ചു.
രണ്ടാഴ്ചയ്ക്ക് ശേഷം, പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ സൈനിക പ്രതികാരം ആരംഭിച്ചു. പാകിസ്ഥാന്‍ ഭാഗത്തു നിന്ന് പ്രതികാര നടപടികളുണ്ടായതോടെ, സംഘര്‍ഷം മറ്റൊരു പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീഷണി സംജാതമായി.
പഹല്‍ഗാം ഭീകരാക്രമണത്തിന് മൂന്ന് ആഴ്ചകള്‍ക്കുശേഷം, ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങള്‍ നാം നേരിടുന്നു.
ആണവശക്തിയുള്ള രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള വളര്‍ന്നുവരുന്ന സൈനിക പോരാട്ടത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ലോകം മുഴുവന്‍ ആശങ്കാകുലരായപ്പോള്‍, ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നു. ‘അമേരിക്കന്‍ മദ്ധ്യസ്ഥതയുടെ ഒരു നീണ്ട രാത്രി’ യുടെ ഫലമാണെന്ന് അതിനെ വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത പങ്കുവെച്ചു. ഇന്ത്യയും പാകിസ്ഥാനും ഔദ്യോഗികമായി പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് മുമ്പ് ആയിരുന്നു അത്.
രണ്ട് ദിവസത്തിന് ശേഷം പ്രധാനമന്ത്രി മോദി വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ സൈനിക പ്രതികരണത്തിലെ ജാഗ്രത ഓര്‍മ്മിപ്പിച്ച് കൊണ്ട്, സോപാധികമായും താല്‍ക്കാലികമായും അത് നിര്‍ത്തിവച്ചതായി വിശദീകരണം ഉണ്ടായി. പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ ഹതാശമായ അഭ്യര്‍ത്ഥനയും പരിഗണിച്ചതായി ഇതിന് കാരണമായി മോദി പറഞ്ഞു.
എന്നാല്‍ മോദിയുടെ പ്രസംഗത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ്, അമേരിക്കന്‍ ഇടപെടലിലൂടെയാണ് വെടിനിര്‍ത്തല്‍ നേടിയതെന്നും അന്താരാഷ്ട്ര വ്യാപാരത്തില്‍ അമേരിക്കയുടെ ശക്തി ഉപയോഗിച്ചാണ് ഇത് ചെയ്തതെന്നും പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചു. മോദിയുടെ പ്രസംഗത്തിനുശേഷം, സൗദി അറേബ്യ സന്ദര്‍ശന വേളയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും പ്രധാനമന്ത്രിമാരെ ‘ഒരു നല്ല അത്താഴത്തിന്’ ക്ഷണിക്കാനുള്ള തന്റെ വാഗ്ദാനത്തോടൊപ്പം ട്രംപ് വീണ്ടും തന്റെ അവകാശവാദം ആവര്‍ത്തിച്ചു.
നരേന്ദ്ര മോദി
പഹല്‍ഗാം ഭീകരാക്രമണത്തിന് മൂന്ന് ആഴ്ചകള്‍ക്കുശേഷം, ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങള്‍ നാം നേരിടുന്നു. ഈ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ രണ്ട് പ്രധാന പ്രസംഗങ്ങള്‍ ആണ് മോദി നടത്തിയത്. ബീഹാറിലെ മധുബാനിയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് നടത്തിയ ആദ്യ പ്രസംഗത്തില്‍, ഭീകരതയ്ക്ക് നേതൃത്വം നല്‍കുന്നവരെ ഭൂമിയുടെ അറ്റം വരെ പിന്തുടരാനുള്ള തന്റെ സര്‍ക്കാരിന്റെ ദൃഢനിശ്ചയം അദ്ദേഹം പ്രഖ്യാപിച്ചു.
ഇപ്പോള്‍ വെടിനിര്‍ത്തലിന് ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍, അദ്ദേഹത്തിന്റെ എല്ലാ വാചാടോപപരമായ വീരവാദങ്ങള്‍ക്കിടയിലും, മൗനങ്ങള്‍ വാദങ്ങളെക്കാള്‍ ഉച്ചത്തില്‍ മുഴങ്ങുകയായിരുന്നു. സര്‍ക്കാരിന്റെ സ്വന്തം പ്രഖ്യാപനങ്ങള്‍ അനുസരിച്ച്, ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു, ഇപ്പോള്‍ നീതി നടപ്പാക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
എന്നാല്‍ പാകിസ്ഥാനിലെ നിരവധി ഭീകര ക്യാമ്പുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും നിരവധി ‘കൊടും തീവ്രവാദികളെ’ ഇല്ലാതാക്കി എന്നും പറയപ്പെടുമ്പോള്‍ പോലും, പഹല്‍ഗാം കൂട്ടക്കൊലയിലെ കുറ്റവാളികളെക്കുറിച്ച് നമുക്ക് ഒന്നും അറിയില്ല.
