തിരുവനന്തപുരം: കാസര്‍ഗോഡ് ആര്‍.എസ്.എസ് ബന്ധമുള്ള സ്‌കൂളില്‍ അധ്യാപകരുടെ കാല്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് കഴുകിച്ച സംഭവത്തെ ന്യായീകരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.
ഗുരുപൂജ നമ്മുടെ സംസ്‌കാരമാണെന്നും ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ ഏത് സംസ്‌കാരത്തില്‍ നിന്നാണ് വരുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്‌കാരത്തെ മറക്കുന്നത് നമ്മുടെ ആത്മാവിനെ മറക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബന്തടുക്ക കാക്കച്ചാല്‍ സരസ്വതി വിദ്യാലയത്തില്‍ വെച്ചാണ് വിവാദ പാദപൂജ നടന്നത്. ഗുരുപൂര്‍ണിമ ദിനത്തില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് 30 റിട്ടയേര്‍ഡ് അധ്യാപകരുടെ കാല്‍ കഴുകിക്കുകയായിരുന്നു. രക്ഷിതാക്കളടക്കം പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് രക്ഷിതാക്കള്‍ക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷമായ വിമര്‍ശനം വിവിധ കോണുകളില്‍ നിന്ന് ഉയരുകയായിരുന്നു.
ഭാരതീയ വിദ്യാനികേതന്റെ കീഴിലാണ് ബന്തടുക്ക സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ബന്തടുക്ക സ്‌കൂളില്‍ സമാനമായ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ കെ.എസ്.യു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Content Highlight: Pada Puja controversy at Kasargod; Governor Arlekhar says Guru Puja is our culture