ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ നടന്ന ഭീകരാക്രമണ കേസില്‍ ചൈനയുടെ സഹായം തേടി ഇന്ത്യ.
ആക്രമണത്തിനായി ഭീകരര്‍ ഉപയോഗിച്ച അത്യാധുനിക ഗോ പ്രോ ക്യാമറയുടെ ഉറവിടം കണ്ടെത്താനായി ചൈനീസ് അധികൃതരുടെ സഹായം തേടാന്‍ എന്‍.ഐ.എ പ്രത്യേക കോടതി ഉത്തരവിട്ടു.
വിദേശ രാജ്യങ്ങളിലെ നീതിന്യായ വകുപ്പിനോട് ഔദ്യോഗികമായി സഹായം അഭ്യര്‍ത്ഥിക്കുന്ന ലെറ്റര്‍ റോഗേറ്ററി’ ചൈനയ്ക്ക് അയക്കാനാണ് കോടതി നിര്‍ദേശിച്ചത്.
ഭീകരാക്രമണത്തിന് മുന്നോടിയായി പ്രദേശം നിരീക്ഷിക്കാനും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനും ഭീകരര്‍ ഉപയോഗിച്ച ‘ഗോപ്രോ ഹീറോ 12 ബ്ലാക്ക്’ ക്യാമറ എന്‍.ഐ.എ പിടിച്ചെടുത്തിരുന്നു.
ഈ ക്യാമറയുടെ സീരിയല്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഇത് ചൈനയിലെ ഡോംഗുവാമിലുള്ള എ.ഇ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന വിതരണക്കാരനാണ് നല്‍കിയതെന്ന് നിര്‍മാതാക്കളായ ഗോപ്രോ കമ്പനി സ്ഥിരീകരിച്ചു.
2024 ജനുവരി 30-ന് ചൈനയില്‍ വെച്ചാണ് ഈ ഉപകരണം ആദ്യമായി പ്രവര്‍ത്തിപ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
ക്യാമറയുടെ വിതരണ ശൃംഖലയെക്കുറിച്ചും ഇത് വാങ്ങിയ വ്യക്തിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ ചൈനീസ് അധികൃതരുടെ സഹായം ആവിശ്യമാണെന്ന് എന്‍.ഐ.എ ഡി.ഐ.ജി സന്ദീപ് ചൗധരി കോടതിയെ അറിയിക്കുകയായിരുന്നു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 112-ാം വകുപ്പ് പ്രകാരമാണ് വിദേശ സഹായത്തിനായി എന്‍.ഐ.എ അപേക്ഷ നല്‍കിയത്.
ഇന്ത്യയും ചൈനയും തമ്മില്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതില്‍ നേരിട്ടുള്ള കരാറുകള്‍ നിലവില്ലെങ്കിലും ഇരു രാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര കുറ്റകൃത്യ വിരുദ്ധ ഉടമ്പടി പ്രകാരം സഹായം തേടാമെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ ഭീകരരുടെ നീക്കങ്ങളും ആസൂത്രണവും തെളിയിക്കാന്‍ ഈ ക്യാമറയിലെ വിവരങ്ങള്‍ കോടതിയില്‍ സുപ്രധാന രേഖയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഈ നടപടിക്ക് ഇതിനോടകം അംഗീകാരം നല്‍കിയിട്ടുണ്ട്.
Content Highlight: Pahalgam attack probe: NIA court seeks China’s help to trace camera linked to terror case