തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പ്രഖ്യാപിച്ച രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പത്മവിഭൂഷണ്‍ സ്വീകരിക്കുന്ന വിഷയത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്ന് കുടുംബം.
പത്മവിഭൂഷണ്‍ ലഭിച്ചത് വലിയ ആദരമായി കാണുന്നുവെന്നും എന്നാല്‍ ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വി.എസിന്റെയും അദ്ദേഹം വിശ്വസിച്ചിരുന്ന പ്രസ്ഥാനത്തിന്റെയും ആദര്‍ശത്തിനൊപ്പം നില്‍ക്കുമെന്നും വി.എസിന്റെ മകന്‍ വി.എ. അരുണ്‍ കുമാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുത്. ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന സ്‌നേഹവായ്പുകള്‍ക്ക് നന്ദിയെന്നും അരുണ്‍ കുമാര്‍ കുറിച്ചു.
പുരസ്‌കാരം സ്വീകരിക്കില്ലെന്ന നിലപാട് ഇല്ലെന്നും പാര്‍ട്ടി തീരുമാനിക്കുന്നതാണ് കുടുംബത്തിന്റെയും തീരുമാനമെന്നും അതിനായി കാത്തിരിക്കുകയാണെന്നും അരുണ്‍ കുമാര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് അരുണ്‍ കുമാര്‍ നടത്തിയ പ്രതികരണവും ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പത്മ പുരസ്‌കാരം ലഭിച്ചതിനെ സ്വാഗതം ചെയ്തിരുന്നു.
മുമ്പ് സി.പി.ഐ.എം നേതാക്കള്‍ പത്മ പുരസ്‌കാരങ്ങള്‍ നിരസിച്ചത് അവരുടെ വ്യക്തിപരമായ തീരുമാനമായിരുന്നെന്നും വി.എസിന്റെ കുടുംബം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അക്കാര്യത്തില്‍ പാര്‍ട്ടിയും സന്തുഷ്ടരാണെന്നും ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.
വി.എ അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ ‘പത്മവിഭൂഷണ്‍’ അന്തരിച്ച എന്റെ പിതാവ് വി.എസ്. അച്യുതാനന്ദന് നല്‍കാന്‍ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു.
ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസ്സിനോട് ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും എന്നും ഞങ്ങള്‍ക്ക് വലിയ കരുത്താണ്. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.
എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം.
വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന സ്‌നേഹവായ്പുകള്‍ക്ക് നന്ദി.
Content Highlight: Padma Bhushan for VS Achudanadan: VA Arun Kumar’s stand