| Tuesday, 1st July 2025, 5:33 pm

പഹല്‍ഗാം ആക്രമണം സാമ്പത്തിക യുദ്ധത്തിന്റെ ഭാഗം; ഭീകരരെ ഇനി പ്രോക്‌സികളായി കാണില്ല; എസ്. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം സാമ്പത്തിക യുദ്ധത്തിന്റെ ഭാഗമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. കശ്മീരിലെ ടൂറിസത്തെ തകര്‍ക്കാനുള്ള നീക്കമാണ് പഹല്‍ഗാമിലുണ്ടായതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ന്യൂസ് വീക്ക് സി.ഇ.ഒ ദേവ് പ്രഗാദുമായി നടത്തിയ സംഭാഷണത്തിനിടെയാണ് എസ്. ജയശങ്കറിന്റെ പരാമര്‍ശം.

പാകിസ്ഥാനില്‍ നിന്ന് നിരവധി തവണ ഇന്ത്യ ഭീകരാക്രമണങ്ങള്‍ നേരിട്ടുണ്ട്. എന്നാല്‍ പഹല്‍ഗാമില്‍ ആക്രമണമുണ്ടായതിന് ശേഷം ‘സഹിച്ചത് മതി, ഇത്രയൊക്കെ മതി’ എന്ന ചിന്ത രാജ്യത്ത് വ്യാപകമായി ഉണ്ടായിരുന്നുവെന്നും എസ്. ജയശങ്കര്‍ പറഞ്ഞു. പാകിസ്ഥാനില്‍ നിന്നുള്ള ഭീകരതയെ പ്രതിരോധിക്കുന്നത് തടയാന്‍ ആണവ ഭീഷണിയെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീര്‍ പ്രധാനപ്പെട്ട ഒരു സമ്പദ് വ്യവസ്ഥയാണെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. അതിനെ തകര്‍ക്കാന്‍ മതപരമായ അക്രമം സൃഷ്ടിക്കുക എന്നത് സാമ്പത്തിക യുദ്ധത്തിന്റെ മറ്റൊരു ഉദ്ദേശമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദികള്‍ ഇന്ത്യക്കെതിരെ രഹസ്യമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

‘ഭീകരര്‍ക്ക് ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. ഇനി അവരെ പ്രോക്‌സികളായി കൈകാര്യം ചെയ്യില്ല. ഭീകരരെ പിന്തുണയ്ക്കുകയും സാമ്പത്തിക സഹായം നല്‍കുകയും പലവിധത്തില്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാരിനെയും വെറുതെ വിടില്ല,’ എസ്. ജയശങ്കര്‍ വ്യക്തമാക്കി.

ഭീകരത എല്ലാവര്‍ക്കും ഭീഷണിയാണെന്നും ഒരു രാജ്യവും തങ്ങളുടെ നയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഭീകരതയെ ഉപകരണമാക്കരുതെന്നും ഇന്ത്യ വിശ്വസിക്കുന്നു. എന്തെന്നാല്‍ അവസാനമത് എല്ലാവരെയും കടിച്ചുകീറാന്‍ മടങ്ങിവരുമെന്നും ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യും. ആണവ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ വഴങ്ങില്ല. രാജ്യത്ത് അതിക്രമിച്ചെത്തി ആക്രമണം നടത്തുന്നവര്‍ എവിടെയാണോ ഉള്ളത് അവിടെയെത്തി തിരിച്ചടിക്കുമെന്നും എസ്. ജയശങ്കര്‍ പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് വിദേശകാര്യമന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നത്.

ഏപ്രില്‍ 22ന് പഹല്‍ഗാം പട്ടണത്തിനടുത്തുള്ള ബൈസരനില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഗ്രൂപ്പായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു.

Content Highlight: Pahalgam attack part of economic warfare; S. Jaishankar

We use cookies to give you the best possible experience. Learn more