| Thursday, 28th May 2026, 2:43 pm

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം: സുരക്ഷ ലംഘിക്കുന്നത്‌ ആദിത്യവര്‍മയുടെ അടുപ്പക്കാക്കാരെന്ന്‌ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ സുരക്ഷ ലംഘിക്കുന്നത് കവടിയാര്‍ കൊട്ടാരത്തിലെ നിത്യ സന്ദര്‍ശകരാണെന്നും ഇവര്‍ ആദിത്യവര്‍മയുടെ അടുപ്പക്കാരാണെന്നും ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായി മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഗുരുതര വീഴ്ചകളുണ്ടായെന്നും സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കാണാതായെന്നും പോലീസ് മേധാവിക്കുവേണ്ടി എസ്. ശ്രീജിത്ത് ഐ.പി.എസ് സര്‍ക്കാരിന് സമര്‍പ്പിച്ച പ്രത്യേക റിപ്പോര്‍ട്ടിലുള്ളതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. ഇന്റലിജന്‍സ് എ.ഡി.ജി.പി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടെന്നും ഇത് സംബന്ധിച്ച വാര്‍ത്തകളില്‍ പറയുന്നു.

ക്ഷേത്രത്തിലെത്തുന്ന സന്ദര്‍ശകര്‍ കാണിക്കയായി സമര്‍പിച്ച സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമാണ് കാണാതായതെന്നാണ് വിവരം. രാജ കുടുംബവുമായി ബന്ധമുള്ളവര്‍ ക്ഷേത്രത്തില്‍ കടക്കുന്നതിനുള്ള സുരക്ഷാ പരിശോധന മറികടക്കുന്നതായും കണ്ടെത്തലുണ്ട്.

കവടിയാര്‍ കൊട്ടാരത്തിലുള്ളവരും ബന്ധുക്കളും മാത്രം ഉപയോഗിക്കുന്ന വഴിയിലൂടെ മറ്റുള്ളവര്‍ ക്ഷേത്രത്തില്‍ കടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാനമാനങ്ങള്‍ നോക്കാതെ സുരക്ഷാ പരിശോധന വേണമെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുള്ളതായാണ് വിവരം.

അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയത്. ഈ മാസം 15ന് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സമര്‍പിച്ചിട്ടുള്ളത്.

Content Highlight: Padmanabha Swami Temple Gold Issue: People Close to Adithya Varma reportedly named in Police report

Latest Stories

We use cookies to give you the best possible experience. Learn more