ട്രംപും മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥരും ഉന്നയിക്കുന്ന അവകാശവാദങ്ങളെക്കുറിച്ച് മോദി വ്യക്തമായ മൗനം പാലിക്കുന്നു. അദ്ദേഹത്തിന്റെ മൗനം അമേരിക്കന്‍ അവകാശവാദങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുകയാണ്.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലോ ഇന്ത്യ-പാക് ഉഭയകക്ഷി കാര്യങ്ങളിലോ അമേരിക്കന്‍ ഇടപെടലിനെ ഇന്ത്യ മുന്‍കാലങ്ങളില്‍ എപ്പോഴും എതിര്‍ത്തിരുന്നു. 1972-ലെ സിംല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട്, കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര മദ്ധ്യസ്ഥതയ്ക്ക് തുറന്നുകൊടുക്കാനുള്ള ഉദ്ദേശ്യം പാകിസ്ഥാന്‍ വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു. മദ്ധ്യസ്ഥത വഹിക്കാനുള്ള പുതുക്കിയ വാഗ്ദാനവുമായി ട്രംപ് ഇടപെട്ടതും വേഗത്തില്‍ ആയിരുന്നു.
യുഎസ്-ഇസ്രായേല്‍ അച്ചുതണ്ടിനെ ഇന്ത്യ ആശ്രയിക്കുന്നത് അനുദിനം വളരുമ്പോഴും, മേഖലയില്‍ ഇന്ത്യ കൂടുതല്‍ ഒറ്റപ്പെടിക്കൊണ്ടിരിക്കുമ്പോള്‍, അമേരിക്കന്‍ ഇടപെടലിന്റെ വര്‍ദ്ധിച്ചുവരുന്ന സൂചനകളെയും അവകാശവാദങ്ങളെയും കുറിച്ചുള്ള മോദിയുടെ മൗനം ഇന്ത്യയുടെ വിദേശനയത്തിന്റെ ഭാവിയെക്കുറിച്ച് ആത്മവിശ്വാസമോ, വ്യക്തതയോ നല്‍കുന്ന ഒന്നല്ല.
റഷ്യയുടെ ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, മോദി ഒരു മഹത്തായ ഫോര്‍മുലേഷന്‍ കൊണ്ടുവന്നു: ഇത് യുദ്ധത്തിന്റെ യുഗമല്ല. ഇപ്പോള്‍ വെടിനിര്‍ത്തലിനുശേഷം, ആ ഫോര്‍മുലേഷനിലേക്ക് മടങ്ങാന്‍ അദ്ദേഹം ബുദ്ധപൂര്‍ണ്ണിമയുടെ സന്ദര്‍ഭം തിരഞ്ഞെടുത്തു: ഇത് യുദ്ധത്തിന്റെയോ ഭീകരതയുടെയോ യുഗമല്ല. ഓപ്പറേഷന്‍ സിന്ദൂരിലൂടെ, തന്റെ സര്‍ക്കാര്‍ ഭീകരതയ്ക്കെതിരെ ധീരവും നിര്‍ണ്ണായകവുമായ ഒരു പ്രസ്താവന നടത്തിയെന്ന് നാം ധരിക്കണം എന്നാണ് മോദി ആഗ്രഹിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍, അഭ്യാസത്തിന്റെ സൈനിക ബാലന്‍സ് ഷീറ്റ് പോലും വ്യക്തമായ വിജയത്തെ സൂചിപ്പിക്കുന്നില്ല. നഷ്ടങ്ങള്‍ പോരാട്ടത്തിന്റെ ഭാഗമാണെന്നും പോരാട്ടം യഥാര്‍ത്ഥത്തില്‍ അവസാനിക്കുമ്പോള്‍ അത് കണക്കാക്കുമെന്നും ഇന്ത്യയുടെ സൈനിക സ്ഥാപനം നമ്മോട് പറയുന്നു.
നമ്മുടെ പൈലറ്റുമാര്‍ എല്ലാവരും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയതായി ജനങ്ങളെ അറിയിച്ചപ്പോഴും, ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതായ റിപ്പോര്‍ട്ടുകളെ ക്കുറിച്ച് വ്യക്തതയില്ല. എന്തായാലും, നയതന്ത്രപരമായ ഓപ്ഷനുകള്‍ തളര്‍ത്താതെ ഒരു രാജ്യം യുദ്ധത്തിലേക്ക് തിടുക്കം കൂട്ടരുതെന്ന് ഈ ഓപ്പറേഷന്‍ നമ്മെ വീണ്ടും പഠിപ്പിച്ചു.
