| Sunday, 8th November 2026, 6:30 pm

2014 ലോകകപ്പ് ഫൈനലിൽ അവനെ ഇടിച്ചുവീഴ്ത്തിയിട്ടും അർജന്റീനക്ക് പെനാൽറ്റി നൽകിയില്ല: തുറന്നുപറഞ്ഞ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

2014 ലോകകപ്പ് ഫൈനലിലെ റഫറിയുടെ ചില തീരുമാനങ്ങൾ മത്സരത്തിന്റെ ഫലത്തെ ബാധിച്ചുവെന്ന് മുൻ അർജന്റൈൻ താരം പാബ്ലോ സബലേറ്റ. മത്സരത്തിൽ റഫറി ജർമൻ താരമായ ബെനഡിക്ട് ഹൊവെഡിസിന് റഫറി റെഡ് കാർഡ് നൽകണമെന്നായിരുന്നു സബലേറ്റ പറഞ്ഞത്.

ചുവപ്പ് കാർഡ് നൽകിയിരുന്നെങ്കിൽ മത്സരത്തിന്റെ ഫലം മറ്റൊന്നായി മാറിയേനെയെന്നും മുൻ അർജന്റൈൻ താരം വ്യക്തമാക്കി. ഓൾ എബൗട്ട് അർജന്റീനക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സബലേറ്റ.

‘അതെ അത് തീർച്ചയായും ചുവപ്പ് കാർഡ് നൽകേണ്ടിയിരുന്ന ഒരു ഫൗളായിരുന്നു. ഹോവെഡെസ് നടത്തിയ ആ ടാക്കിളിനെ കുറിച്ച് അന്ന് റഫറി എന്താണ് ചിന്തിച്ചതെന്ന് എനിക്കറിയില്ല. അത് അമിതമായി ഇടപെടലായി അദ്ദേഹത്തിന് തോന്നിയില്ലായിരിക്കാം. കാരണം അദ്ദേഹം മഞ്ഞക്കാർഡ് മാത്രമാണ് നൽകിയത്. അന്ന് നിയമങ്ങൾ കുറച്ചുകൂടി വ്യത്യസ്തമായിരുന്നു. എന്നാൽ ഇന്ന് ഇത്തരം ടാക്കിളുകൾക്ക് നേരിട്ട് ചുവപ്പുകാർഡ് നൽകും. ജർമനിക്ക് 10 താരങ്ങളുമായി കളിക്കേണ്ടി വന്നിരുന്നെങ്കിൽ മത്സരത്തിന്റെ ഫലം തന്നെ മാറിയേനെ,’ പാബ്ലോ സബലേറ്റ പറഞ്ഞു.

മത്സരത്തിൽ മാനുവൽ ന്യൂയറും ഗോൺസാലോ ഹിഗ്വയ്നും തമ്മിലുണ്ടായ സംഭവത്തെക്കുറിച്ചും സബലേറ്റ സംസാരിച്ചു. ന്യൂയർ ഗോൾ പോസ്റ്റ് വിട്ട് പുറത്തേക്ക് വന്ന് ഹിഗ്വയ്നെ ഇടിച്ചു വീഴ്ത്തിയപ്പോൾ പെനാൽറ്റി നൽകിയില്ലെന്നാണ് സബലേറ്റ പറഞ്ഞത്.

‘പിന്നീട് മാനുവൽ ന്യൂയറും ഗോൺസാലോ ഹിഗ്വയ്നും തമ്മിലുള്ള മറ്റൊരു സംഭവം ഉണ്ടായി. ന്യൂയർ ഗോൾ പോസ്റ്റ് വിട്ട് പുറത്തേക്ക് വന്ന് ഹിഗ്വയ്നെ ഇടിച്ചു വീഴ്ത്തുകയും തലയിൽ ചവിട്ടുകയും ചെയ്തു. അത് കണ്ടപ്പോൾ ഞാൻ ചിന്തിച്ചത് ‘ അയ്യോ അത് വ്യക്തമായ പെനാൽറ്റി അല്ലേ? സംഭവം നടന്നത് പെനാൽറ്റി ബോക്സിനുള്ളിലുമാണ്’ എന്നായിരുന്നു. എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. ഒരു ലോകകപ്പ് ഫൈനലിൽ കളിക്കാൻ സാധിച്ചത് തന്നെ എന്റെ ജീവിതകാലം മുഴുവൻ ഞാൻ അഭിമാനത്തോടെ ഓർക്കുന്ന കാര്യമാണ്,’ സബലേറ്റ കൂട്ടിച്ചേർത്തു.

2014 ലോകകപ്പ് ഫൈനലിൽ ഇരുപകുതിയിലും രണ്ട് ടീമും ഗോളൊന്നുമടിക്കാതെ സമനിലയിൽ പിരിഞ്ഞപ്പോൾ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. മത്സരത്തിന്റെ 113ാം മിനിട്ടിൽ പകരക്കാരന്റെ റോളിലെത്തിയ മരിയോ ഗോട്‌സെയായിരുന്നു അർജന്റീനയുടെയും ലയണൽ മെസിയുടെയും ലോകകപ്പ് സ്വപ്നങ്ങളെ തകർത്തത്. ഈ ഗോളിലൂടെയായിരുന്നു ജർമനി നാലാം ലോക കിരീടം ചൂടിയത്.

എന്നാൽ എട്ട് വർഷങ്ങൾക്ക് ശേഷം 2022 ഖത്തർ ലോകകപ്പിൽ അർജന്റീന ലോകകപ്പിന്റെ നെറുകയിലെത്തി. 2022 ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ വീഴ്ത്തി അർജന്റീന ലോകത്തിന്റെ നെറുകയിലെത്തി. ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫൈനലുകളിൽ ഒന്നായി രേഖപ്പെടുത്തിയ 2022ൽ ഫ്രഞ്ച് പടയെ പെനാൽറ്റിയിൽ വീഴ്ത്തിയായിരുന്നു മെസിയും സംഘവും മൂന്നാം ലോക കിരീടം ചൂടിയത്.

2026 ലോകകപ്പിലും അർജന്റീന ഫൈനൽ വരെ മുന്നേറിയിരുന്നു. കലാശപ്പോരിൽ സ്പെയ്നിന് മുന്നിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വീണത്. ഇറ്റലിക്കും ബ്രസീലിനും ശേഷം ലോകകപ്പിൽ തുടർഭരണം നേടുന്ന മൂന്നാം രാജ്യമെന്ന നേട്ടം കൺമുന്നിലായിരുന്നു സ്പാനിഷ് പടയോട് പരാജയപ്പെട്ടതോടെ അർജന്റീനക്ക് നഷ്ടമായത്.

Content Highlight: Pablo Zabaleta talks referee’s decisions in the 2014 World Cup final affected the result

Latest Stories

We use cookies to give you the best possible experience. Learn more