| Saturday, 10th October 2026, 6:27 pm

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: അറസ്റ്റിലായവരെ മോചിപ്പിച്ചില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹമെന്ന് സോനം വാങ്ചുക്

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ അറസ്റ്റിലായ നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ താന്‍ നിരാഹാരസത്യാഗ്രഹം നടത്തുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സോനം വാങ്ചുക് പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച വാങ്ചുകിന് ദല്‍ഹിയില്‍ നേരിട്ടെത്താന്‍ സാധിച്ചിരുന്നില്ല. പ്രസ്ഥാനത്തിന് നേതൃത്വം നല്‍കാന്‍ നിരവധി നേതാക്കള്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടായിരുന്നുവെന്നും എന്നാല്‍ അവരെയെല്ലാം അറസ്റ്റ് ചെയ്തതായി അറിഞ്ഞുവെന്നും വാങ്ചുക് പറഞ്ഞു.

‘ഇന്നത്തെ പ്രതിഷേധത്തില്‍ ഐക്യത്തിനും സമാധാനത്തിനും വേണ്ടി അഭ്യര്‍ഥിച്ചുകൊണ്ട് ഞാന്‍ ഇന്നലെ സന്ദേശം പങ്കുവെച്ചപ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് കീഴിലാകുമെന്ന് ഒരിക്കലും കരുതിയില്ല’, അദ്ദേഹം പറഞ്ഞു.

പൊലീസ് അറസ്റ്റ് ചെയ്ത നേതാക്കളെ ഉടന്‍ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 24 മണിക്കൂറിനകം അവരെ വിട്ടയച്ചില്ലെങ്കില്‍ താന്‍ സമരത്തിനറങ്ങുമെന്ന് വാങ്ചുക് പറഞ്ഞു.

‘ഞായറാഴ്ചയ്ക്കകം അറസ്റ്റിലായ നേതാക്കളെ മോചിപ്പിച്ചില്ലെങ്കില്‍ നിരാഹാര സമരം നടത്തുന്നതിനെക്കുറിച്ചോ പദയാത്ര ആരംഭിക്കുന്നതിനെക്കുറിച്ചോ ആലോചിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും’, അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മഞ്ഞുകാലത്തേക്ക് ജലസുരക്ഷ ഉറപ്പാക്കുന്നതിനും മറ്റ് തയ്യാറെടപ്പുകള്‍ നടത്താനുമുള്ളതിനാല്‍ ദല്‍ഹിയിലെ പ്രതിഷേധത്തില്‍ പങ്കെടുക്കാനാകില്ല എന്ന് വാങ്ചുക് വെള്ളിയാഴ്ച പറഞ്ഞിരുന്നു.

Content Highlight: ‘Padyatra or anshan’: Sonam Wangchuk’s warning if leaders detained in Delhi not released by tomorrow.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more