ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ പത്തിന് ജന്തര്‍ മന്തറില്‍ നടത്തുന്ന് പ്രതിഷേധത്തിന് മുന്നോടിയായി ദല്‍ഹി പൊലീസിന് മുന്നറിയിപ്പ് നല്‍കി സി.ജെ.പി കോ-കണ്‍വീനര്‍ സൗരവ് ദാസ്. സി.ജെ.പി, ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.എസ്.എ.പി എന്നീ സംഘടനകള്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സൗരവ് ദാസ്.
ദല്‍ഹിയില്‍ വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിക്കണമെന്നും പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി ഔദ്യോഗികമായി ഇതിനെ സംബന്ധിച്ച് കത്ത് കൈമാറിയിട്ടുണ്ടെന്നും സൗരവ് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
‘കോക്രോച്ച് ജനതാ പാര്‍ട്ടിയും രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള യുവാക്കള്‍ ഉള്‍പ്പെട്ട ‘കോക്രോച്ചുകളും ഒക്ടോബര്‍ പത്തിന് ജന്തര്‍ മന്തറില്‍ ഒത്തുചേരുമെന്ന് ദല്‍ഹി പോലീസിനെ അറിയിച്ചിട്ടുണ്ട്. നിയമവും ക്രമസമാധാനവും ഉറപ്പാക്കാനും ഞങ്ങളോട് സഹകരിക്കാനും ആവശ്യമായ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഞങ്ങള്‍ നല്‍കിയിട്ടുണ്ട്’, സൗരവ് ദാസ് പറഞ്ഞു.
സമരത്തിന് വരുന്നവരോട് അതൊരു നീണ്ട രാത്രിയാവുമെന്നും ബാഗുകള്‍ പാക്ക് ചെയ്യുവാനും സൗരവ് ആഹ്വാനം ചെയ്തു.
ഗ്യാനേഷ് കുമാര്‍ രാജി വെച്ചാല്‍ മാത്രം സമരം അവസാനിപ്പിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നത് വരെ പിന്മാറില്ലെന്നും സൗരവ് ദാസ് പറഞ്ഞു. എസ്,ഐ.ആര്‍ നടപടികള്‍ മരവിപ്പിക്കണമെന്നും അതിനിടയില്‍ നടന്ന നിയമവിരുദ്ധമായ തീരുമാങ്ങളില്‍ അന്വേഷണം നടത്തണമെന്നും സൗരവ് ദാസ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ബി.ജെ.പിയെ ഉപേക്ഷിക്കേണ്ട സമയമായെന്നും എസ്.ഐ.ആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബി.ജെ.പി ഒത്തുകളിക്കുകയാണെന്നും ഐസ പ്രസിഡന്റ് നേഹ ബോറ പറഞ്ഞു. വിദ്യാര്‍ഥി സംഘടനകളും ഇന്ത്യാസഖ്യവുമെല്ലാം ഇക്കാര്യത്തില്‍ ഒരേ വശത്താണെന്നും മറുവശത്ത് ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും മാത്രമാണെന്ന് നേഹ ബോറ പറഞ്ഞു.
‘ഒക്ടോബര്‍ പത്തിലെ സമരാഹ്വാനം ഒരു സംഘടനയുടേതല്ല, മറിച്ച് ഇന്ത്യലെ ജനങ്ങള്‍ ബി.ജെ.പിയ്‌ക്കെതിരെ നടത്തുന്ന സമരാഹ്വാനമാണ്. കഴിഞ്ഞ തവണ എല്ലാവരും ഒരേ നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍ ഒരു ക്യാബിനറ്റ് മന്ത്രി രാജിവെച്ചു. ഇത്തവണ അത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കും’, നേഹ ബോറ കൂട്ടിച്ചേര്‍ത്തു.
Content Highlight: ‘Pack your bags, will be long fight’: CJP’s Saurav Das intimates Delhi police about Oct 10 protest at Jantar Mantar against CEC.