| Saturday, 26th April 2025, 1:30 pm

പഹല്‍ഗാം ആക്രമണം; അന്താരാഷ്ട്ര സഹകരണത്തോടെ സ്വതന്ത്രമായ അന്വേഷണത്തിന് തയ്യാറെന്ന് പാകിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സ്വതന്ത്രമായ അന്വേഷണത്തിന് തയ്യാറാണെന്ന് പാകിസ്ഥാന്‍. അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണം വേണമെന്നാണ് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളുടെ ഉദ്യാഗസ്ഥരുമായി പൂര്‍ണമായി സഹകരിച്ച്
പ്രവര്‍ത്തിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്നും പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. ഒരു അമേരിക്കന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു തെളിവോ അന്വേഷണവുമില്ലാതെയാണ് ഇന്ത്യ പാകിസ്ഥാനെ ശിക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചതെന്നും ഖ്വാജ ആസിഫ് അഭിമുഖത്തിനിടെ ആരോപിച്ചു. ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കാരണം യുദ്ധമുണ്ടാവുന്നത് ഈ മേഖലയ്ക്ക് താങ്ങില്ലെന്നും ഖ്വാജ ആസിഫ് കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാമില്‍ നടന്ന ഭീക്രരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യ ആരോപിച്ചെങ്കിലും പാകിസ്ഥാന്‍ ഇത് നിഷേധിക്കുകയായിരുന്നു. ഏപ്രില്‍ 22ന് ഉച്ചയോടെയാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്രതലത്തില്‍ നിരോധിക്കപ്പെട്ട പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇസ്‌ലാമാബാദ് ഈ ആരോപണത്തെ നിഷേധിക്കുകയാണുണ്ടായത്.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകളായ ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുടെ ഒരു മുന്നണിയാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.

എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം ഖ്വാജ ആസിഫ് നിഷേധിച്ചു. ലഷ്‌കര്‍-ഇ-തൊയ്ബ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പാകിസ്ഥാന്റെ നിയന്ത്രിത പ്രദേശത്ത് നിന്ന് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനോ നടത്താനോ അവര്‍ക്ക് കഴിവില്ലെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ക്ക് പാകിസ്ഥാനില്‍ ഒരു വിധത്തിലുള്ള സജ്ജീകരണവുമില്ലെന്നും ലഷ്‌കര്‍ ആ തൊയ്ബയിലെ അവശേഷിക്കുന്ന ആളുകളെല്ലാം തന്നെ ഒന്നുകില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും ചിലര്‍ വീട്ടുതടങ്കലിലും മറ്റു ചിലര്‍ കസ്റ്റഡിയിലാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

അതേസമയം ഇന്നലെ (വെള്ളിയാഴ്ച്ച) സ്‌കൈ ന്യൂസിന് അനുവദിച്ച് മറ്റൊരു അഭിമുഖത്തില്‍ ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് പാകിസ്ഥാന്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് ഖ്വാജ ആസിഫ് സമ്മതിച്ചിരുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ധനസഹായവും പിന്തുണയും നല്‍കിയെന്നും അമേരിക്കക്ക് വേണ്ടിയാണ് കഴിഞ്ഞ 30 വര്‍ഷമായി ഈ ജോലി ചെയ്തതെന്നും ഖ്വാജ ആസിഫ് വെളിപ്പെടുത്തുകയുണ്ടായി.

അമേരിക്കയ്ക്കും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ വൃത്തികെട്ട പ്രവൃത്തി ചെയ്തതെന്നായിരുന്നു ഖ്വാജ ആസിഫിന്റെ പ്രതികരണം. അത് പാകിസ്ഥാന് പറ്റിയ ഒരു തെറ്റായിരുന്നെന്നും പാക് പ്രതിരോധ മന്ത്രി സമ്മതിച്ചിരുന്നു. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 9/11 ന് ശേഷമുള്ള യുദ്ധത്തിലും തങ്ങള്‍ ചേര്‍ന്നില്ലായിരുന്നുവെങ്കില്‍, പാകിസ്ഥാന്റെ ട്രാക്ക് റെക്കോര്‍ഡ് കുറ്റമറ്റതാകുമായിരുന്നെന്നും സ്‌കൈ ന്യൂസിനോട് ഖ്വാജ ആസിഫ് പറഞ്ഞിരുന്നു.

Content Highlight: Pahalgam attack; Pakistan says ready for independent investigation with international cooperation

We use cookies to give you the best possible experience. Learn more