| Saturday, 19th July 2025, 11:55 am

ഒരു കൈയബദ്ധം; കര്‍ക്കടകം മാറി ആശംസിച്ച രാജീവ് ചന്ദ്രശേഖറിനെതിരായ പോസ്റ്റിന് ലൈക്കടിച്ച് പത്മജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കര്‍ക്കടക ആരംഭം മാറി ആശംസ നേര്‍ന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരായ പോസ്റ്റിന് ലൈക്കടിച്ച് പത്മജ വേണുഗോപാല്‍. രാജീവ് ചന്ദ്രശേഖറിന് പറ്റിയ അമളി ചൂണ്ടിക്കാട്ടിയ വാര്‍ത്ത പോസ്റ്റിനാണ് പത്മജ വേണുഗോപാല്‍ ലൈക്കടിച്ചത്.

എന്നാല്‍ ലൈക്ക് മനപ്പൂര്‍വം അടിച്ചതല്ലെന്നും അറിയാതെ സംഭവിച്ചത് പോയതാണെന്നാണ് പത്മജയുടെ വിശദീകരണം. സുഹൃത്ത് വിളിച്ച് പറഞ്ഞപ്പോഴാണ് ലൈക്ക് ചെയ്ത കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും പത്മജ പറഞ്ഞു.

രാമായണമാസത്തിന് ആരംഭം കുറിച്ച് ഇന്ന് കര്‍ക്കിടകം ഒന്ന് എന്ന രീതിയില്‍ രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഹാപ്പി രാമായണ എന്ന് തലക്കെട്ടില്‍ ജൂലായ് 16 എന്ന് ഡേറ്റിട്ട ഒരു പോസ്റ്റും ഇതിനൊപ്പം പങ്കുവെച്ചിരുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജൂലായ് 17നായിരുന്നു കര്‍ക്കടകം ആരംഭിച്ചത്. ബി.ജെ.പി അധ്യക്ഷന് അമളി പറ്റിയെന്നറിഞ്ഞതോടെ നിരവധി പേര്‍ അതിനെ പരിഹസിച്ചും തിരുത്തിയും രംഗത്ത് എത്തിയിരുന്നു.

‘രാമായണത്തിന്റെ പുണ്യം നുകര്‍ന്ന് പ്രാര്‍ഥനയും പാരായണവുമായി ഇനി ഒരു മാസം. ഈ പുണ്യമാസം എല്ലാ വീടുകളിലും അനുഗ്രഹങ്ങളും സമൃദ്ധിയും നിറയ്ക്കട്ടെ,’ എന്നും പോസ്റ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ അമളി മനസിലായതോടെ പോസ്റ്റ് പിന്‍വലിച്ച അദ്ദേഹം പിറ്റേദിവസം ‘യഥാര്‍ത്ഥ’ കര്‍ക്കിട ആരംഭത്തില്‍ ഈ പോസ്റ്റ് വീണ്ടും പങ്കുവെച്ചിരുന്നു.

Content Highlight: Padmaja likes post against Rajeev Chandrasekhar related to Karkkidakam

We use cookies to give you the best possible experience. Learn more