കറാച്ചിയും ലാഹോറും പിടിച്ചെടുത്തുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മാദ്ധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഒരു വെടിനിര്‍ത്തലിന്റെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടേണ്ടി വന്നിരിക്കുന്നു.
ഇനി മുതല്‍ എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും യുദ്ധമായി കണക്കാക്കുമെന്നാണ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞത്. യുദ്ധവും ഭീകരതയും തമ്മില്‍ ലയിപ്പിക്കുന്ന ഒരു സാമാന്യവല്‍ക്കരണം യുദ്ധസമാനമായ ഒരു സ്ഥിരം സാഹചര്യത്തിലേക്ക് ഇന്ത്യയെയും പാകിസ്ഥാനെയും നയിക്കുകയേയുള്ളൂ.
കൂടാതെ ഓപ്പറേഷന്‍ സിന്ദൂര്‍ മുതല്‍ വെടിനിര്‍ത്തല്‍ വരെയുള്ള സംഭവങ്ങളുടെ ശൃംഖല തെളിയിച്ചതുപോലെ, അത്തരമൊരു സാഹചര്യം ഉപഭൂഖണ്ഡത്തെ യു.എസ്-ചൈന ഏറ്റുമുട്ടലിന്റെ ഒരു വിപുലീകൃത വേദിയാക്കി മാറ്റുകയേയുള്ളൂ.
ഭീകരതയുടെയും യുദ്ധത്തിന്റെയും ഇരട്ട ഭീഷണികളെ മറികടക്കാനും, യു.എസ്-ചൈന ഏറ്റുമുട്ടലിന്റെ തന്ത്രപരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് ഉപഭൂഖണ്ഡത്തെ സ്വതന്ത്രമാക്കി നിലനിര്‍ത്താനുമായി മേഖലയില്‍ ശാശ്വത സമാധാനത്തിനും ഉഭയകക്ഷി ധാരണയും സഹകരണവും മെച്ചപ്പെടുത്താനും ആണ് ഇന്ത്യയും പാകിസ്ഥാനും പ്രവര്‍ത്തിക്കേണ്ടിവരുന്നത്.
എന്നാല്‍ ഇപ്പോള്‍, അഭ്യാസത്തിന്റെ സൈനിക ബാലന്‍സ് ഷീറ്റ് പോലും വ്യക്തമായ വിജയത്തെ സൂചിപ്പിക്കുന്നില്ല.
സംഭവങ്ങളുടെ പുതിയ വഴിത്തിരിവില്‍ പ്രകോപിതരായ സംഘി ട്രോള്‍ സൈന്യം വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയെയും കുടുംബത്തെയും ലക്ഷ്യം വച്ചുകൊണ്ട് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടാന്‍ നിര്‍ബന്ധിതരാക്കി, സ്വന്തം മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളുടെ ഈ അധിക്ഷേപകരമായ ട്രോളിംഗിനെ അപലപിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു.
വിക്രം മിശ്രി / സോഫിയ ഖുറേഷി
മദ്ധ്യപ്രദേശിലെ ബി.ജെ.പി മന്ത്രി കുന്‍വര്‍ വിജയ് ഷാ കേണല്‍ സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന് വിളിച്ച് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തി. യുദ്ധഭ്രാന്തും വര്‍ഗീയ വിഷവും അധിക്ഷേപകരമായ ട്രോളിംഗിന് മാത്രമല്ല, കശ്മീരി ജനതയ്ക്കും കുടിയേറ്റ മുസ്ലീം തൊഴിലാളികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്കും കാരണമാകുന്നു. പൗരസമ്മേളനങ്ങളെയും സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള മാര്‍ച്ചുകളെയും ബി.ജെ.പി ഗുണ്ടകള്‍ ആക്രമിക്കുകയാണ്.
കുന്‍വര്‍ വിജയ് ഷാ
മോദി സര്‍ക്കാരിന്റെ മഹത്തായ ആഗോളനിലയും ശക്തിയും എന്ന് വിളിക്കപ്പെടുന്ന മിഥ്യാധാരണകള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ തകര്‍ന്നടിയുമ്പോള്‍, നിരാശരായ സംഘ് ബ്രിഗേഡും ഭക്തസേനയും വരും ദിവസങ്ങളില്‍ കൂടുതല്‍ വര്‍ഗീയ വിഷവും അക്രമവും അഴിച്ചുവിടുന്നതിലൂടെ അവരുടെ കോപം പുറത്തുവിടാന്‍ സാദ്ധ്യതയുണ്ട്.
എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷമുള്ള ഈ പിരിമുറുക്കം നിറഞ്ഞ ദിവസങ്ങള്‍, ഐക്യത്തോടെയും ശാന്തമായ ദൃഢനിശ്ചയത്തോടെയും വെല്ലുവിളികളെ നേരിടാനുള്ള ജനങ്ങളുടെ ശക്തിയുടെയും ധൈര്യത്തിന്റെയും മതിയായ സൂചനകള്‍ നമുക്ക് കാണിച്ചുതന്നു.
ഭീകരതയെയും വിനോദസഞ്ചാരികള്‍ക്കെതിരായ ഹീനമായ ആക്രമണങ്ങളെയും അസന്ദിഗ്ധമായി അപലപിക്കാന്‍ കശ്മീരിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത് നാം കണ്ടു. ഹിമാന്‍ഷി നര്‍വാള്‍ സമാധാനത്തോടെ നീതി ആവശ്യപ്പെടുന്നതും ഭീകരതയ്ക്ക് പ്രതികാരം ചെയ്യുന്നതിനായി കശ്മീരികളെയും മുസ്ലീങ്ങളെയും ലക്ഷ്യമിടുന്നതിനെതിരെ അഭ്യര്‍ത്ഥിക്കുന്നതും നാം കേട്ടു.
ഹിമാന്‍ഷി നര്‍വാള്‍
നൈനിറ്റാളിലെ തെരുവുകളില്‍ അക്രമാസക്തരായ വിദ്വേഷം നിറഞ്ഞ ഒരു ജനക്കൂട്ടത്തെ ഷൈല നേഗി നേരിട്ടത് പ്രചോദനാത്മകമായ ധൈര്യത്തോടെയും വ്യക്തതയോടെയും ആയിരുന്നുവെന്നും നമ്മള്‍ കണ്ടു.
നമ്മുടെ പൈലറ്റുമാര്‍ എല്ലാവരും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയതായി ജനങ്ങളെ അറിയിച്ചപ്പോഴും, ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതായ റിപ്പോര്‍ട്ടുകളെ ക്കുറിച്ച് വ്യക്തതയില്ല.
നിലവിലെ പ്രതിസന്ധിയെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നതിനും സര്‍ക്കാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്ന മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുന്നതിനും പാര്‍ലമെന്റിന്റെ അടിയന്തര പ്രത്യേക സമ്മേളനം വിളിക്കണമെന്ന് മുഴുവന്‍ പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിലും ഓപ്പറേഷന്‍ സിന്ദൂരിലും പാകിസ്ഥാന്‍ പ്രതികാര നടപടികളിലും നമുക്ക് നഷ്ടപ്പെട്ടത് സാധാരണക്കാരുടെയും സൈനികരുടെയും ജീവന്‍ ആണെന്ന സത്യം നാം അംഗീകരിക്കേണ്ടതുണ്ട്. മരണങ്ങള്‍ക്ക് ഭരണകൂടം നഷ്ടപരിഹാരം നല്‍കുകയും, അന്നദാതാക്കളെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുകയും വേണം.
ഇത്രയും നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്തിയ വിദ്വേഷത്തിന്റെയും നുണകളുടെയും മാദ്ധ്യമങ്ങളിലെ പ്രചാരകര്‍ക്കെതിരെ നടപടിയെടുക്കണം. വെറുപ്പിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയവും, പീഡനത്തിന്റെയും വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നതിന്റെയും നയങ്ങളും അവസാനിപ്പിക്കണം.
ജൂലൈ 9 ന്, തൊഴിലാളിവര്‍ഗത്തിന്മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഇന്ത്യയിലെ ഐക്യ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ഒരു ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കോര്‍പ്പറേറ്റ് കൃഷി ഏറ്റെടുക്കുന്നതിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ കര്‍ഷകരെ പിന്തുണച്ചതുപോലെ, തൊഴില്‍ അവകാശങ്ങള്‍ക്കായുള്ള ഈ പോരാട്ടത്തില്‍ തൊഴിലാളിവര്‍ഗത്തെ നമ്മുടെ എല്ലാ ശക്തിയോടെയും പിന്തുണയ്ക്കാം.
ദേശീയതയുടെ സ്പിരിറ്റും ദേശീയ ഐക്യത്തിനായുള്ള ആശങ്കയും ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനും അവരുടെ ന്യായമായ ജനാധിപത്യ പോരാട്ടങ്ങളെ തടയുന്നതിനുമുള്ള ഒരു പുകമറയായി ഉപയോഗിക്കരുത് .
ഇന്ത്യയുടെ സംയോജിത സംസ്‌കാരം, ഭരണഘടനാപരമായ നിയമവാഴ്ച, ജനങ്ങള്‍ക്ക് അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതിന് അനുകൂലമായ ഒരു അന്തരീക്ഷം എന്നിവയിലൂടെയാണ് ദേശീയ സുരക്ഷ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്നത്
Content highlights: Pahalgam, Operation Sindoor, ceasefire; Questions awaiting answers; Dipankar Bhattacharya writes